പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ മുസ്ലീമാകുമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദര്‍. ബില്‍ നിയമമാകുന്നതോടെ സ്വയം അഭയാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയിലില്‍ പോകുമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മന്ദര്‍ വ്യക്തമാക്കി. മുന്നോട്ട് വെയ്ക്കുന്നത് മതം മാറ്റമല്ല, ഇരകളോട് ഐക്യപ്പെടുന്നതിന്റെ രാഷ്ട്രീയമാണ്. ദേശീയ പൗരത്വ രജിസ്റ്ററിനായി രേഖകള്‍ ഹാജരാക്കില്ല. പൗരത്വം പിന്‍വലിക്കപ്പെടുന്നവര്‍ക്കും രേഖകളില്ലാതെ തടങ്കല്‍ പാളയത്തില്‍ കഴിയേണ്ടിവരുന്ന മുസ്ലീംകള്‍ക്കുമുള്ള അതേ ശിക്ഷ തനിക്കും ആവശ്യപ്പെടും. ഇന്ത്യക്കാര്‍ എന്ന നിലയില്‍ നാം വിശ്വസിക്കുന്നതെല്ലാം തകര്‍ക്കപ്പെടുകയാണെന്നും ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ ഔദ്യോഗികമായി തന്നെ മുസ്ലീമായി രജിസ്റ്റര്‍ ചെയ്യും. ഒരു മുസ്ലീം നേരിടേണ്ടി വരുന്ന ദുരിതങ്ങളും പ്രയാസങ്ങളും എന്തൊക്കെയാണോ അതെല്ലാം ഏറ്റുവാങ്ങും.ഹര്‍ഷ് മന്ദര്‍
രാഷ്ട്രീയവും നിയമപരവുമായ ചോദ്യങ്ങള്‍ ഒരു നിമിഷത്തേക്ക് മാറ്റിവെയ്ക്കാം. ദരിദ്രരായ ദശലക്ഷങ്ങളോട് കരുണയില്ലാതെ എന്തെല്ലാമാണ് ചെയ്യുന്നത്? അന്തമില്ലാത്ത തരത്തില്‍ ഒരു മഹാവിപത്ത് സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എങ്ങനെ കഴിയും. പൗരത്വബില്ലിലൂടെ മുസ്ലീംകള്‍ ഒഴികെയുള്ള മതവിഭാഗങ്ങളുടെ സ്വത്വം മാത്രം സംരക്ഷിക്കുന്നത് ബിജെപിയുടെ ആദ്യപടിയാണ്. അടുത്ത പടിയായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും. യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ മുസ്ലീംകള്‍ക്കായി മാത്രം ഒരു എന്‍ആര്‍സി നടപ്പാക്കുന്നു എന്നാണ് അര്‍ത്ഥം. ഇന്ത്യക്കാര്‍ എന്ന നിലയില്‍ നാം വിശ്വസിക്കുന്ന എല്ലാറ്റിനേയുമാണ് തകര്‍ക്കുന്നത്. പൗരത്വബില്‍ ഇന്ത്യാ വിഭജനകാലത്തെ ആശങ്കയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മന്ദര്‍ ചൂണ്ടിക്കാട്ടി.
ഒരു സിഖ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഒരു മതവിശ്വാസത്തേയും പിന്തുടരുന്നില്ലെങ്കിലും എല്ലാ മതങ്ങളേയും ഞാന്‍ ബഹുമാനിക്കുന്നു.ഹര്‍ഷ് മന്ദര്‍
മുസ്ലീംകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന് വേണ്ടി രേഖകള്‍ ഹാജരാക്കരുത്. ഗാന്ധിയുടെ നിസ്സഹകരണ സമരമാര്‍ഗം നമുക്ക് മുന്നിലുണ്ടെന്നും മന്ദര്‍ കൂട്ടിച്ചേര്‍ത്തു.
യുപിഎ ഭരണകാലത്ത് സോണിയാ ഗാന്ധി അദ്ധ്യക്ഷയായ ദേശീയ ഉപദേശക സമിതി അംഗമായിരുന്നു ഹര്‍ഷ് മന്ദര്‍. അയോധ്യവിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയ 40 പേരില്‍ മന്ദറുമുണ്ട്. 2017ല്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നവരോട് ഐക്യദാര്‍ഡ്യവുമായി കര്‍വാന്‍ ഇ മൊഹബത് ആരംഭിച്ചു. മന്ദര്‍ അടക്കം 35 അക്ടിവിസ്റ്റുകള്‍ അസം, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഡല്‍ഹി, ഷംലി, മേവാത്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുകയുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം