കല്ലട ട്രാവല്‍സിന്റെ ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനം നേരിട്ട സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, എന്നീ വിദ്യാര്‍ത്ഥികള്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ക്രൂരവേട്ടയെക്കുറിച്ച് ദ ക്യൂവിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് സുഹൃത്തിന്റ വീട്ടില്‍ നിന്ന് പഠനസ്ഥലമായ ഈറോഡേക്ക് മടങ്ങവെയാണ് അഷ്‌കര്‍,സച്ചിന്‍ എന്നിവര്‍ ആക്രമണത്തിന് ഇരയായത്.
‘ഹരിപ്പാടിനടുത്ത് കരുവറ്റ എന്ന സ്ഥലത്താണ് കല്ലട ബസ് ബ്രേക്ക് ഡൗണായത്. തെരുവുവിളക്കുകളോ കടകളോ ഇല്ലാത്ത സ്ഥലമായിരുന്നു. എസി ഓഫായതോടെ പുരുഷയാത്രക്കാര്‍ പുറത്തിറങ്ങി നിന്നു. സ്ത്രീകള്‍ സുരക്ഷയെക്കരുതി ചൂട് സഹിച്ച് ബസില്‍ തന്നെയിരുന്നു. മൂന്ന് ജീവനക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. എപ്പോള്‍ യാത്ര തുടരാനാകുമെന്ന് പറയാതെ ജീവനക്കാര്‍ ഉരുണ്ടുകളിച്ചു. മൂന്ന് പേരും ഫോണില്‍ സംസാരിച്ച് മൂന്ന് ഭാഗത്തേക്ക് പോയി നിന്നു. എന്നാല്‍ ഞങ്ങള്‍ക്ക് പിറ്റേന്ന് എക്‌സാമുള്ളതാണ്. ബസ് എടുക്കുമ്പോള്‍ തന്നെ 20 മിനിട്ട് വൈകിയിരുന്നു. എന്താണ് പ്രശ്‌നമെന്ന് ഞങ്ങള്‍ ജീവനക്കാരോട് അന്വേഷിച്ചു. പകരം ബസ് വന്നാലേ പോകാനാകുവെന്നായിരുന്നു മറുപടി. പകരം സംവിധാനം വേഗമൊരുക്കണമെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഞങ്ങളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇങ്ങനെ മൂന്നര മണിക്കൂര്‍ കടന്നുപോയിട്ടും പകരം ബസ് വന്നില്ല. ഇതിനിടെ രണ്ട് ജീവനക്കാര്‍ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. നല്ല ചൂടായിരുന്നു. കുടിക്കാന്‍ ആരുടെ പക്കലും ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. വെള്ളം ചോദിച്ചതിന് ബസ് ഡ്രൈവര്‍ യാത്രക്കാരെ അധിക്ഷേപിച്ചു. ഒടുവില്‍ ഒരു ബൈക്കില്‍ കയറി കടകളുള്ള മറ്റൊരു സ്ഥലത്തുപോയി വെള്ളം വാങ്ങിക്കൊണ്ടുവന്ന് യാത്രക്കാര്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിനിടെ അജയഘോഷ് എന്ന യാത്രക്കാരന്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തുകയും ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. വൈകുമെങ്കില്‍ റീഫണ്ട് നല്‍കി ഞങ്ങളെ വിടണമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. 10 മിനിട്ടുകൊണ്ട് പകരം ബസ് എത്തുമെന്ന് അറിയിച്ച് പൊലീസ് മടങ്ങി. എന്നിട്ടും അരമണിക്കൂര്‍ കഴിഞ്ഞാണ് വണ്ടി വന്നത്. എന്നാല്‍ ബസെടുക്കാന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. മറ്റ് രണ്ട് ജീവനക്കാര്‍ വന്ന ശേഷമേ വണ്ടിയെടുക്കാനാകൂവെന്നായിരുന്നു ഡ്രൈവറുടെ നിലപാട്. ഇതോടെ വീണ്ടും ഞങ്ങളുമായി തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിലാണ് വണ്ടിയെടുക്കാന്‍ അയാള്‍ തയ്യാറായത്. യാത്രയാരംഭിച്ചപ്പോള്‍ ഞങ്ങള്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ എറണാകുളത്തെത്തിയപ്പോള്‍ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി. അവിടെനിന്ന് കുറേ പേര്‍ ഇരച്ചുകയറി ഞങ്ങളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെന്നും അവിടെയിറങ്ങണമെന്നും ആവശ്യപ്പെട്ട് പിടിച്ചിറക്കാനും നോക്കി. ചെറുത്ത അജയഘോഷിനെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തി. ഞങ്ങളുടെ ബാഗുകള്‍,ലാപ്‌ടോപ്പ്,പേഴ്‌സ് എന്നിവ അവര്‍ കൈക്കലാക്കി. പരീക്ഷയുടെ ഹോള്‍ടിക്കറ്റും ഞങ്ങളുടെ പ്രൊജക്ടും ആധാറുമെല്ലാം അവരുടെ കൈവശമാണ്. മൊബൈലുകള്‍ എറിഞ്ഞുടച്ചു. രണ്ടേകാല്‍ ലക്ഷം രൂപയുടെ ആപ്പിള്‍ ലാപ്‌ടോപ്പടക്കം അവര്‍ കൈക്കലാക്കി. ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചതും ഞങ്ങള്‍ ഇരുവരും ചിതറിയോടി. 12 പേരാണ് ഞങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്. വീണ്ടും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കല്ലുകൊണ്ട് എന്റെ (സച്ചിന്‍) തലയ്ക്കടിച്ചു. അഷ്‌കറിനെയും ക്രൂരമായി വേട്ടയാടി. അഷ്‌കര്‍ എസ്ബിഐയുടെ എടിഎമ്മില്‍ കയറി ഒളിച്ചിരുന്നു. ഇതിനിടെ അഷ്‌കര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പൊലീസിനോട് സഹായം തേടിയിരുന്നു. എന്നെ അവര്‍ ടാറ്റാ മോട്ടോര്‍സിന് മുന്നില്‍ അടിച്ചിട്ടു. ഞാന്‍ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു. പൊലീസ് ഇതിനകം അഷ്‌കറിന് അടുത്തെത്തി. അഷ്‌കര്‍ എന്നെ വിളിച്ച് ലൊക്കേഷന്‍ ഇട്ടുതന്നിരുന്നു. എന്നെ കൂട്ടിക്കൊണ്ടുവരാന്‍ അഷ്‌കര്‍ പൊലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ തയ്യാറായില്ല. ഓടിപ്പോയവന് തിരികെ വരാനും അറിയാം എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ അഷ്‌കറിനോട് എന്നെ കണ്ടെത്താന്‍ നിര്‍ദേശിച്ച് വേറെ അത്യാവശ്യമുണ്ടെന്നും പറഞ്ഞ് പൊലീസ് മടങ്ങി. ഒടുവില്‍ അഷ്‌കര്‍ എന്നെ തേടാന്‍ തുടങ്ങിയതും ജീവനക്കാര്‍ വീണ്ടുമെത്തി അവനെ പിടികൂടി ഓഫീസിലേക്ക് കൊണ്ടുപോയി. കൊല്ലുമെന്ന് അവിടെവെച്ച് അവനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ്, എത്തിയപ്പോഴാണ് അവര്‍ മോചിപ്പിച്ചത്. അവന്‍ എന്നെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് സഹായത്തിനെത്തിയത് ഒടുവില്‍ പൊലീസുകാരോടൊപ്പം അഷ്‌കര്‍ എനിക്കടുത്തെത്തി (സച്ചിന്‍)അജയഘോഷും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളോട് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പറഞ്ഞ് പൊലീസ് മടങ്ങി. ക്രൂരമായി ആക്രമിക്കപ്പെട്ട് പരിക്കേറ്റവരെന്ന പരിഗണന പൊലീസില്‍ നിന്നുണ്ടായില്ല. പേഴ്‌സും മൊബൈലുമെല്ലാം അക്രമികളുടെ കയ്യിലാണെന്ന് പറഞ്ഞിട്ടും പൊലീസ് സഹായിച്ചില്ല. ഒടുവില്‍ ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍ അപ്പോഴും ജീവനക്കാര്‍ ഓട്ടോയെ പിന്‍തുടര്‍ന്നു. ഇതോടെ വഴിമാറുകയും അജയ്‌ഘോഷിനെ കടവന്ത്രയില്‍ സുഹൃത്തിന്റെ അടുത്തിറക്കുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ കലൂരേക്കും അവിടെനിന്ന് ഇടപ്പള്ളിയലേക്കുമെത്തി. ഇടപ്പള്ളിയില്‍ നിന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ ആലുവയിലേക്ക് ഊബറില്‍ പോയി.. തുടര്‍ന്ന് ബസില്‍ തൃശൂരെത്തി. തൃശൂരില്‍ നിന്ന് ട്രെയിന്‍ കയറി സേലത്തെത്തി ചികിത്സ തേടുകയായിരുന്നു. എറണാകുളത്ത് നിന്നിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ കൊല്ലുമായിരുന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് എടുത്തുതന്ന സുഹൃത്തിനെ അവരുടെ ആള്‍ക്കാര്‍ നിരന്തരം വിളിച്ച് വധഭീഷണി മുഴക്കുന്നുണ്ട്. സച്ചിന്‍, അഷ്‌കര്‍ - ക്രൂരമര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍
ക്രൂരമര്‍ദ്ദനം നേരിട്ട വിദ്യാര്‍ത്ഥികളെ കേള്‍ക്കാം
ശനിയാഴ്ച രാത്രി പത്തുമണിയോടെ തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലാണ് നാടകീയ സംഭവങ്ങള്‍. ഹരിപ്പാട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനാണ് ഇക്കാര്യം വിശദമായ കുറിപ്പും ദൃശ്യവും സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ.
ഹരിപ്പാട് വെച്ചാണ് താന്‍ സുരേഷ് കല്ലട ബസില്‍ കയറുന്നത്. 10 മിനിട്ട് പിന്നിട്ടപ്പോഴേക്കും ബസ് ബ്രേക്ക്ഡൗണായി. ബസ് തകരാറിലായ കാര്യം യാത്രക്കാരില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചത്. ബസ് നിന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ജീവനക്കാര്‍ യാത്രക്കാരോട് തട്ടിക്കയറി, തെരുവുവിളക്കുകള്‍ പോലുമില്ലാത്ത സ്ഥലത്താണ് സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാര്‍ നില്‍ക്കേണ്ടി വന്നത്. ഇതിനിടെ പൊലീസ് എത്തി. പകരം സംവിധാനമേര്‍പ്പെടുത്തണമെന്ന് പൊലീസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. 30 മിനിട്ട് സ്ഥലത്ത് നിന്നശേഷം പൊലീസുകാര്‍ മടങ്ങുകയും ചെയ്തു. 3 മണിക്കൂര്‍ വൈകിയാണ് പകരം ബസ് എത്തി യാത്ര തുടര്‍ന്നത്. അഞ്ചുപേര്‍ ബസിലേക്ക് ഇരച്ചുകയറുകയും നേരത്തേ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ബഹളംകേട്ട് ഉണര്‍ന്നപ്പോള്‍ കാണുന്നത്. യുവാക്കളെ വലിച്ച് പുറത്തിട്ടശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. ബസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് ബാംഗ്ലൂരിലെത്തിയത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ 50 ഓളം പേര്‍ ബസിലുണ്ടായിരുന്നുജേക്കബ് ഫിലിപ്പ്, യാത്രക്കാരന്‍