കര്‍ണാടകയില്‍ ഭരണത്തിലേറിയ ഉടന്‍ ടിപ്പു ജയന്തി ദിനാചരണം റദ്ദാക്കി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതേതുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഘോഷങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കി. ‘സംസ്ഥാനമെങ്ങും ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി നിരവധിയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്നു. ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ എതിരാണ്. സംഘര്‍ഷങ്ങളില്‍ ചിലര്‍ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായി. കൂടാതെ സര്‍ക്കാരിന്റെ ഖജനാവിന് വലിയ ബാധ്യതയാണ് ചടങ്ങുകള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ ജൂലൈ 30 മുതല്‍ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദാക്കുകയാണ്’. ഇങ്ങനെയാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അടിയന്തരമായി ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കുകയും ചെയ്തു. ആളുകള്‍ മരിക്കുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് യെദ്യൂരപ്പയുടെ വിശദീകരണം. ടിപ്പു ജയന്തി കൊടക് ജില്ലയില്‍ സാമുദായിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് കാണിച്ച് കെജി ബൊപ്പയ്യ എംഎല്‍എ കത്തുനല്‍കിയിരുന്നു. ഇതിന്‍മേലാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടിയാണിതെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. 3 വര്‍ഷം മുന്‍പ് താനാണ് ടിപ്പു ജയന്തി ആചരണത്തിന് തുടക്കമിട്ടത്. കര്‍ണാടകയിലെ ജനങ്ങള്‍ അത് സ്വീകരിച്ചതുമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ടിപ്പുസുല്‍ത്താന്‍ രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയാണ്. ചരിത്രപുരുഷനാണ് ടിപ്പു. അതിനാലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍, ജയന്തി ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടിപ്പു ന്യൂനപക്ഷ വിഭാഗക്കാരനായതിനാല്‍ ബിജെപി ആഘോഷങ്ങള്‍ റദ്ദാക്കുകയാണ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ ധ്രുവീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും ആരോപിച്ചു. ടിപ്പു ജയന്തി മോടിയോടെ ആഘോഷിക്കുമെന്നും ബിജെപിക്ക് അത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 2015 നവംബര്‍ 10 നാണ് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ടിപ്പു ജയന്തി ആദ്യമായി ആചരിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതേ ദിവസം പരിപാടികള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് ഇതിനെതിരെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ടായിരുന്നു. കൊടകിലുള്ള കോഡവ വിഭാഗക്കാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചയാളാണ് ടിപ്പുസുല്‍ത്താനെന്നായിരുന്നു ആര്‍എസ്എസ് ഉള്‍പ്പെടെ ഹിന്ദു സംഘടനകളുടെ പ്രചരണം. 2015 ലെ ടിപ്പു ജയന്തി ദിനത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം സര്‍ക്കാര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ജയന്തി ആചരണം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.