രാജ്യത്ത് വേനല്‍മഴയുടെ അളവില്‍ വന്‍ തോതിലുള്ള കുറവാണ് അനുഭവപ്പെട്ടത്. 65 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ കുറഞ്ഞ അളവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്നാണ് മെറ്റീരിയോളജിക്കല്‍ വകു പ്പ് പ്രവചിച്ചത്. പക്ഷേ ജൂണ്‍ പിന്നിട്ട് ജൂലൈ പിറന്നിട്ടും രാജ്യത്ത് മഴപ്പെയ്ത്തില്‍ 35 ശതമാനത്തിന്റെ കുറവ് ഉണ്ടായിരിക്കുകയാണ്. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ 44 ശതമാനം ഭാഗങ്ങളിലും കടുത്ത വരള്‍ച്ചയാണ്. കുടിവെള്ളം പോലും കിട്ടാക്കനിയായി തമിഴ്‌നാട് കടുത്ത ജലക്ഷാമം നേരിടുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 91 ജലസംഭരണികള്‍ വിലയിരുത്തിയ കേന്ദ്ര ജല കമ്മീഷന്‍ ഈ പ്രതിസന്ധി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറും തെക്കുമുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം കടുത്ത ജലക്ഷാമം നേരിടുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ജലസാന്നിധ്യമാണ് രാജ്യത്തെ ഭൂരിപക്ഷം സംഭരണികളിലുമുള്ളതെന്നാണ് അറിയിപ്പെന്ന് scroll.in റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ
രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ മുംബൈ വെള്ളത്തിനായി ആശ്രയിക്കുന്നത് പ്രധാനമായും രണ്ട് റിസര്‍വോയറുകളെയാണ്. വൈറ്റര്‍ന, ഭട്‌സ എന്നിവയാണത്. എന്നാല്‍ ഈ രണ്ട് ജലസംഭരണികളും വറ്റി വരളുകയാണ്. സംഭരണശേഷിയുടെ 8% വെള്ളം മാത്രമാണ് വൈറ്റര്‍നയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ജലനിരപ്പ് 27% ആയിരുന്നു. 10 വര്‍ഷത്തെ ശരാശരിയെടുത്താല്‍ 70% ശതമാനത്തിന്റെ കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഭട്‌സ സംഭരണിയില്‍ അതിന്റെ ശേഷിയുടെ 24 ശതമാനം വെള്ളമാണുള്ളത്. സാധാരണഗതിയില്‍ ഒരു വര്‍ഷത്തില്‍ ഈ സമയമാകുമ്പോള്‍ ഉണ്ടാകേണ്ടതിനേക്കാള്‍ 21 % കുറവ്. മുംബൈയിലേക്ക് ജലമെത്തിക്കുന്ന മറ്റ് 5 റിസര്‍വോയറുകളും ഇതേ പ്രതിസന്ധി നേരിടുന്നു.
ബാംഗ്ലൂര്‍
പടിഞ്ഞാറന്‍ ബംഗളൂരുവിന് കുടിവെള്ളമെത്തിക്കുന്ന തിപ്പഗൊണ്ടനഹള്ളി റസര്‍വോയറില്‍ വെള്ളം തീരെ കുറവാണ്. അര്‍ക്കാവതി കുമുദാവതി നദികളുടെ സംഗമസ്ഥലത്താണ് റിസര്‍വോയര്‍. എന്നിട്ടും ജലനിരപ്പ് കുത്തനെ താഴ്ന്നിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ 1988 ലാണ് റിസര്‍വോയര്‍ നിറഞ്ഞത്.
ഹൈദരാബാദ്
ഒസ്മാന്‍ സാഗര്‍ കായലാണ് ഹൈദരാബാദിന് ജലമെത്തിക്കുന്നത്. 2016 ല്‍ ജലസംഭരണി വറ്റിവരണ്ടിരുന്നു. ഈവര്‍ഷവും സമാന സ്ഥിതിയിലേക്കാണ് സാഹചര്യങ്ങള്‍ നീളുന്നത്.
സൂറത്ത്
സൂറത്ത് നഗരമുള്‍പ്പെടെ തെക്കന്‍ ഗുജറാത്തിലെ മിക്ക നഗരങ്ങള്‍ക്കും വെള്ളം ലഭ്യമാകുന്നത് ധരോയി റിസര്‍വോയറില്‍ നിന്നാണ്. സബര്‍മതി പുഴയില്‍ നിന്നുള്ള വെള്ളമാണ് ധരോയി സംഭരിക്കുന്നത്. എന്നാല്‍ സംഭരണശേഷിയുടെ 8% ലാണ് ധരോയി. 10 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ വെള്ളത്തിന്റെ അളവില്‍ 77 % കുറവുണ്ടായിരിക്കുന്നു.
ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി നഗരം യമുന നദിയെയും മൂന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത ഹൂഗ്ലി നദിയെയുമാണ് ആശ്രയിക്കുന്നത്. ഹിമമേഖലയില്‍ നിന്ന് ഉറവയെടുക്കുന്നതിനാല്‍ ഈ നദികളിലെ ജലലഭ്യത കാലവര്‍ഷത്തെ അടിസ്ഥാനമാക്കിയല്ല. മഴയെ ആശ്രയിച്ച് നില്‍ക്കുന്ന രാജ്യത്തിന്റെ പടിഞ്ഞാറും തെക്കുമുള്ള നദികളാണ് കടുത്ത വരള്‍ച്ചയില്‍ വറ്റി വരണ്ടത്. തമിഴ്‌നാട് നേരിടുന്ന കടുത്ത ദുരിതം ഇതിന്റെ ദൃഷ്ടാന്തമാണ്. ആന്ധ്രപ്രദേശിലെ റിസര്‍വോയറുകളില്‍ ജലനിരപ്പില്‍ 83 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.