പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഉടന്‍ പരിഗണിക്കണമെന്നും സ്വമേധയാ കേസെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ നിരാകരിച്ച് സുപ്രീം കോടതി. കേസ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഇപ്പോള്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുക്കാനാകില്ലെന്നും അറിയിച്ചു. ആദ്യം കലാപം അവസാനിപ്പിക്കൂവെന്നും ശേഷം ആവശ്യങ്ങള്‍ പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാണ് ജാമിയ മിലിയ, അലിഗഡ് വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ സര്‍വകലാശാലകളില്‍ അരങ്ങേറിയതെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ ആദ്യം അക്രമങ്ങള്‍ അവസാനിപ്പിക്കട്ടെയെന്നായിരുന്നു എസ്എ ബോബ്‌ഡെയുടെ മറുപടി. പൊതുമുതല്‍ നശീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കലാപം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്ന് ഇന്ദിര ജയ്‌സിങ് വ്യക്തമാക്കി. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ അറിയിച്ചു. പൊലീസ് ഹോസ്റ്റലുകളില്‍ അക്രമം അഴിച്ചുവിട്ടതായി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസും കോടതിയെ ധരിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജിമാരുടെ സമിതിയെ അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ എല്ലാ കാര്യങ്ങളും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജ സ്റ്റിസ് പറഞ്ഞു. കലാപം നടക്കുന്ന കാര്യം മനസ്സിലാക്കുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. എന്നാല്‍ കലാപത്തിന്റേ മധ്യേ ഇതില്‍ തീരുമാനമെടുക്കാനാകില്ല. ആളുകള്‍ പുറത്ത് കല്ലേറ് നടത്തുന്നുവെന്ന് കരുതി കോടതിക്ക് പൊടുന്നനെ ഇടപടാനാകില്ല. വിദ്യാര്‍ത്ഥികളാണെന്ന് കരുതി അവര്‍ക്ക് നിയമം കയ്യിലെടുക്കാന്‍ അധികാരമില്ല. സ്ഥിതിഗതികള്‍ക്ക് അയവ് വന്ന ശേഷം ഇത് പരിഗണിക്കാം. സ്വസ്ഥമായ മനസ്സോടെ ആവശ്യങ്ങള്‍ കേള്‍ക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം