പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ രാജ്യത്ത് ഭീതി പരത്തുകയും ഭീന്നത സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന വാദവുമായി സംവിധായകന്‍ മേജര്‍ രവി. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആളുകളെ കൂട്ടി അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലിങ്ങളെ മുഴുവന്‍ തുരത്തുമെന്നാണ് പ്രചരിപ്പിക്കുന്നത്.എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ചിന്തിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ലെന്നും മേജര്‍ രവി അവകാശപ്പെടുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ കഴിയുന്നവര്‍ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് കയറി വന്ന് രേഖകളില്ലാതെ കഴിയുന്നുണ്ടെങ്കില്‍ അവരെ തൂക്കി പുറത്തിടാനാണ് ഈ നിയമം.
നമ്മള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേയില്ല. പ്രത്യേകിച്ച് കേരളീയരെ ബാധിക്കുന്ന വിഷയമേയല്ലെന്നും മേജര്‍ രവി വാദിക്കുന്നു. മലയാളികള്‍ വിദ്യാസമ്പന്നരാണ്. ഈ വിഷയത്തെ അവഗണിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടിയാണ് നമ്മള്‍ ഓരോരുത്തരും നിലകൊള്ളേണ്ടത്. അമിത്ഷാ പറഞ്ഞതിലെ ഒരു വാക്കെടുത്താണ് കുപ്രചരണം നടത്തുന്നത്. ഇന്ത്യക്കാരല്ലാത്ത ആരുണ്ടെങ്കിലും അവരെ പറഞ്ഞയയ്ക്കും എന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ എല്ലാ മതക്കാരും എന്ന് വരുമായിരുന്നു. അക്കാര്യം അമിത്ഷാജി മനസ്സിലാക്കിയിട്ടുണ്ട്. അത് അദ്ദേഹം ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മേജര്‍ രവി പറയുന്നു.
നിയമവിരുദ്ധമായി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ ഒഴിവാക്കുമെന്നാണ് പറഞ്ഞത്. അത് രാജ്യത്തിന് നല്ലതാണ്. അമേരിക്കയില്‍ നമ്മള്‍ പോയാല്‍ എന്താണ് സംഭവിക്കുകയെന്നും അതുതന്നെയാണ് ഇവിടെ അവതരിപ്പിക്കുന്ന നിയമമെന്നുമാണ് മേജര്‍ രവിയുടെ പക്ഷം. ഇന്ത്യന്‍ പൗരനാണെങ്കില്‍ അതിന് മതിയായ രേഖവേണമെന്നാണ് നിയമം പറയുന്നത്. നമ്മുടെ നാട്ടിലെ മുസ്ലിം സഹോദരന്‍മാരുടെ പക്കലെല്ലാം രേഖയുണ്ട്. അവരെ ഓടിക്കുമെന്ന തെറ്റായ പ്രചരണമാണ് നടക്കുന്നത്.സങ്കടകരമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരു ഭാഗത്ത് രാജ്യം കെട്ടിപ്പെടുക്കുമ്പോള്‍ മറുഭാഗത്ത് ട്രെയിനടക്കം കത്തിക്കുകയാണ്. പൊതുസ്വത്താണ് നശിപ്പിക്കുന്നത്. അത് തിരിച്ചുപിടിക്കണമെങ്കില്‍ എത്ര പരിശ്രമിക്കേണ്ടതുണ്ടെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് ലൈവില്‍ പരാമര്‍ശിക്കുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം