Opinion

മുന്നാക്ക സാമ്പത്തിക സംവരണം, സംവരണത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നത്‌

സവർണ്ണ,മുന്നാക്ക വിഭാഗങ്ങൾ സംവരണത്തിലൂടെത്തന്നെ തങ്ങളുടെ സാമൂഹ്യാധീശത്വം തിരിച്ചുപിടിക്കാൻ നടത്തിയ ഏറ്റവും പുതിയ നീക്കമാണ് സാമ്പത്തിക സംവരണം

മുന്നാക്ക ജാതികളിലും ജാതി സംവരണേതര വിഭാഗങ്ങളിലും ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കെന്ന പേരിൽ 10% സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിയുടെ (103-ആം ഭേദഗതി) ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് അംഗീകരിച്ചതോടെ (3:2) സാമ്പത്തിക സംവരണം ഇന്ത്യയിൽ ഇനി ഏറെക്കാലത്തേക്ക് മാറ്റാൻ കഴിയാത്തവണ്ണം ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു. ചരിത്രപരമായ ജാതിവിവേചനത്തിന്റെയും മറ്റ് സാമൂഹ്യ പിന്നാക്കാവസ്ഥകളുടെയും കടുംകെട്ടുകളെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജാതി/ പിന്നാക്ക സമുദായ സംവരണം ഇന്ത്യയിൽ നടപ്പാക്കിയത്. എന്നാൽ ഏറെക്കാലമായി സംവരണം എന്ന ആശയത്തെത്തന്നെ നഷ്ടമാകുന്ന 'merit' / മികവിന്റെ നിലവിളിശബ്ദമിട്ട് എതിർത്തിരുന്ന സവർണ്ണ,മുന്നാക്ക വിഭാഗങ്ങൾ സംവരണത്തിലൂടെത്തന്നെ തങ്ങളുടെ സാമൂഹ്യാധീശത്വം തിരിച്ചുപിടിക്കാൻ നടത്തിയ ഏറ്റവും പുതിയ നീക്കമാണ് സാമ്പത്തിക സംവരണം.

സുപ്രീം കോടതി വിധിയിൽ 103-ആം ഭേദഗതിയെ പൂർണ്ണമായും ശരിവെച്ച മൂന്നു ജസ്റ്റിസുമാർക്കൊപ്പം വിയോജനവിധിയെഴുതിയ രണ്ടുപേരും സാമ്പത്തികസംവരണം എന്ന ആശയത്തെയും അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ സർക്കാരിന്റെ അധികാരത്തേയും ശരിവെക്കുന്നു. എന്നാൽ ഇത്തരത്തിലൊരു സംവരണത്തിൽ നിന്നും SEBC -Socially and economically backward classes -നെ (SC/ST/OBC) ഒഴിവാക്കുന്നത് ജാതി/സമുദായാടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും അത്തരത്തിലൊരു വിവേചനം/exclusion ഭരണഘടനാവിരുദ്ധവും അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നും അതുകൊണ്ട് 103-ആം ഭേദഗതി റദ്ദാക്കപ്പെടണമെന്നുമാണ് വിയോജന വിധി.

വിയോജനവിധി സാമ്പത്തിക സംവരണത്തെ അംഗീകരിക്കുന്നു. എന്നാൽ സാമ്പത്തികസംവരണം ജാത്യാടിസ്ഥാനത്തിലോ, സാമുദായികാടിസ്ഥാനത്തിലോ നിലവിലുള്ള സംവരണ വിഭാഗങ്ങളെ ഒഴിവാക്കുന്നതിലൂടെ നടപ്പാക്കുന്ന ജാതി/സമുദായ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമമാണെന്ന് പറയുന്നു. ഒപ്പം തന്നെ ഇന്ദിരാ സ്വാഹ്നി കേസിലെ 50% സംവരണ പരിധി മറികടക്കുന്ന സാമ്പത്തിക സംവരണത്തെയും വിയോജന വിധി അംഗീകരിക്കുന്നില്ല.

ഭൂരിപക്ഷ വിധി സംശയങ്ങളൊന്നുമില്ലാതെ സാമ്പത്തിക സംവരണത്തിന്റെ എല്ലാ യുക്തിയെയും അംഗീകരിക്കുന്നു. ഇന്ദിരാ സ്വാഹ്നി കേസിലെ 50% സംവരണ പരിധി അലംഘനീയമായ ഒന്നല്ലെന്നും കോടതി വ്യക്തമാക്കി. നിർദ്ദേശങ്ങളുടെയും നിരീക്ഷണങ്ങളുടെയും രൂപത്തിൽ സംവരണം ഇനിയും എത്ര നാൾ എന്നൊക്കെയുള്ള പതിവ് സവർണ്ണ പൊതുബോധ വ്യാകുലതകളും ഭൂരിപക്ഷ വിധിയിലെ മൂന്നു പ്രത്യേക വിധികളിൽ പങ്കുവെക്കുന്നുണ്ട്.

മുന്നാക്ക സാമ്പത്തിക സംവരണം എന്ന ആശയം സംവരണത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണ്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല ജാതി സംവരണം എന്നും അത് രാഷ്ട്രീയമായും സാമൂഹ്യമായും അടിച്ചമർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങൾക്കുള്ള ഭരണഘടനപദ്ധതിയാണെന്നുമുള്ള ആശയം പിടികിട്ടാത്തവരിൽ ഇടതുപക്ഷകക്ഷികൾ പോലുമുണ്ട് എന്നത് ജാതിപ്രശ്നത്തെ വായിച്ചെടുക്കുമ്പോൾ യാന്ത്രികമായ സാമ്പത്തികനിർണ്ണയവാദം കടന്നുവന്നതിന്റെ പ്രശ്നമാണ്. ബി ജെ പിയടക്കമുള്ള ഹിന്ദുത്വ/വലതുപക്ഷത്തിനാകട്ടെ അത് ജാതിവ്യവസ്ഥയുടെ സാമ്പ്രദായിക അധീശത്വത്തെ നിലനിർത്താനുള്ള ഒരു വഴിയുമാണ്.

കോർപ്പറേഷൻ പരിധിയിൽ അര ഏക്കറും നഗരസഭയിൽ 75 സെന്റും ഭൂമിയുള്ള മുന്നാക്ക വിഭാഗക്കാരൻ കേരളത്തിൽ ദരിദ്രനാണെന്ന് എന്ന സംവരണ മാനദണ്ഡം വെച്ചത് ഇടതുമുന്നണി സർക്കാരാണ്. കൊച്ചി കോർപ്പറേഷനിൽ 50 സെന്റ് ഭൂമിയുള്ള ദരിദ്രനെക്കുറിച്ചൊക്കെ ഓർത്താൽ ആർക്കാണ് സങ്കടം വരാത്തത്! വരുമാന സർട്ടിഫിക്കറ്റൊക്കെ സർക്കാർ ജോലിക്കാർക്കൊഴികെ ബാക്കി ഭൂരിപക്ഷത്തിനും ഏതുതരം വരുമാന പരിധിയിലും ഒപ്പിച്ചെടുക്കാവുന്ന ഒന്നാണെന്ന വാസ്തവം നിലനിൽക്കെ സവർണ്ണ/മുന്നാക്ക മത,സമുദായ സങ്കടഹർജികൾ അതിവേഗം തീർപ്പാക്കപ്പെടും.

ഇന്ത്യയിലെ വിദ്യാഭ്യാസ,തൊഴിൽ രംഗത്തെ വിഭവദാരിദ്ര്യത്തിനുള്ളിലുള്ള മത്സരത്തിൽ പരമാവധി മുതലെടുപ്പ് നടത്താനാണ് മിക്ക രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത്. അടിസ്ഥാനപരമായ വർഗാധിഷ്ഠിതമായ മുതലാളിത്തചൂഷണത്തിലെ വിഭവാവകാശ പ്രശ്നത്തെയോ ജാതിഉന്മൂലനത്തിന്റെ രാഷ്ട്രീയത്തെയോ ഏറ്റെടുക്കാനുള്ള കൗശലം നിറഞ്ഞ വിമുഖത പലതലങ്ങളിൽ പ്രകടിപ്പിക്കുന്ന രാഷ്ട്രീയകക്ഷികൾക്കെല്ലാം സുപ്രീം കോടതിയുടെ സാമ്പത്തിക സംവരണ വിധി ആശ്വാസം നൽകും. ഇന്ത്യൻ സമൂഹത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും അതേൽപ്പിക്കുന്ന ആഘാതം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വലതുപക്ഷവത്ക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്യും.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT