News n Views

ലഹരി ഉപയോഗം നിസ്സാരമായി കാണില്ലെന്ന് മന്ത്രി ബാലന്‍; സെറ്റുകളില്‍ പരിശോധന അപ്രായോഗികമെന്ന് ഫെഫ്ക; പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് അമ്മ

THE CUE

സിനിമാ ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗിത്തേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. നിര്‍മ്മാതാക്കള്‍ അതീവ ഗുരുതരമായിട്ടുള്ള ഒരു പ്രശ്‌നമാണ് പൊതു സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഷൂട്ടിങ് സെറ്റുകളും പരിശോധിക്കപ്പെടണമെന്നാണ് പറഞ്ഞത്. ആ രൂപത്തില്‍ തന്നെ സര്‍ക്കാര്‍ അത് പരിശോധിക്കും. ഉചിതമായ നടപടികള്‍ എടുക്കും. ഇത് നിസ്സാരമായി കാണാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

ആരോപണത്തേക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണം. സിനിമാമേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മ്മാണം നടത്തും.
എകെ ബാലന്‍

ഏതെങ്കിലും ഒരു വിഷയവുമായി ബന്ധപ്പെടുത്തി മാത്രമല്ല ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഒരു നടന്റെ പ്രശ്‌നത്തിലാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ന്നുവന്നത്. ഗുരുതരമായ ഈ ആരോപണം ആദ്യമേ തന്നെ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നു. അല്ലെങ്കില്‍ ഇവരുടെ സഹായത്തോടുകൂടിയാണ് ഇതെല്ലാം നടന്നതെന്ന് തെറ്റിദ്ധരിക്കും. അല്ലെങ്കില്‍ മൂകസാക്ഷികളായി, നിശ്ശബ്ദരായി നോക്കി നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. വൈകിയാണെങ്കിലും വിഷയം ഉയര്‍ത്തിക്കൊണ്ടു വന്ന സാഹചര്യത്തില്‍ ഇനി അതില്‍ നിന്ന് പിന്മാറാന്‍ പാടില്ല. അതുമായ ബന്ധപ്പെട്ട വ്യക്തമായി തെളിവുകളും പരാതികളും സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി ഫെഫ്ക രംഗത്തെത്തി.

നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണ്. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുന്നത് അപ്രായോഗികമാണ്.
ബി ഉണ്ണികൃഷ്ണന്‍

ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗം അമ്മ മുന്‍പേ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

അമ്മയുടെ ബൈലോ തിരുത്തലില്‍ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം ചേര്‍ത്തിരുന്നു. ലഹരി ഉപയോഗിച്ചോ മദ്യപിച്ചോ ഷൂട്ടിങ് സെറ്റുകളില്‍ എത്തരുതെന്ന പെരുമാറ്റച്ചട്ടം പാസായില്ല. തീര്‍ച്ചയായും അത് വീണ്ടും കൊണ്ടുവരും.
ഇടവേള ബാബു

മലയാള സിനിമയില്‍ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലൊക്കേഷനുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ കൂടി വരികയാണ്. നിര്‍മ്മാതാക്കളാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചിലര്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങില്ല. പലരും കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തുന്നില്ല. പരാതി പറഞ്ഞാല്‍ ഗൗനിക്കില്ല. ഇവര്‍ ആരും സുബോധത്തോടെയല്ല പെരുമാറുന്നത്. സെലിബ്രിറ്റികളെ മാറ്റി നിര്‍ത്തിക്കൊണ്ട് സാധാരണക്കാരെ മാത്രം അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയില്‍ പൊലീസ് ലഹരി പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റെന്നും കെഎഫ്പിഎ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT