തമിഴ്‌നാട് ട്രിച്ചിയിലെ ലളിത ജ്വല്ലറിയില്‍ നിന്ന് 13 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകന്‍ മുരുഗന്‍ ബംഗളൂരുവില്‍ കീഴടങ്ങി. സംഭവം നടന്ന് 9 ദിവസം പിന്നിടുമ്പോള്‍ ഇയാള്‍ ബംഗളൂരുവിലെ ഒരു സിവില്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തങ്ങള്‍ പിറകെയുള്ളതിനാല്‍ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ മുരുഗന്‍ കീഴടങ്ങുകയായിരുന്നുവെന്ന് കര്‍ണാടക റിസര്‍വ് പൊലീസ് ഐജി പി ഹരിശേഖരന്‍ മാധ്യമങ്ങലോട് പറഞ്ഞു. 7 സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിരുന്നു.
ഒക്ടോബര്‍ 2 നായിരുന്നു വന്‍ കവര്‍ച്ച. നെറ്റ്ഫ്‌ളിക്‌സ് സീരീസായ മണി ഹെയ്സ്റ്റ് മാതൃകയില്‍ മുഖം മൂടിയണിഞ്ഞെത്തിയാണ് മോഷ്ടാക്കള്‍ 13 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നത്. മുഖംമൂടി സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്. സംഭവത്തില്‍ 8 ജാര്‍ഖണ്ഡ് സ്വദേശികളും മുരുഗന് ഒപ്പം കവര്‍ച്ച ആസൂത്രണം ചെയ്ത മണികണ്ഠന്‍ എന്നയാളും പിടിയിലായിരുന്നു. എന്നാല്‍ സ്പാനിഷ് വെബ്‌സീരീസായ മണി ഹെയ്സ്റ്റിലേതുപോലെ വാക്കി ടോക്കി വഴി മാത്രം കൂട്ടാളികളെ ബന്ധപ്പെട്ടിരുന്നതിനാല്‍ ലൊക്കേഷന്‍ ലഭ്യമാകാതിരുന്നതിനാല്‍ മുരുകനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന നിഗമനം മാത്രമായിരുന്നു പൊലീസിന്റെത്.
മണിഹെയ്സ്റ്റ് ആണ് മോഷണം ആസൂത്രണം ചെയ്യാന്‍ പ്രേരകമായതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. സീരീസ് പിന്‍തുടര്‍ന്ന മുരുഗന്‍ മോഷണം സാധ്യമാക്കുകയായിരുന്നു. ജ്വല്ലറിയുടെ പുറകിലെ മതില്‍ തുരന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ പ്രദര്‍ശനത്തിന് വെച്ചതടക്കം 13 കോടിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു ഇത്. രാവിലെ ജ്വല്ലറി തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ചാവിവരം പുറം ലോകമറിഞ്ഞത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മുരുഗന്‍. 2015 ല്‍ കര്‍ണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 5 കോടിയുടെ സ്വത്തുക്കള്‍ പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 2015 വരെ ഇയാള്‍ക്കെതിരെ 80 ഓളം കേസുകളാണ് ബംഗളൂരുവില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബംഗളൂരുവിലെ വലിയ വീടുകളും ജ്വല്ലറികളുമായിരുന്നു മുരുഗന്‍ നേരത്തേ ലക്ഷ്യമിട്ടിരുന്നതെന്ന് മുന്‍പ് ഇയാളെ അറസ്റ്റ് ചെയ്ത ഹരിശേഖരന്‍ പറയുന്നു. എന്നാല്‍ മുരുഗന്റെ അറസ്റ്റോടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാകുന്നേയുള്ളൂവെന്നും ഇയാള്‍ക്ക് പിറകില്‍ വലിയ കണ്ണികളുണ്ടെന്നും ഹരിശേഖരന്‍ വ്യക്തമാക്കി. ഇവരില്‍ നിന്ന് പിടിച്ചെടുക്കുന്ന മോഷണമുതലിനേക്കാള്‍ വലിയ തുക ഇവരെ പിടികൂടാന്‍ വേണ്ടി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.