വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സിപിഐ ദേശീയ നേതാവ് ആനി രാജ. വാളയാറിലേത് സംസ്ഥാനത്തിനേറ്റ കളങ്കമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവമുണ്ടായി. അന്വേഷണത്തിലെ വീഴ്ച്ചയാണ് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിടാന്‍ കാരണം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ആനി രാജയുടെ പ്രതികരമം.
രണ്ട് കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് അതിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ സാധിക്കാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്ര വലിയ അലംഭാവമുണ്ടാകുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും വളരെ ഗൗരവമായി ഇതിനെ കാണണം.ആനി രാജ
കാര്യക്ഷമമായും സമയബന്ധിതമായും ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച് നീതി ഉറപ്പാക്കണം. കുറ്റവാളികളെ രക്ഷിക്കുന്നതിന് കൂട്ടുനിന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളായാലും നേതൃത്വമായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നമ്മുടെ സംസ്ഥാനത്തിനേറ്റ ഈ കളങ്കം സര്‍ക്കാര്‍ നീക്കണം. അതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്നും ആനി രാജ വ്യക്തമാക്കി.
കേസ് അന്വേഷണത്തിലും വിചാണയിലും പൊലീസും പ്രോസിക്യൂഷനും വീഴ്ച്ച വരുത്തിയെന്ന് വ്യക്തമായതോടെ രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര വകുപ്പ് നേരിടുന്നത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടന്നെന്ന് ചെന്നിത്തല പ്രസ്താവിച്ചു. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
13 വയസുകാരി ചേച്ചിയും ഒന്‍പത് വയസുകാരി അനിയത്തിയും എട്ടടി ഉയരത്തിലെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ചെന്ന പോലീസ് ഭാഷ്യം സാമാന്യബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല.രമേശ് ചെന്നിത്തല
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആക്കിയ സര്‍ക്കാര്‍ കേസിന്റെ എല്ലാതലങ്ങളിലും വീഴ്ച വരുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് അന്വേഷണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നത്.പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ നേരിട്ട് എത്തി മൊഴി നല്‍കിയ കേസ് ആണ് അട്ടിമറി നടത്തിയിരിക്കുന്നത്. തെളിവ് ശേഖരിക്കുന്നതിലും പഴുതകളടച്ച അന്വേഷണം നടത്തുന്നതിലും പോലീസിനെ പിന്നോട്ട് വലിച്ചതെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം