എസ്‌സി ,എസ്ടി നിയമത്തില്‍ ഇളവേര്‍പ്പെടുത്തിയ മുന്‍ ഉത്തരവ് പിന്‍വലിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ബിആര്‍ ഗവായ് എന്നിവരുടെ ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന നടപടി. എസ്.സി എസ്.ടി വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ്‌ഐആറും, അറസ്റ്റും മതിയെന്ന് 2018 ല്‍ വരുത്തിയ ഭേദഗതിയാണ് പരമോന്നത കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നടക്കം വരുത്തിയ ഇളവാണ് ഇതോടെ റദ്ദായത്.
അതായത് 1989 ലെ എസ്.സി എസ്ടി നിയമപ്രകാരമുള്ള അന്വേഷണ നടപടികള്‍ തന്നെ ഇത്തരം കേസുകളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. സമൂഹത്തില്‍ തുല്യതയ്ക്കായുള്ള എസ്.സി-എസ്.ടി വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഇപ്പോഴും അന്ത്യമായിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ആര്‍ട്ടിക്കിള്‍ 15 അനുശാസിക്കുന്ന പ്രത്യക പരിരക്ഷ ഈ വിഭാഗങ്ങള്‍ക്കുണ്ടെങ്കിലും ഇപ്പോഴും തൊട്ടുകൂടായ്മയും, അധിക്ഷേപങ്ങളും അവഗണനകളും നേരിടുകയാണെന്നും കോടതി വ്യക്തമാക്കി.
എസ്.സി എസ്.ടി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് നിരീക്ഷിച്ചാണ് 2018 മാര്‍ച്ച് 20 ന് സുപ്രീം കോടതി അന്വഷണനടപടികളില്‍ ഇളവ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ കോടതി ഇടപെടല്‍. നിയമത്തിലെ ഇളവ് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്.