Special Report

വയനാടിനെ വീണ്ടെടുക്കാന്‍ പാക്കേജിനാകുമോ?

കഴിഞ്ഞ രണ്ട് പ്രളയവും ദുരിതം വിതച്ച മണ്ണാണ് വയനാട്ടിലേത്. കാലാവസ്ഥ വ്യതിയാനം മൂലം മരുഭൂവത്കരണം നടക്കുന്ന വയനാടിന് വലിയ ആഘാതമാണ് പ്രളയം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തിന് പിന്നാലെ കൊടുംവരള്‍ച്ചയായിരുന്നു വയനാട് നേരിട്ടത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജില്ലയുടെ പല ഭാഗത്തും കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ട് നേരിട്ട് തുടങ്ങി. പുഴകളും തോടുകളും വറ്റുന്നു. പ്രളയത്തിന് ശേഷം വരള്‍ച്ച എന്നതിന് നേരിടാനുള്ള പദ്ധതികള്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വയനാട് പാക്കേജിനായി 2000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതി കേന്ദ്രീകരിച്ചുള്ളതാണ് പാക്കേജ്. 60,000 ടണ്‍ കാര്‍ബണ്‍ എമിഷന്‍ പഞ്ചായത്തുതല പദ്ധതികളിലൂടെ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 6500 ഹെക്ടറില്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിനായി മുള നടും. 70 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. മൂന്ന് വര്‍ഷമാണ് പാക്കേജിന്റെ കാലാവധി. പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രളയവും വരള്‍ച്ചയും

വയനാടിന്റെ തനതു കാലാവസ്ഥയ്ക്ക് മാറ്റം വന്ന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഡക്കാന്‍ പീഠഭൂമിയുടെ കാലാവസ്ഥയിലേക്ക് വയനാട് മാറുന്നുവെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞു. 2018ലും 2019ലും ഉണ്ടായ പ്രളയം കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് വയനാടിന്റെ കാലാവസ്ഥയെ എത്തിച്ചിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് പ്രളയത്തിലുമായി ഉയര്‍ന്ന കുന്നുകള്‍ നില്‍ക്കുന്ന പ്രദേശത്തെ 25000 ഹെക്ടറിലെ മേല്‍മണ്ണ് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോട്ടിലുള്ളത്.

മുള്ളക്കൊല്ലി, പുല്‍പ്പള്ളി,തിരുനെല്ലി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരിയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങള്‍ വരള്‍ച്ച ബാധിത മേഖലകളായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പ്രളയസമയത്ത് അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലെല്ലാം വരള്‍ച്ചയുണ്ടാകുമെന്ന് വയനാട് മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് പറയുന്നു. അതിതീവ്ര മഴ ലഭിച്ച സ്ഥലങ്ങളില്‍ പ്രളയം മാത്രമല്ല വരള്‍ച്ചയും ഉണ്ടാകും. അധികമഴ ലഭിക്കുന്നതാണ് പ്രളയത്തിന് കാരണം.

പ്രളയമുണ്ടാകുമ്പോള്‍ വെള്ളത്തിനൊപ്പം മണ്ണിലെ ജൈവസമ്പത്തും ഒഴുകി പോകുന്നു. സാധാരണനിലയില്‍ മഴ പെയ്യുമ്പോള്‍ വെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലമായി സംഭരിക്കപ്പെടും. പിന്നീട് വെള്ളത്തിന്റെ സ്രോതസ്സുകള്‍ രൂപപ്പെടും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ സംഭരിക്കപ്പെടുന്ന ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയും. മേല്‍മണ്ണിലെ ജൈവാംശം ഇല്ലാതാകും. ഈര്‍പ്പം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷിയാണ് ഇല്ലാതാക്കുന്നത്. ഒരു ടണ്‍ മണ്ണില്‍ അഞ്ച് കിലോ വരെ ഓര്‍ഗാനിക് കാര്‍ബണ്‍ ഉണ്ടാകുമ്പോഴാണ് നല്ല മണ്ണാകുന്നത്. വെള്ളത്തെ കൂടുതലായി സംഭരിച്ച് നിര്‍ത്താന്‍ ഇത്തരം മണ്ണിന് കഴിയും. മണ്ണിന്റെ ഈ സ്വാഭാവിക ഈര്‍പ്പം വയനാട്ടില്‍ ഇല്ലാതായി.

ഉരുള്‍പൊട്ടലിലൂടെ ഉള്ളിലുള്ള പാറകടക്കം പുറത്തേക്ക് ഒലിച്ചു പോയെന്നും പി യു ദാസ് പറയുന്നു.മഴയുടെ പാറ്റേണ്‍ മാറിയതിന് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്.

2019ലെ പ്രളയത്തില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയ്ക്കുണ്ടായ നഷ്ടം 237.62 കോടി രൂപയുടെ നഷ്ടമാണെന്ന് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. 4195.26 ഹെക്ടറിലെ കൃഷി നശിച്ചു. തെങ്ങ്, കവുങ്ങ്, കാപ്പി, വാഴ എന്നിങ്ങനെയുള്ള കൃഷികളാണ് കൂടുതലായി നശിച്ചത്.

വയനാട്ടില്‍ ശരിയായ കാര്‍ഷിക രീതിയില്‍ നടക്കണമെങ്കില്‍ ആറ് തരം മഴ കിട്ടണമെന്ന് പരമ്പരാഗത കര്‍ഷകനായ ചെറുവയല്‍ രാമന്‍ പറയുന്നു. കുംഭത്തില്‍ ഒന്നാം മഴ തുടങ്ങും. ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്ത് തുടങ്ങും. വയല്‍ ഉഴുത് ഒന്നാം വിത്തിടേണ്ട സമയമാണിത്.

വിഷുവിന് അടുപ്പിച്ച് ഇടിയോട് കൂടിയ മഴ. ഇടവപ്പാതിയും കിട്ടും. തിരുവാതിര ഞാറ്റുവേല, ചിങ്ങത്തിലെ ചിനുക്കന്‍ മഴ, തുലാവര്‍ഷം ഇങ്ങനെയുള്ള മഴയെ ആശ്രയിച്ചാണ് വയനാട്ടിലെ കൃഷി മുന്നോട്ട് പോയിരുന്നത്. കാടും തോടും ചതുപ്പു നിലങ്ങളും ഇല്ലാതായി. നീറുറവകള്‍ ഇല്ലാതായതോടെ വരള്‍ച്ചയായി. ഇതാണ് കാര്‍ഷിക മേഖലയുടെ താളം തെറ്റാന്‍ ഇടയാക്കിയതെന്നും ചെറുവയല്‍ രാമന്‍ പറയുന്നു.

വയനാട് പാക്കേജും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയും

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയും മുന്‍നിര്‍ത്തിയാണ് വയനാട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കിന്‍ഫ്രയുടെ 100 ഏക്കറില്‍ മെഗാഫുഡ് പാര്‍ക്ക് സ്ഥാപിക്കും.

വയനാട്ടിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 15 ലക്ഷം ടണ്ണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 ലക്ഷം ടണ്‍ ആഗിരണം ചെയ്യുന്നതിനുള്ള മരങ്ങള്‍ വയനാട്ടിലുണ്ട്. മുളകളും മരങ്ങളും നട്ടുപിടിപ്പിച്ച് കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

വരള്‍ച്ചയെ നേരിടാനുള്ള പ്രത്യേക പദ്ധതി വയനാട് പാക്കേജില്‍ ഉണ്ടാവണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഇല്ലാതാക്കാനും മേല്‍മണ്ണിനെ പുനസ്ഥാപിക്കാനും കഴിയണം. മണ്ണിന്റെ നഷ്ടപ്പെട്ട ജൈവാംശം ഉണ്ടാക്കിയെടുക്കണം.

മുള്ളന്‍കൊല്ലിയില്‍ ഇപ്പോള്‍ പദ്ധതി നടക്കുന്നുണ്ട്. ആ മാതൃകയില്‍ മറ്റ് വരള്‍ച്ചാ ബാധിത മേഖലകള്‍ക്കും പദ്ധതി വേണം. വെള്ളം സംഭരിച്ച് നിര്‍ത്തുകയാണ് പോംവഴി.
പി യു ദാസ്

വരള്‍ച്ചാ ലഘൂകരണത്തിന് മുള്ളന്‍കൊല്ലി മാതൃക

മുള്ളംകൊല്ലിയില്‍ ഒരു വര്‍ഷം മുമ്പാണ് വരള്‍ച്ചാ ലഘൂകരണ പദ്ധതി ആരംഭിച്ചത്. അടുത്ത രണ്ട് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാവുക. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി വരള്‍ച്ചാ ലഘൂകരണ പദ്ധതിക്കായി പ്രത്യേക ഫണ്ട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

കബനി തടവും പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്ന 15220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതി പ്രദേശം. ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കലാണ് പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ചുടുകാറ്റിനെ പ്രതിരോധിക്കാനായി 73000 വൃക്ഷത്തൈകള്‍ നട്ടു. 65 കാവുകള്‍ സ്ഥാപിച്ചു. 120 കാവുകള്‍ സ്ഥാപിക്കാനാണ് അനുമതിയുള്ളത്. 80 കിലോമീറ്റര്‍ ദൂരത്തില്‍ ഓട നട്ടുപിടിപ്പിക്കുന്നുണ്ട്. തോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂട്ടാനുള്ള പദ്ധതി, ചെക്ക് ഡാമുകള്‍ എന്നിവയും നടപ്പാക്കുന്നു.

മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും സൂക്ഷമമൂലകങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആവരണകൃഷി ചെയ്യുന്നുണ്ട്. ഇതേ മാതൃകയിലുള്ള പദ്ധതി ജില്ലയിലാകെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT