എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന വിധിയുമായി ബന്ധപ്പെട്ട തിരുത്തല്‍ ഹര്‍ജി ഈ മാസം 23 വരെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിശദീകരണം. പൊളിച്ച് നീക്കുന്നതിന് സുപ്രീംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കും. 23ന് ചീഫ് സെക്രട്ടറി ടോം ജോസ് സൂപ്രീംകോടതിയില്‍ ഹാജരാകണം.
തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി 23ന് മുമ്പ് പരിഗണിക്കുമെന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. ഗോള്‍ഡന്‍ കായലോരം റസിഡന്റ് അസോസിയേഷനാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഒഴിപ്പിക്കല്‍ നോട്ടീസ് ബാധകമല്ലെന്നായിരുന്നു നഗരസഭയ്ക്ക് ഇവര്‍ രേഖാമൂലം നല്‍കിയ മറുപടി. ഒഴിയുന്നതിനായി മരട് നഗരസഭ നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് കാണിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചു.
ചീഫ് സെക്രട്ടറി ഹാജരാകുമ്പോള്‍ എന്ത് മറുപടി നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. വിധിയില്‍ ഇളവ് ലഭിക്കുന്നതിനായുള്ള ശ്രമം ദില്ലി കേന്ദ്രീകരിച്ച് തുടരുകയാണ്. കേന്ദ്രആഭ്യന്തരവകുപ്പ് വഴി മാത്രമേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് നീക്കാന്‍ കഴിയുകയുള്ളു. കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം