ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ എതിര്‍പ്പുള്ളവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് വിയോജിപ്പുള്ളവര്‍ നിര്‍ബന്ധമായും പാകിസ്താനിലേക്ക് പോവുകയാണ് വേണ്ടത്. കശ്മീരിലെ ജനങ്ങള്‍ സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നില്ല. തീരുമാനം നടപ്പാക്കിയശേഷം ജമ്മുവില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് അത്തേവാല അവകാശപ്പെട്ടു.
സൈന്യത്തിന്റെ സാന്നിധ്യം ഉള്ളതിനാലാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ധീരമായ നടപടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍. ജമ്മുവില്‍ വികസനം സാധ്യമാക്കേണ്ടതുണ്ട്. സംസ്ഥാനം ഇന്ത്യയുടെ ഭാഗമാണ്. പാക് അധീന കശ്മീര്‍ കൂടി ഏറ്റെടുക്കുകയാണ് ഇനി വേണ്ടത്. അതാണ് സര്‍ക്കാരിന്റെ സ്വപ്‌നമെന്നും അത്തേവാല പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാരിന് പ്രത്യേക പദ്ധതികളുണ്ട്. ടൂറിസം ഉള്‍പ്പെടെ അവരുടേതായ രംഗങ്ങളില്‍ നിന്ന് സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കേന്ദ്രം അവരെ പിന്‍തുണയ്ക്കും. പ്രസ്തുത സംസ്ഥാനങ്ങള്‍ ഇടക്കിടെ സന്ദര്‍ശിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മന്ത്രിമാരോടും നിര്‍ദേശിച്ചതായും അത്തേവാല പറഞ്ഞു.