തന്റെ പേരിലുള്ള ആറ് ഫേക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും വഞ്ചിതരാകരുതെന്നും നടന്‍ ശ്രീനിവാസന്‍. ആദ്യം സിപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നടക്കം വ്യാജ പ്രചരണങ്ങളാണ് ഈ അക്കൗണ്ടുകളിലൂടെ നടക്കുന്നത്. സിപിഎം ഒരു ചൂണ്ടയാണ് സൂക്ഷിക്കണം, എന്നും താന്‍ പറഞ്ഞെന്നാണ് പ്രചരണം. ഇതെല്ലാം തീര്‍ത്തും വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഇതുവരെ തനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ Sreenivasan Pattiam (sreeni) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ശ്രീനിവാസന്റെ വാക്കുകള്‍
ഫെയ്‌സ്ബുക്കില്‍ ഇതുവരെ എനിക്ക് അക്കൗണ്ട് ഇല്ലായിരുന്നു. എന്നാല്‍ ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ആറ് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ആ അക്കൗണ്ടുകളിലൂടെ സുഹൃത്തുക്കള്‍ക്ക് പറയാനുള്ള നിരവധി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതായി അവര്‍ പറയുകയാണ്. വിനീതിന് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കിയെന്നൊക്കെയാണ്. സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍, പാടില്ലെന്ന് പിന്നീടൊരിക്കല്‍. സിപിഎമ്മില്‍ ചേരുകയെന്നാല്‍ ചൂണ്ടയാണ് സൂക്ഷിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍, ഇതുവരെ ഞാന്‍ വിനീതിനോട് രാഷ്ട്രീയം സംസാരിച്ചിട്ടില്ല. ഓരോ ആളുകള്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍, ഇവിടെ നടക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം. വിനീതിന് ആ രീതിയില്‍ കഴിവുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. വിനീതിന് മാത്രമല്ല പുറത്തു പറയാത്തവര്‍ക്ക് പോലും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും. എന്റെ ഉപേദേശമോ അഭിപ്രായമോ ആര്‍ക്കും ആവശ്യമില്ല. ഞാന്‍ ആരെയും ഉപദേശിക്കാന്‍ തയ്യാറല്ല. ലോകത്തെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. പക്ഷേ ഫേക്ക് അക്കൗണ്ടുകളില്‍ എന്നെ പറ്റി എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസ്സിലാക്കണം. Sreenivasan Pattiam (Sreeni) എന്ന ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അതിലൂടെ എനിക്ക് പറയാന്‍ ആഗ്രഹമുള്ള ഉപദേശമല്ലാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയാന്‍ ആ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ശ്രമിക്കുന്നതാണ്.