പ്രതികളെ കൊന്നുകളയുന്നതിലൂടെ ഇരകള്‍ക്ക് നീതികിട്ടില്ലെന്ന് 2008 ല്‍ വാറങ്കലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ടി പ്രണിത. ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികരണം. പ്രണിത ആക്രമണത്തിന് ഇരയായ കേസിലെ മൂന്ന് പ്രതികളെയും പൊലീസ് അന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോഴത്തെ സൈദരാബാദ് കമ്മീഷണര്‍ സജ്ജനാറായിരുന്നു ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതികളെ വെടിവെച്ച് കൊല്ലുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കില്ലെന്ന് പ്രണിത പറയുന്നു. അതിവേഗ വിചാരണയിലൂടെ പ്രതികള്‍ക്ക് ശിക്ഷയുറപ്പാക്കുകയാണ് വേണ്ടതെന്നും 31 കാരി സാക്ഷ്യപ്പെടുത്തുന്നു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്ന സ്വപ്നിക,പ്രണിത എന്നിവര്‍ക്ക് നേരെ 2008 ഡിസംബര്‍ 10 നാണ് ആസിഡ് ആക്രമണമുണ്ടായത്. സ്വപ്നിക പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ശ്രീനിവാസന്‍ എന്നയാള്‍ സുഹൃത്തുക്കളായ ബി സഞ്ജയ്, പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇരുവരും കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി വാറങ്കല്‍ ടൗണിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ചികിത്സയിലായിരുന്ന സ്വപ്നിക മരണത്തിന് കീഴടങ്ങി. ആക്രമണത്തെ അതിജീവിച്ച പ്രണിത ഇപ്പോള്‍ കൊളറാഡോയിലാണ്. ഒരു പതിറ്റാണ്ടിനിപ്പുറം സമാനസംഭവമാണ് ഹൈദരാബാദിലുമുണ്ടായത്. ഇപ്പോള്‍ കമ്മീഷണര്‍ സജ്ജനാറും. 22 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അന്ന് പൊലീസ് നിറയൊഴിച്ച് കൊലപ്പെടുത്തിയ പ്രതികള്‍. സമാന പ്രായത്തിലുള്ള 4 പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നതും. തങ്ങളെ ക്രൂഡ് ബോംബ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്ന് നല്‍കിയ വിശദീകരണം. തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നിറയൊഴിച്ചെന്നാണ് ഇപ്പോഴത്തെ പൊലീസ് ഭാഷ്യം.
2008 ലെ വാറങ്കല്‍ ആസിഡ് ആക്രമണ കേസ് ഇങ്ങനെ
ശ്രീനിവാസ് പിന്‍തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന്, ആക്രമണത്തിന് മൂന്നാഴ്ച മുന്‍പ് സ്വപ്നിക നല്‍കിയ പരാതി പൊലീസ് അവഗണിക്കുകയായിരുന്നു. പൊലീസ് തുടക്കത്തില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ആസിഡ് ആക്രമണം തടയാനാകുമായിരുന്നുവെന്ന് പ്രണിത പറയുന്നു. കകാടിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍. പ്രണിതയ്ക്ക് ഹൈദരാബാദ് ഇന്‍ഫോസിസില്‍ നിന്ന് ഒരു ജോലി വാഗ്ദാനവുമുണ്ടായിരുന്നു. അവസാന വര്‍ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സ്വപ്‌നികയോട് ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതും അവള്‍ അത് നിരസിച്ചതും ഒരു സാധാരണ സംഭവമായാണ് കണ്ടത്. എന്നാല്‍ അയാള്‍ അവളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും അതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതും അറിയില്ലായിരുന്നു.
അന്ന് അവള്‍ സ്‌കൂട്ടര്‍ ഓടിക്കുകയും താന്‍ പുറകിലരിക്കുകയുമായിരുന്നു. അപ്പോഴാണ് ശ്രീനിവാസ് മറ്റ് രണ്ട് പേര്‍ക്കൊപ്പമെത്തുന്നതും ആസിഡ് ഒഴിക്കുന്നതും. ശേഷം അവര്‍ കടന്നുകളഞ്ഞു. സമീപത്തുള്ള ചിലര്‍ ഓട്ടോ ഏര്‍പ്പാടാക്കി തരികയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഞങ്ങള്‍ പോവുകയുമായിരുന്നു. മൂന്നാം നാള്‍ ആശുപത്രിയില്‍, നീ കാരണമാണ് അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പരിചയമില്ലാത്ത ആരോ അലറുന്നത് കേട്ടു. കണ്ണ് കെട്ടിയിരുന്നതിനാല്‍ ആരാണെന്ന് നോക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങിനെയാണ് അവര്‍ കൊല്ലപ്പെട്ടെന്ന് അറിയുന്നത്. പ്രതികള്‍ ഒളിപ്പിച്ച ആസിഡ് ബോട്ടില്‍ കണ്ടെത്താന്‍ അവരുമായി പൊലീസ് വാറങ്കലിന്റെ ഉള്‍പ്രദേശത്ത് ഒരിടത്തേക്ക് പോയിരുന്നു. അവിടെവെച്ച് ഏറ്റുമുട്ടലുണ്ടായെന്നാണ് പൊലീസ് വിശദീകരിച്ചത്.
അവര്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടലും പേടിയുമാണുണ്ടായതെന്നും പ്രണിത കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ അതുവരെ പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് ഭയപ്പെട്ടതെന്നും പ്രണിത വ്യക്തമാക്കുന്നു. പൊരുതിനിന്നെങ്കിലും അപകടത്തിന്റെ ഇരുപതാം നാളില്‍ സ്വപ്നിക മരണത്തിന് കീഴടങ്ങി. . ആക്രമണത്തെ അതിജീവിച്ച പ്രണിത 82 ശതമാനം മാര്‍ക്കോടെ വാര്‍ഷിക പരീക്ഷ പാസാവുകയും 2009 ല്‍ ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 2012 ല്‍ വിവാഹിതയായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം