കോടതികളില്‍ നിന്നുള്ള സമന്‍സ് കൈമാറാന്‍ സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാന്‍ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ഹൈക്കോടതിയിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരും അടങ്ങുന്ന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റത്തിന്റേതാണ് തീരുമാനം. ഇതിനായി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 62 ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടും. ആളില്ലാതെ സമന്‍സ് മടങ്ങുന്നതും മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാണ് പരിഷ്‌കാരം.
വാട്‌സ്ആപ്പിന് പുറമെ, ടെക്സ്റ്റ് മെസേജിലൂടെയും ഇമെയിലിലൂടെയും രേഖ കൈമാറാം. വാദികളുടെയും പ്രതികളുടെയും മൊബൈല്‍ നമ്പറും ഇതിനായി ലഭ്യമാക്കും. അതേസമയം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരെ കൂടി പങ്കാളിയാക്കാനും തീരുമാനിച്ചു. ഇതിനായി എല്ലാ മാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പൊലീസ് മേധാവിയും യോഗം ചേരും.
യോഗം മുറപോലെ ചേരുന്നുവെന്ന് സര്‍ക്കാരും ഡിജിപിയും ഉറപ്പാക്കും. രണ്ട് വര്‍ഷമെങ്കിലുമായ പെറ്റിക്കേസുകള്‍ ഈ കമ്മിറ്റി യോഗം ചേര്‍ന്ന് വേഗം തീര്‍പ്പാക്കും. അതേസമയം രണ്ടുവര്‍ഷത്തിനിടയില്‍ പലകുറി വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിശദാംശങ്ങള്‍ ജനുവരി 31 നകം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു. ഹൈക്കോടതിയിലേത് ഒഴികെ സംസ്ഥാനത്ത് 12,77,325 കേസുകള്‍ തീര്‍പ്പാകാതെയുണ്ട്. 3,96889 എണ്ണം സിവില്‍ കേസുകളും 8,80,436 എണ്ണം ക്രിമിനല്‍ കേസുകളുമാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം