പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് വിധേയനായ നടന്‍ ഉണ്ണി മുകുന്ദനെ ബിജെപി നേതാവ് വി മുരളീധരന്‍ എം പി സന്ദര്‍ശിച്ചു. ലോകസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച ഉണ്ണി മുകുന്ദന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം ഉണ്ടായി.
പ്രധാനമന്ത്രിയെ ആശംസകളറിയിച്ചാല്‍ സംഘിയാവുന്നത് എങ്ങനെയെന്ന ചോദ്യവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധരന്‍ എം പി നടനെ സന്ദര്‍ശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനുമുണ്ടായ അനുഭവം ജനാധിപത്യ വിരുദ്ധമാണെന്ന് വി മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സംവിധായകന്‍ മേജര്‍ രവി, നടന്‍ ബിജു മേനോന്‍ എന്നിവരും ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായതും വി മുരളീധരന്‍ പരാമര്‍ശിച്ചു.
വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് നടന്‍ ഉണ്ണി മുകുന്ദനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു എം പി യെന്ന നിലയില്‍ എന്റെ മുഴുവന്‍ പിന്തുണയും അറിയിക്കാനായിരുന്നു സന്ദര്‍ശനം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതില്‍ ഉണ്ണി മുകുന്ദന്‍ എന്ന യുവതാരത്തിനും സംവിധായകന്‍ മേജര്‍ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബര്‍ ആക്രമണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു മുന്‍പ് നടന്‍ ബിജുമേനോനു നേരയും ഉണ്ടായിട്ടുണ്ട്. ജനാധിപത്യ രാജ്യത്തിലെ പൗരന്‍ എന്ന നിലയില്‍ പ്രതികരിക്കാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഉണ്ടെന്നിരിക്കെ ആ അഭിപ്രായപ്രകടനം നടത്തിയതിനെതിരെ അധിക്ഷേപങ്ങള്‍ പറയുകയെന്നത് അദ്ദേഹത്തിന്റെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്. സമൂഹത്തില്‍ പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരന്‍മാരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെങ്കില്‍ അതിനെതിരെ കേരളീയ പൊതു സമൂഹം ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.ഇത്തരത്തില്‍ ഫെയ്‌സ് ബുക്കില്‍ മറഞ്ഞിരുന്ന് അസഹിഷ്ണുത പ്രകടിപ്പികുന്നവര്‍ ഒന്നോര്‍ക്കണം, നിങ്ങളുടെ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ നിങ്ങള്‍ തന്നെയാണ്.