ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളും തമ്മിലുള്ള സൗഹൃദസംഭാഷം പുതിയ ലക്ഷം ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ചിരുന്നു. മുഹമ്മദ് റിയാസും, മുനവറലി തങ്ങളും ഫേസ്ബുക്കില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ഗൃഹലക്ഷ്മി മാഗസിനില്‍ സംഭാഷണം വായിക്കണമെന്ന് പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെ കമന്റുകളിലൂടെ 'മതനിഷ്ഠയും' 'സദാചാരവും' പഠിപ്പിക്കുകയാണ് ഒരു വിഭാഗം. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന മുഹമ്മദ് റിയാസുമായുള്ള സൗഹൃദത്തിലോ സംഭാഷണത്തിലോ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, സിനിമാ നടിമാരുടെ ചിത്രമുള്ള ഗൃഹലക്ഷ്മിയിലെ സംഭാഷണമാണ് പ്രശ്‌നമെന്നാണ് ചിലരുടെ കമന്റ്.
റംസാന്‍ മാസത്തില്‍ വായിക്കേണ്ട പ്രസിദ്ധീകരമാണോ മുനവറലി തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും ചിലരുടെ കമന്റ്. മുമ്പ് ഗൃഹലക്ഷ്മി മുലയൂട്ടുന്ന ചിത്രം കവര്‍ ഫോട്ടോയായി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു കമന്റ്. സിനിമാ നടിമാരുടെ വസ്ത്രമില്ലാത്ത ഫോട്ടോ വരുന്ന മാസികയില്‍ അങ്ങയുടെ ഫോട്ടോ വരുന്നതില്‍ ഞങ്ങള്‍ അണികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ഒരാളുടെ കമന്റ്. സാമൂഹ്യ മാധ്യമങ്ങളില്‍ നടീനടന്‍മാര്‍ക്ക് നേരെ 'നരകത്തില്‍ പോകണ്ടേ' മട്ടില്‍ വരുന്ന മതതീവ്രതയിലൂന്നിയ ആക്രമണത്തിന് സമാനമാണ് സയ്യിദ് മുനവറലി തങ്ങള്‍ക്കെതിരെയും നടക്കുന്നത്. തങ്ങളേ നമ്മുക്കൊരു ചന്ദ്രികയുണ്ട്, പൂര്‍വികര്‍ പകര്‍ന്നൊരു നിലാവെളിച്ചം അതിനും പരിഗണന നല്‍കണമെന്നും കമന്റുണ്ട്.
രാഷ്ട്രീയാതീത സൗഹൃദത്തിന് പിന്തുണയും ആശംസയും അറിയിച്ചും നിരവധി കമന്റുകളുണ്ട്. കോഴിക്കോട് ഫറൂഖ് കോളജില്‍ സഹപാഠികളായിരുന്നു മുഹമ്മദ് റിയാസും സയ്യിദ് മുനവറലി ശിഹാബ് തങ്ങളും.