ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കനത്ത ഇടിവുണ്ടാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ലോകബാങ്ക് ആറ് ശതമാനമായി കുറച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജിഡിപി നിരക്കില്‍ കുറവ് വരുത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വേള്‍ഡ് ബാങ്ക് പ്രവചിച്ച 7.5 ശതമാനത്തില്‍ നിന്നാണ് 6 ആയി കുറച്ചത്. ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐഎംഎഫുമായി (അന്താരാഷ്ട്ര നാണയനിധി) ചേര്‍ന്നുള്ള വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷം 6.9 ശതമാനമായിരുന്നു ജിഡിപി.
മതിയായ മുന്നൊരുക്കങ്ങളില്ലാതെ നോട്ട് അസാധുവാക്കിയതും ജിഎസ്ടി നടപ്പാക്കിയതും പാളിച്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നഗരമേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ സമ്മര്‍ദ്ദവും സ്ഥിതി രൂക്ഷമാക്കിയെന്നും പരാമര്‍ശമുണ്ട്. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ചാ നിരക്കില്‍ കനത്ത ഇടിവുണ്ടാകുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. വ്യവസായ ഉത്പാദന നിരക്കില്‍ 6.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും കാര്‍ഷിക മേഖലയിലേത് 2.9 ശതമാനമായും സേവന മേഖലകളിലേത് 7.5 ശതമാനമായും ഇടിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അന്താരാഷ്ട്ര വിലയിരുത്തല്‍ ഏജന്‍സിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ചാ നിരക്ക് 58 ശതമാനമാക്കി കുറച്ചിരുന്നു. സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതല്‍ പ്രകടമാണെന്നും വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്നും നേരത്തേ ഐഎംഎഫും വ്യക്തമാക്കിയിരുന്നു. അതേസമയം വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാകുമെങ്കിലും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ തന്നെയാണ് ഇന്ത്യയുടേതെന്നായിരുന്നു ലോകബാങ്ക് ദക്ഷിണേഷ്യാ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞനായ ഹാന്‍സ് ടിമ്മറിന്റെ വാദം.