കൊച്ചി, മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധി സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. തീരദേശ പരിപാലന നിയമം ലംഘിച്ച ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തണമെന്ന് ഈ മാസം 8 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. 13 ന് ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു . ഇതിന് പിന്നാലെയാണ് നീക്കം ചെയ്യപ്പെട്ടത്. വിധിപ്പകര്‍പ്പ് ലഭിക്കാത്തതിനാല്‍ മരട് നഗരസഭയ്ക്ക് നിയമോപദേശം വൈകുകയാണ്. വെബ്‌സൈറ്റില്‍ നിന്ന് വിധി അപ്രത്യക്ഷമായതില്‍ നഗരസഭയുടെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാറെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് പകര്‍പ്പ് ഡിലീറ്റ് ചെയ്തുവെന്നതിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഒരിക്കല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ രണ്ട് സാഹചര്യങ്ങളിലല്ലാതെ ഉത്തരവ് നീക്കം ചെയ്യുന്ന പതിവില്ല. ഒന്നുകില്‍ റിവിഷന്‍ പെറ്റീഷന്‍ ഉണ്ടാവുകയും വിധി മാറ്റപ്പെടുകയും വേണം. രണ്ടാമതായി, എന്തെങ്കിലും പിഴവുകളുണ്ടായാല്‍ അഭിഭാഷകര്‍ കോടതിയെ അക്കാര്യം ധരിപ്പിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ അനുമതിയോടെ നീക്കം ചെയ്യാം. ഫ്‌ളാറ്റ് പൊളിക്കല്‍ ഉത്തരവില്‍ ഇവ രണ്ടും സംഭവിച്ചിട്ടില്ല. വിഷയത്തില്‍ ദുരൂഹത തുടരുകയാണ്. നിയമോപദേശത്തിനായി വിദഗ്ധരെ സമീപിച്ചപ്പോള്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലേ സാധ്യമാകൂവെന്ന് അവര്‍ മറുപടി നല്‍കുകയായിരുന്നു. അപ്പോഴാണ് ഉത്തരവ് ലഭ്യമല്ലെന്ന കാര്യം നഗരസഭയും തിരിച്ചറിയുന്നത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം നിയമോപദേശം നല്‍കാനാവില്ലെന്ന് നഗരസഭയോട് ഇവര്‍ വ്യക്തമാക്കി. ഉത്തരവ് വീണ്ടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമേ നിയമോപദേശം ലഭ്യമാകൂവെന്ന് നഗരസഭ അധികൃതര്‍ ദ ക്യൂവിനോട് വ്യക്തമാക്കി. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നാണ് പരമോന്നത കോടതിയുടെ നിര്‍ദേശം. നടപടിയെടുത്തശേഷം അതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ നഗരസഭയ്ക്കായിട്ടില്ല. ഉത്തരവ് വായിക്കാതെ എങ്ങനെ നടപടിയെടുക്കുമെന്നാണ് നഗരസഭയുടെ ചോദ്യം. വിധിപ്പകര്‍പ്പ് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷം അതിന്‍മേല്‍ നിയമോപദേശം ലഭിച്ചുവരുമ്പോഴേക്കും കാലതാമസമുണ്ടാകും. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയ ദിവസം മുതലേ വിധി നടപ്പാക്കാനുള്ള ഒരു മാസം കണക്കാക്കാവൂ എന്ന് കോടതിയോട് ആവശ്യപ്പെടാനാണ് നഗരസഭയുടെ തീരുമാനം. വാര്‍ത്ത വന്നതിന് പിന്നാലെ വിധിപ്പകര്‍പ്പ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തീരദേശ പരിപാലന നിയമത്തില്‍ 1991 ല്‍ അവതരിപ്പിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പ്രസ്തുത നിയമപ്രകാരം കേസ് കാലയളവില്‍ മേഖല 3 ല്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു ഇത്. അതുപ്രകാരം ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്ന് കുറഞ്ഞത് 200 മീറ്റര്‍ അകലം പാലിച്ചേ കെട്ടിടങ്ങള്‍ പാടുള്ളൂ. ഈ ദൂരപരിധിയുടെ ലംഘനമുണ്ടായതിനെ തുടര്‍ന്നാണ് ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോടതി വിധിച്ചത്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്, ജെയ്ന്‍ ഹൗസിങ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്്‌ളാറ്റുകളാണ് നീക്കം ചെയ്യേണ്ടത്. ഇവയിലാകെ 349 ഫ്‌ളാറ്റുകളാണുള്ളത്.