News n Views

‘സുപ്രീം കോടതി പരാജയപ്പെടുന്നില്ലേ?’; അയോധ്യയില്‍ ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്‌തെന്ന് പ്രകാശ് കാരാട്ട്

THE CUE

സുപ്രീം കോടതി ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്യുകയാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ വിമര്‍ശനം. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തെന്ന് കാരാട്ട് പറഞ്ഞു. എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായി. ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആര്‍ജവത്തിനും കടകവിരുദ്ധമാണ്. അയോധ്യവിധി, 370, 35എ വകുപ്പുകള്‍ എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട കേസുകള്‍, ഇലക്ടറല്‍ ബോണ്ട്, ശബരിമല എന്നീ വിഷയങ്ങളിലെ സുപ്രീം കോടതി പ്രതികരണങ്ങളും കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ല, ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പ്പന്നമാണിത്.
പ്രകാശ് കാരാട്ട്

കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്ക് മോഡി സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷന്‍ നല്‍കുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഖില്‍ ഖുറേഷിയുടേത്. മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നതില്‍നിന്നും തടയപ്പെട്ട ഖുറേഷിയെ ത്രിപുര ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. സുപ്രീംകോടതിയും ഇതില്‍നിന്നും അന്യമല്ല.

ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യും
പ്രകാശ് കാരാട്ട്

കോടതി വിധിന്യായം നല്‍കുന്നത് താമസിപ്പിക്കുന്നത് ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനു തുല്യമാണ്. തെറ്റായ നയങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഇത് ഗവണ്‍മെന്റിന് അഥവാ എക്സിക്യൂട്ടീവിന് വഴിയൊരുക്കും. ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനുള്ള മറ്റൊരു ഉദാഹരണമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസ് കേള്‍ക്കുകയുണ്ടായി. കേന്ദ്ര ഭരണകക്ഷിയാണ് പേര് വെളിപ്പെടുത്താത്തവരില്‍നിന്നും പണം സ്വരൂപിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍, വാദം കേട്ടതിനുശേഷം രാഷ്ട്രീയ പാര്‍ടികളില്‍നിന്നും കോടതി ആവശ്യപ്പെട്ട ഫണ്ടിന്റെ വിശദാംശം ഒരു സീല്‍ ചെയ്ത കവറില്‍ തെരഞ്ഞെടുപ്പു കമീഷന് മെയ് 30നു മുമ്പ് കൈമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് ഇതെന്നര്‍ഥം. 6000 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പാണ്. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്.

ഇത്തരത്തിലുള്ള ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും കാണാവുന്നതാണ്. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനുള്ള സാധാരണ നടപടിക്രമത്തിനു വിരുദ്ധമായി ഭൂരിപക്ഷ വിധിന്യായം, കോടതിയുടെ മറ്റ് ബെഞ്ചുകള്‍ പരിഗണിച്ചുവരുന്ന പൊതുവിഷയങ്ങള്‍ വിപുലമായ ഒരു ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. അതല്ലെങ്കില്‍ റെക്കോഡുകളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധന അനുവദിക്കാം. അതു ചെയ്യുന്നതിനു പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതിനായിരുന്നെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT