കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനിനെ മാറ്റിയാല്‍ രാജിവെയ്ക്കുമെന്ന് വനിതാകൗണ്‍സിലര്‍മാര്‍. നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വം മേയറുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് പാര്‍ട്ടിക്കോ മുന്നണിക്കോ അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നാണ് രാജിഭീഷണി മുഴക്കിയ രണ്ട് കൗണ്‍സിലര്‍മാരുടെ വാദം.കോണ്‍ഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര ഗീത പ്രഭാകരനുമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മേയറെ മാറ്റാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തിരുന്നു. കൗണ്‍സിലര്‍മാരുടെ നീക്കം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്ന എട്ട് മാസത്തേക്കായി പുതിയ മേയറെ വേണ്ടെന്നാണ് കൗണ്‍സിലര്‍മാരുടെ വാദം. യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും സൗമിനി ജെയിനിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
മേയര്‍ സൗമിനി ജെയിനിനോട് നാളെ തിരുവനന്തപുരത്തെത്താന്‍ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 74 അംഗ കോര്‍പ്പറേഷനില്‍ യുഡിഎഫിന് 37ഉം എല്‍ഡിഎഫിന് 34ഉം അംഗങ്ങളാണുള്ളത്. ഡപ്യൂട്ടി മേയറായിരുന്നു ടി ജെ വിനോദ് എം എല്‍ എ ആയതോടെ രാജിവെച്ചിരുന്നു. രണ്ട് അംഗങ്ങള്‍ കൂടി രാജിവെച്ചാല്‍ യുഡിഎഫ് ഭരണം പ്രതിസന്ധിയിലാകും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം