News n Views

ഖാസിം സൊലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത് ട്രംപ് എന്ന് പെന്റഗണ്‍ ; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനള്‍ ഖാസിം സൊലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. ഇറാന്‍ നടപ്പാക്കുന്ന ആക്രമണ പദ്ധതികള്‍ തടയിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യോമാക്രമണം. മേഖലയിലെയും ഇറാഖിലെയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയെയും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ആക്രമിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയായിരുന്നു സൊലൈമാനിയെന്നും അതിനാലായിരുന്നു നടപടിയെന്നുമായിരുന്നു പെന്റഗണിന്റെ വിശദീകരണം. വെള്ളിയാഴ്ച രാവിലെ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സൊലൈമാനിയടക്കം ഏഴ് പേരെ യുഎസ് സൈന്യം വധിച്ചത്.

ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുകൂടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ മിസൈലാക്രമണം നടത്തുകയായിരുന്നു. അതേസമയം പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തി. അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമായ നടപടിയാണിതെന്നും എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഭീകരവാദമാണ് അമേരിക്കന്‍ നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഖാസിം സൊലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. ഇറാന്‍ ആത്മീയാചാര്യന്‍ അയത്തൊള്ള ഖൊമൈനിക്ക് നേരിട്ടാണ് ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൊലൈമാനിയുടെ വധം യുഎസ് ഇറാന്‍ ഇറാഖ് ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അമേരിക്കക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ഇറാന്റെ മിലിഷ്യ ഗ്രൂപ്പുകളില്‍ ആഹ്വാനമുയര്‍ന്നിട്ടുണ്ട്. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൊലൈമാനിയെ ഉന്നമിട്ടുള്ള ആക്രമണം. ഇതിന് ശേഷം ട്രംപ് വിശദീകരണങ്ങളൊന്നുമില്ലാതെ അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. അതേസമയം യുഎസ് ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബാരലിന് നാല് ശതമാനം വരെയാണ് വര്‍ധന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT