ആള്‍ക്കൂട്ടത്തിന്റെ മണിക്കൂറുകള്‍ നീണ്ട ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാണ്, തബ്രിസ് അന്‍സാരിയെന്ന മുസ്ലിം യുവാവിന്റെ ദാരുണമരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിട്ടും, പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വിചിത്രവാദവുമായി അന്വേഷണസംഘം. 11 പേര്‍ക്കെതിരെ പൊലീസ് നരഹത്യക്കുറ്റമാണ് (ഐപിസി 302 ന് പകരം 304) ചുമത്തിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റ് പുറത്തുവിട്ടു. തബ്രിസ് അന്‍സാരിയുടെ തലയോട്ടിയുടെ വലതുവശത്തെ പെരിറ്റല്‍ ബോണിന് ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റ് മോര്‍ട്ടത്തില്‍ പരാമര്‍ശിക്കുന്നുവെന്ന് ക്വിറ്റ് വ്യക്തമാക്കുന്നു. തലച്ചോറിന്റെ വലതുഭാഗത്തായി രക്തശ്രാവമുണ്ടായിരുന്നു. ഹൃദയഭാഗങ്ങളിലെല്ലാം രക്തം തളംകെട്ടിയിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലുണ്ട്. കടുപ്പമേറിയ വസ്തുകൊണ്ടുള്ള ആക്രമണത്തിലാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റതെന്ന് വ്യക്തമാണ്.
ശരീരത്തിലുണ്ടായ ചതവുകളും എല്ലുകളുടെ പൊട്ടലുകളും ഹൃദയത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും രക്തം തളം കെട്ടിയതും ഹൃദയസ്തംഭനത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാണെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറിയാതെ സംഭവിക്കുന്നതല്ലെന്നും ഒരാളെ കൊല്ലുകയെന്ന ഉദ്ദേശംവെച്ചുതന്നെയാണ് തലയ്ക്ക് ആക്രമിക്കുന്നതെന്നും നിയമവിദഗ്ധനായ അമന്‍ ഖാന്‍ പറയുന്നു. തബ്രിസിനെ ആക്രമിച്ചവര്‍ക്കെതി കൊലക്കുറ്റം ചുമത്താതിരിക്കുന്ന പൊലീസ് നടപടി ന്യായീകരിക്കാവുന്നതല്ല. ഗുരുതര പരിക്കുകളാണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പൊലീസ് പ്രതികളുടെ പക്ഷം പിടിക്കുകയാണ്. കുറ്റങ്ങളില്‍ ഇളവ് നല്‍കി അവരെ രക്ഷപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. ഇത്തരം കേസുകളില്‍ കൊലക്കുറ്റം ചുമത്താറാണ് പതിവ്. പ്രതിഭാഗമാണ് അത് കോടതിയില്‍ ചോദ്യം ചെയ്യാറ്. എന്നാല്‍ തബ്രിസിന്റെ കേസില്‍ മറിച്ചാണുണ്ടായിരിക്കുന്നത്. മതിയായ തെളിവുകളുണ്ടായിട്ടും കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് പൊലീസെന്നും ഖാന്‍ വ്യക്തമാക്കി. ക്രൂരമര്‍ദ്ദനത്തിന്റെ പരിക്കുകളെ തുടര്‍ന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാന്നുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീറും ചൂണ്ടിക്കാട്ടുന്നു.
തലച്ചോറിന്റെ വലതുഭാഗത്തെ പെരിറ്റല്‍ ബോണിന് ഉണ്ടാകുന്ന പരിക്കുമൂലം ഒരാള്‍ പെട്ടെന്ന് മരിക്കണമെന്നില്ല. എന്നാല്‍ ഘട്ടം ഘട്ടമായി അത് മരണത്തിലേക്ക് നയിക്കും. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം തെളിവായുണ്ട്. അതായത് നേരിട്ടുള്ള തെളിവുകളോ സാഹചര്യത്തെളിവുകളോ വെച്ച് പൊലീസിന് കര്‍ശന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. പകരം അന്വേഷണ ഘട്ടത്തില്‍ തന്നെ പ്രധാന കുറ്റം ഒഴിവാക്കുകയാണ്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അനസ് തന്‍വീര്‍ നിരീക്ഷിക്കുന്നു. ജൂണ്‍ 18 നാണ് തബ്രിസ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് 24 കാരനായ തബ്രിസിനെ ഒരുസംഘം വളഞ്ഞിട്ട് നിഷ്ഠൂരമായി ആക്രമിക്കുകയായിരുന്നു. മണിക്കൂറുകളോളം മര്‍ദ്ദനം തടര്‍ന്നു. പ്രതികള്‍ തബ്രിസിനെ പ്രഹരിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജൂണ്‍ 22 ന് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതടിസ്ഥാനമാക്കി പ്രതികള്‍ക്കെതിരായ കൊലക്കുറ്റം നീക്കുകയായിരുന്നു പൊലീസ്. മര്‍ദ്ദനത്തിന് നാല് നാള്‍ കഴിഞ്ഞാണ് ഹൃദയസ്തംഭനം ഉണ്ടായതെന്ന് വാദിച്ചാണ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നത്.