മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്. ഡാലസ് കോതിയാണ് ശിക്ഷ വിധിച്ചത്. 39 കാരനായ വെസ്‌ലി എറണാകുളം സ്വദേശിയാണ്. 2017 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ദത്തെടുത്ത കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം കലുങ്കില്‍ ഉപേക്ഷിച്ചതാണ് കേസ്. കൈയ്യബദ്ധത്തില്‍ കുഞ്ഞിന് പരിക്കേറ്റിരുന്നതായി വെസ്‌ലി കുറ്റസമ്മതം നടത്തിയിരുന്നു. ശിക്ഷ കുറയുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. പക്ഷേ വെസ്‌ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഭാര്യ സിനിയെ വെറുതെവിടുകയായിരുന്നു.
അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു സിനി. തെളിവില്ലാത്തതിനാലാണ് യുവതിയെ വെറുതെ വിട്ടത്. 2016 ല്‍ ബിഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് കുഞ്ഞിനെ കുടുംബം ദത്തെടുത്തത്. വിചാരണയ്ക്കിടെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഷെറിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ആന്തരാവയവങ്ങളടക്കം പുഴുവരിക്കുന്ന നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. മൃതദേഹം ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ മരണകാരണം കൃത്യമായി കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഫോറന്‍സിക് പാത്തോളജിസ്റ്റും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പല്ലുപോലും കൊഴിഞ്ഞുപോയിരുന്നു. 30 വര്‍ഷത്തിന് ശേഷം മാത്രമേ വെസ്‌ലിക്ക് പരോളിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിന് 3 വയസ്സുകാരിയെ പുലര്‍ച്ചെ 3 മണിക്ക് വീടിന് വെളിയില്‍ നിര്‍ത്തിയിരുന്നതായും അതിന് ശേഷം കാണാതായെന്നുമാണ് ഇയാള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. 15 ദിവസത്തിന് ശേഷമാണ് ജീര്‍ണ്ണിച്ച നിലയില്‍ സമീപത്തെ കലുങ്കിന് അടിയില്‍ നിന്ന് മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇയാള്‍ മൊഴിമാറ്റി. പാല്‍ കുടിക്കാന്‍ കുട്ടിയെ സഹായിച്ചെന്നും അതോടെ തരിപ്പില്‍ പോയെന്നുംചുമയെയും ശ്വാസ തടസത്തെയും തുടര്‍ന്ന് മരണം സംഭവിച്ചെന്നും പറഞ്ഞു. ഇതോടെ ഭയന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഏറ്റവുമൊടുവിലാണ് തന്നില്‍ നിന്ന് കുഞ്ഞിന് പരിക്കേറ്റതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചത്.