പെരുന്നാളിന് തൊട്ടുമുമ്പായി ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. യുഡിഎഫ് എം എല്‍ എമാര്‍ വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആറാം തിയ്യതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാറിന് കത്ത് നല്‍കി. പെരുന്നാള്‍ ദിവസം കൃത്യമായി നിശ്ചയിച്ചിട്ടില്ലെങ്കിലും ജൂണ്‍ നാലിനോ അഞ്ചിനോ ആയിരിക്കുമെന്നാണ് വിശ്വാസികള്‍ കണക്കു കൂട്ടുന്നത്. മാസപിറവി കണ്ടാല്‍ അതിന് തൊട്ടടുത്ത ദിവസമാണ് പെരുന്നാള്‍. ഇല്ലെങ്കില്‍ മുപ്പത് നോമ്പ് കഴിഞ്ഞാല്‍ പെരുന്നാള്‍ ആഘോഷിക്കും. വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട് ഇതാണ്.
സച്ചിന്‍ ദേവ് ,എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി
പെരുന്നാളിന് സാധാരണ രീതിയില്‍ കൊടുക്കുന്ന അവധി നല്‍കണമെന്നാണ് എസ് എഫ് ഐയുടെ നിലപാട്. ആഘോഷിക്കാനുള്ള അവസരം കുട്ടികള്‍ക്കും ഉണ്ടാകണം. ഏത് ദിവസമാണോ പെരുന്നാള്‍ അതിന് തൊട്ട് മുമ്പോ ശേഷമോ അവധി നല്‍കണം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരിക്കണം.
എം പി നവാസ്, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി
വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടാന്‍ എം എസ് എഫ് ആവശ്യപ്പെട്ടിരുന്നു. പെരുന്നാളിന്റെ തലേദിവസമായിരിക്കും സ്‌കൂള്‍ തുറക്കുന്നത്. പ്രവേശനോത്സവം നടക്കുമ്പോള്‍ രക്ഷിതാക്കളെല്ലാം പങ്കെടുക്കേണ്ടതുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
കെ എം അഭിജിത്ത്, കെ എസ് യു സംസ്ഥാന പ്രസിഡന്റ്
സ്‌കൂള്‍ തുറക്കുന്നത് രണ്ട് ദിവസത്തേക്ക് നീട്ടണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിനനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണം. രമ്യമായി പരിഹരിക്കണം. അവസാനത്തെ നോമ്പ്് പ്രധാനപ്പെട്ടതാണെന്ന് പറയുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പറയുന്ന വിഭാഗമുണ്ട്. ഈ രണ്ട് കൂട്ടരുടെയും അഭിപ്രായം സര്‍ക്കാര്‍ കേള്‍ക്കണം.