ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ പാര്‍ട്ടി യുവജന വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്. എംകെ സ്റ്റാലിന്‍ മൂന്ന് പതിറ്റാണ്ടിലേറെ കയ്യാളിയ പദവിയിലാണ് മകനെ അവരോധിക്കുന്നത്. 1984 മുതല്‍ 2016 വരെയാണ് സ്റ്റാലിന്‍ ഈ പദവി വഹിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച വൈകീട്ടോടെയുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ഉജ്വല വിജയത്തിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കം. സംസ്ഥാനത്തെ 38 സീറ്റുകളില്‍ 37 ഉം ഡിഎംകെ നേടിയിരുന്നു നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലുള്ള ഉദയനിധിയുടെ വ്യക്തിപ്രഭാവം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍.
2016 ലായിരുന്നു ഉദയനിധിയുടെ രാഷ്ട്രീയപ്രവേശം. നിലവില്‍ ഡിഎംകെയുടെ മുരശൊലി ട്രസ്റ്റിന്റെ ചെയര്‍മാനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഉദയനിധിയുടെ പൊതുയോഗങ്ങള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. ഉദയനിധിയെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ ഘടകങ്ങളും പ്രമേയം പാസാക്കുകയും ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിആര്‍ ബാലു ഈ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തെത്തി. ഉദയനിധിയാണ് പാര്‍ട്ടിയുടെ ഭാവി. പാര്‍ട്ടിക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ ഉദയനിധിക്കാകുമെന്നും ബാലു പ്രസ്താവിച്ചിരുന്നു.
പ്രസ്തുത പദവി കയ്യാളാനുള്ള എല്ലാ യോഗ്യതകളും ഉദയനിധിക്കുണ്ടെന്ന് പാര്‍ട്ടി എംഎല്‍എ എംഎ സുബ്രഹ്മണ്യനും വ്യക്തമാക്കി. ഉദയനിധി പാര്‍ട്ടിക്ക് പുതമുഖമല്ലെന്നും ജനനം മുതല്‍ ഡിഎംകെയുടെ ഭാഗമാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍. 63 ാം വയസ്സിലാണ് യുവജന വിഭാഗം ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് എംകെ സ്റ്റാലിന്‍ ഒഴിഞ്ഞത്. പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന എം കരുണാനിധിയുടെ ആരോഗ്യ നില മോശമായപ്പോല്‍ 2016 ല്‍ സ്റ്റാലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയിരുന്നു. അപ്പോഴാണ് യൂത്ത് വിംഗിലെ പദവി രാജിവെച്ചത്. തുടര്‍ന്ന് എംപി സ്വാമിനാഥനെ നിയമിച്ചു. ഉദയനിധിയെ ചുമതലയില്‍ കൊണ്ടുവരുമ്പോള്‍ സ്വാമിനാഥന് മറ്റൊരു സ്ഥാനം നല്‍കും. ഡിഎംകെയില്‍ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നിട്ടും മകനെ സുപ്രധാന പദവിയില്‍ എത്തിക്കുകയാണ് സ്റ്റാലിനെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി.
ഒരു സാധാരണക്കാരന് പോലും മുഖ്യമന്ത്രിയാകാന്‍ സാധിക്കുക എഐഎഡിഎംകെയിലാണെന്നും പാര്‍ട്ടി നേതാവ് ഒഎസ് മണിയന്‍ പറഞ്ഞു. മകന് സുരക്ഷിത ഭാവിയൊരുക്കുകയാണ് സ്റ്റാലിനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടുംബാധിപത്യം ഡിഎംകെയ്ക്ക് പുത്തരിയല്ല. അതിനാല്‍ ഉദയനിധിയുടെ സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ ഐക്യകണ്‌ഠേന അംഗീകരിക്കപ്പെടും. ഡിഎംകെയുടെ പദവികള്‍ വഹിക്കുന്നവരിലേറെയും മുന്‍ നേതാക്കളുടെ മക്കളോ ബന്ധുക്കളോ ആണ്. അതിനാല്‍ തന്നെ ഉദയനിധിയെ നേതൃത്വത്തില്‍ അവരോധിക്കുന്ന സ്റ്റാലിന്റെ നടപടിയില്‍ ആശ്ചര്യപ്പെടാനില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.