സ്‌ഫോടന പരമ്പര നടന്ന ശ്രീലങ്കയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം വിഫലമായി. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ സംഘത്തിന്റെ യാത്ര തടസ്സപ്പെട്ടത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിിക്കാട്ടിയാണ് ഹൈക്കമ്മീഷന്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചത്.
രക്ഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ എസ് എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ 15 അംഗ മെഡിക്കല്‍ സംഘത്തെ അയക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നത്.
ഓര്‍ത്തോ, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങളില്‍ നിന്നുള്ള പത്ത് ഡോക്ടര്‍മാരും അഞ്ച് നേഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്.
അനുമതി ലഭിക്കുന്നതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇന്ത്യന്‍ അംബാസിഡര്‍ വഴി ശ്രീലങ്കന്‍ ഹൈക്കമ്മീഷനില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇനിയും സ്‌ഫോടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ശ്രീലങ്ക.
സ്‌ഫോടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ശ്രീലങ്ക.
എന്നാല്‍ ഡോക്ടര്‍ എസ് എസ് സന്തോഷ്‌കുമാര്‍ ബുധനാഴ്ച രാവിലെ ശ്രീലങ്കയിലേക്ക് പോകും.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സേവനം നടത്തുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ സൗത്ത് ഏഷ്യാ വൈസ് പ്രസിഡന്റാണ് ഡോക്ടര്‍ സന്തോഷ്. എംഎസ്എഫ് സംഘം ശ്രീങ്കയിലുണ്ടെന്നും അവര്‍ക്കൊപ്പം ചചേരുമെന്നും ഡോക്ടര്‍ സന്തോഷ് ദ ക്യുവിനോട് പറഞ്ഞു.
മറ്റൊരു രാജ്യത്ത് പോയി ജോലി ചെയ്യുമ്പോള്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ആവശ്യമാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി പോകുമ്പോള്‍ ഇത്തരം നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അവിടെ പോയതിന് ശേഷം സര്‍ക്കാറിന്റെ മെഡിക്കല്‍ സംഘത്തിന് പോകാനുള്ള അനുമതി നേടിയെടുക്കാന്‍ ശ്രമിക്കും. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ കഴിയുന്ന സ്‌പെഷ്യാലിറ്റി ടിമാണ് കേരളത്തിന്റെത്. പത്ത് ഡോക്ടര്‍മാരും അഞ്ച് നേഴ്‌സുമാരാണ് സംഘത്തിലുള്ളത്. സ്‌ഫോടനത്തിലെ പരിക്കുകള്‍ ദീര്‍ഘകാല ചികിത്സയും ടിം വര്‍ക്കും ആവശ്യമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ടിം. അത്തരമൊരു ടിമിന്റെ ആവശ്യം ബോധ്യപ്പെടുത്തി ഇവരെ കൊണ്ടു പോകാനാണ് ശ്രമിക്കുക.