ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലെ ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയില്‍ മുളക് സ്‌പ്രേ ആക്രമണം. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ ബിന്ദുവിന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്ത് വെച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്.
ഇതിനിടെ ബിജെപി നേതാവ് സി.ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരു സംഘം കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. കമ്മീഷണര്‍ ഓഫീസില്‍ പ്രവേശിച്ച ശേഷം കാറില്‍ നിന്ന് ചില രേഖകള്‍ എടുക്കാന്‍ ബിന്ദു അമ്മിണി പുറത്തിറങ്ങുകയായിരുന്നു. ഈ സമയമാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥ് ബിന്ദുവിന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിക്ക് നേരെ അധിക്ഷേപമാരംഭിച്ചു. ശബരിമലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും തടയുമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. ആചാരലംഘനം അനുവദിക്കാനാവില്ലെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. ബിന്ദു അമ്മിണിയുടെ ആവശ്യപ്രകാരം പൊലീസ് അവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കമ്മീഷണര്‍ ഓഫീസിനുള്ളിലാണുള്ളത്.
പമ്പയിലേക്ക് സംഘം യാത്ര തിരിച്ചെങ്കിലും വഴിമധ്യേ യാത്ര നിര്‍ത്തി കമ്മീഷണര്‍ ഓഫീസിലെത്തി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശബരിമലയിലേക്ക് പോകാനാകില്ലെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നാണ് തൃപ്തിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം