News n Views

‘പ്രായമാകാന്‍’ നല്‍കുന്ന ഫോട്ടോയുടെ പകര്‍പ്പവകാശം ഫെയ്‌സ് ആപ്പിനാണ് ; സ്വകാര്യതയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട് 

THE CUE

ട്രെന്‍ഡിംഗായ ഫെയ്‌സ് ആപ്പ് ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക ശരിവെച്ച് ഐടി വിദഗ്ധര്‍. ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്‌സ് ആപ്പിന് ലോകത്താകമാനം വന്‍ പ്രചാരം ലഭിച്ചുവരുന്നതിനിടെയാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവരുന്നത്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി റഷ്യന്‍ ഡെവലപ്പര്‍മാരാണ് ഫെയ്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫെയ്‌സ് ആപ്പ് ലഭിക്കും. ഫോട്ടോ ഉള്‍പ്പെടുത്തിയാല്‍ അതിനെ അടിസ്ഥാനമാക്കി വാര്‍ധക്യത്തിലെ മുഖത്തിന്റെ രൂപമടക്കം പുതിയ ചിത്രം ലഭ്യമാക്കുന്നതാണ് ഫേസ് ആപ്പിന്റെ പ്രവര്‍ത്തനം. വാര്‍ധക്യത്തില്‍ എങ്ങനെയായിരിക്കുമെന്ന് തിരഞ്ഞാണ് ആളുകള്‍ ഇപ്പോള്‍ ഈ ആപ്പിലേക്ക് ഇടിച്ചുകയറുന്നത്. വിദ്യാര്‍ത്ഥികകള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ എല്ലാ തുറകളില്‍ നിന്നുള്ളവരും പരീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഗൗരവമായി തിരിച്ചറിയേണ്ടതുണ്ടെന്ന് ഐടി വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉപയോക്താവ് അപ്‌ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ പകര്‍പ്പവകാശം ഫെയ്‌സ് ആപ്പിനാണ്. അതായത് ഒറിജിനല്‍ ഫോട്ടോയും രൂപമാറ്റം വരുത്തിയ ഫോട്ടോയും ഈ ആപ്പിന്റേതാവുകയാണ്. ഇക്കാര്യം സ്വകാര്യത പോളിസിയില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്. അതിനര്‍ത്ഥം അവര്‍ ഈ ചിത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്നതാണ്. ചിത്രങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാന്‍ ഫെയ്‌സ് ആപ്പ് സാധ്യത തുറന്നിട്ടിരിക്കുന്നു എന്ന് വ്യക്തം.

ഈ ഫോട്ടോകള്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടാമെന്ന് ഐടി വിദഗ്ധനും സൈബര്‍ ആക്ടിവിസ്റ്റുമായ ഋഷികേശ് ഭാസ്‌കരന്‍ ദ ക്യുവിനോട് വിശദീകരിച്ചു. അത് ഇങ്ങനെയാണ്. സുരക്ഷാ ആവശ്യങ്ങള്‍ക്കും മറ്റുമായി ഫെയ്‌സ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ രംഗത്ത് ഈ ഫോട്ടോകള്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. അതായത് ഫെയ്‌സ് റെക്കഗനിഷന് വേണ്ടിയുള്ള നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ട്രെയിന്‍ ചെയ്യാന്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചേക്കാം.

ഉപയോക്താവ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ വിലയിരുത്തി മുഖത്തിന്റെ അളവുകള്‍ ശേഖരിക്കുകയും അത് വെച്ച് നിശ്ചിത വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയായിരിക്കുമെന്ന് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള നിര്‍മ്മിതി ബുദ്ധി ഒരുക്കിയത് നേരത്തേ നല്‍കിയ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകള്‍ പ്രായം ചെല്ലുന്തോറും എങ്ങനെയായിരിക്കുമെന്നതിന്റെ പാറ്റേണുകള്‍ തയ്യാറാക്കി അത് അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ് ഈ ആപ്പ് നടത്തുന്നത്. വാര്‍ധക്യത്തിലെത്തുമ്പോള്‍ മുഖത്തിന്റെ ഏത് ഭാഗം വികസിക്കുമെന്നും ചുരുങ്ങുമെന്നും എവിടെ ചുളിവുവരുമെന്നുമൊക്കെ നേരത്തേ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതടിസ്ഥാനമാക്കിയാണ് ഒരു ഫോട്ടോ നല്‍കുമ്പോള്‍ ജരാനരകളുള്ള മുഖം അവതരിപ്പിക്കുന്നത്. ഇതേ രീതിയില്‍ ഭാവിയില്‍ മറ്റെന്തെങ്കിലും പാറ്റേണുകള്‍ സൃഷ്ടിക്കാന്‍ ഈ ഫോട്ടോകള്‍ മോഡലുകള്‍ ആക്കിയേക്കാമെന്ന് ഋഷികേശ് വ്യക്തമാക്കുന്നു. ഈ ഫോട്ടോവെച്ച് ഉപയോക്താവിന്റെ മറ്റ് ചിത്രങ്ങള്‍ തിരിച്ചറിയാനും സാധിക്കും.അത്തരത്തിലും ഉപയോഗിക്കപ്പെട്ടേക്കാം. ഫോണില്‍ നിന്ന് ഇതുപയോഗിക്കുമ്പോള്‍ ലൊക്കേഷന്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കപ്പെടും. അത് എല്ലാ അപ്പുകളുടേതിനും സമാനമായാണ് ഇതിലെന്നും ഋഷികേശ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ ലഭ്യമായ പരിമിതമായ വിവരങ്ങളില്‍ നിന്ന് ചൂണ്ടിക്കാട്ടാവുന്ന സാധ്യതകള്‍ മാത്രമാണിതെന്നും അപകടരമാണെന്ന് പറയാന്‍ തക്ക ദൃഷ്ടാന്തങ്ങളില്ലെന്നും ഋഷികേശ് പറയുന്നു.

കൂടുതല്‍ ഡൗണ്‍ലോഡിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം കമ്പനിക്കുണ്ടായിരിക്കുമെന്ന് വ്യക്തമാണ്. അതേസമയം ഇന്ത്യയില്‍ നിന്ന് ഉപയോക്താക്കള്‍ തള്ളിക്കയറിയത് കാരണം സെര്‍വറില്‍ പ്രശ്‌നം നേരിട്ടതാകാം നിശ്ചിത സമയത്തേക്ക് ഇവിടെ ഫെയ്‌സ് ആപ്പ് ലഭ്യമാകാതിരുന്നതെന്നാണ് സാങ്കേതിക ലോകം നിരീക്ഷിക്കുന്നത്. 2017 ല്‍ ഈ ആപ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു. നിര്‍മ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതിന് പിന്നില്‍. അവര്‍ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തന്നെയാകണം ഫോട്ടോകള്‍ ശേഖരിച്ച് അതിന്റെ അവകാശം നേടുന്നത്. അതിനാല്‍ ഗൗരവത്തോടെ സമീപിക്കാമെന്നും ഋഷികേശിനെ പോലെയുള്ള സാങ്കേതിക വിദഗ്ധര്‍ വിശദീകരിക്കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT