സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണ ആഹ്വാനങ്ങള്‍ക്കെതിരെ നടി സജിതാ മഠത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ലൈംഗീക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ ചിലര്‍ മനപ്പൂര്‍വ്വം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സജിത സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ട്. സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും സജിത പരാതിയില്‍ പറയുന്നു.
കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത മഠത്തില്‍. അലനെതിരെയുള്ള പൊലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി സജിത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. വിദ്യാര്‍ത്ഥികളായ അലന്‍ ശുഹൈബും താഹ ഫസലും ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ റിമാന്‍ഡില്‍ തുടരുകയാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം