മരടില്‍ അനിശ്ചിതത്വം തുടരുകയാണ്. സുപ്രീംകോടതി വിധി പ്രകാരം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കല്‍ നോട്ടീസിന്റെ സമയപരിധി അവസാനിക്കുമ്പോഴും എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ടതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സൂക്ഷമമായി നീങ്ങാനാണ് സര്‍ക്കാറിന്റെ ശ്രമം. നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുണ്ടെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞത് മുന്നണിയിലെ ആശയക്കുഴപ്പം വെളിവാക്കുകയാണ്. 343 കുടുംബങ്ങളിലെ 1472 പേരെ ഒഴിപ്പിക്കണമെന്നാണ് നഗരസഭയുടെ കണക്ക്.
തിരുത്തല്‍ ഹര്‍ജിയിലും സര്‍വകക്ഷിയോഗത്തിലും പ്രതീക്ഷയര്‍പ്പിച്ച് ഉടമകള്‍
സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ പ്രതീക്ഷ. ഗോള്‍ഡന്‍ കായലോരം റസിഡന്റ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊളിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് വാദം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ കൊളീജിയത്തിലെ മൂന്ന് അംഗങ്ങള്‍ കൂടിയുണ്ടാകും. അരുണ്‍ മിശ്ര വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അനുകൂലമായ വിധിക്കുള്ള സാധ്യത മങ്ങുകയാണ്.
നിയമം അനുശാസിക്കുന്ന പരിഹാരം തേടാമെന്ന് നേരത്തെ തന്നെ കോടതി ഉടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനി ലോ ഓഫ് ട്രിബ്യുണലിനെ സമീപിക്കാമെന്ന് നിര്‍ദേശമുണ്ട്. ഫ്‌ളാറ്റ് ഉടമകള്‍ വാങ്ങുന്ന സമയത്ത് തന്നെ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. കേസില്‍ കക്ഷി ചേര്‍ക്കാതിരുന്നത് ഫ്‌ളാറ്റുകള്‍ പൊളിക്കില്ലെന്ന വിശ്വാസത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്.
സര്‍വകക്ഷി യോഗം നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെയും പ്രതീക്ഷയോടെയാണ് ഫ്‌ളാറ്റുടമകള്‍ കാണുന്നത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പിന്തുണയുമായി എത്തുന്നുണ്ട്. അനുകൂല തീരുമാനമുണ്ടാകുന്നതിന്റെ സൂചനയായാണ് ഉടമകള്‍ വിലയിരുത്തുന്നത്. തങ്ങള്‍ നടത്തുന്ന സമരത്തിന്റെ വിജയമാണിതെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ ഷംസുദ്ദീന്‍ അവകാശപ്പെടുന്നു.
തിരുത്തല്‍ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് സമരം നടത്തുന്ന ഫ്‌ളാറ്റുടമകള്‍ പറയുന്നു.
“ഓരോ ദിവസവും പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. കോടതി ഞങ്ങളുടെ ഭാഗം കേള്‍ക്കുമെന്നും വിഷമം മനസിലാക്കുമെന്നുമാണ് ഇപ്പോഴും കരുതുന്നത്. മാറി താമസിക്കുന്നത് സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല. ആരുടെയൊക്കെ തെറ്റ് കാരണം ശരിക്കും പരിശോധിക്കാതെ വിധി പറഞ്ഞു. എല്ലാ കാര്യങ്ങളും നോക്കാതെ വിധി പറയാന്‍ പാടില്ല. ഞങ്ങള്‍ മരണം വരെ ഇവിടെ തന്നെ ഉണ്ടായിരിക്കും. എവിടെ പോകാനും ഇല്ല. ഇവിടെ ഭൂമി വാങ്ങാന്‍ എത്ര കാശ് വേണം. അതില്ലാത്തതിനാല്‍ ഫ്‌ളാറ്റ് വാങ്ങി. കോടീശ്വരന്‍മാരൊന്നുമല്ല. തെരുവില്‍ പോയി കിടക്കാനാവില്ല”.
വീണ്ടും ഹൈക്കോടതിയിലേക്ക്
മരട് നഗരസഭ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ പതിച്ച നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് ഉടമകള്‍. തിങ്കളാഴ്ച ഹര്‍ജി നല്‍കും. ബില്‍ഡേഴ്‌സിന് നല്‍കേണ്ട നോട്ടീസാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. കുറഞ്ഞ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തെ നോട്ടീസാണ് ഒട്ടിച്ചിരിക്കുന്നത്. ഒഴിപ്പിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് മൂന്ന് മാസത്തെ നോട്ടീസ് നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു.
നഗരസഭയോ ജില്ലാ ഭരണകൂടമോ നിര്‍ദേശിക്കുന്നിടത്തേക്ക് മാറി താമസിക്കില്ലെന്നും താമസക്കാര്‍ പറയുന്നു. തെരുവോരങ്ങളില്‍ താമസിക്കാനല്ല ഇത്രയും കാലം അധ്വാനിച്ച പണം കൊടുത്ത് ഫ്‌ളാറ്റ് വാങ്ങിയതെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലാത്തതിനാല്‍ ഇവിടെ നിന്നും മാറില്ലെന്നും ഉറപ്പിച്ച് പറയുന്നു. നീതിയുടെ ഭാഗത്താണ് കോടതി നില്‍ക്കേണ്ടതെന്നും ഇവര്‍ വാദിക്കുന്നു.
കൈമലര്‍ത്തി നിര്‍മ്മാതാക്കള്‍
മരടിലെ നാല് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിയമാനുസൃതമായി വിറ്റതാണെന്നാണ് മരട് നഗരസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. നികുതിയടക്കുന്നവരാണ് ഉടമകളെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നിര്‍മ്മാതാക്കള്‍ക്കെതിരെ ഫ്‌ളാറ്റുടമകളും നിയമനടപടി സ്വീകരിച്ചിട്ടില്ല. തീരദേശപരിപാലന നിയമം ലംഘിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ നാലെണ്ണം മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ വെന്‍ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വര്‍ക്കി ആന്‍ഡ് വി എസ് ബില്‍ഡേഴ്‌സ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഹോളി ഹെറിറ്റേഡിന് നിര്‍മ്മാണാനുമതി ലഭിച്ചിരുന്നുവെങ്കിലും കെട്ടിടം നിര്‍മ്മിച്ചിരുന്നില്ല.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് മരട് നഗരസഭയുടെ തീരുമാനം. കുടിയൊപ്പിക്കല്‍ നോട്ടീസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാത്രമേ ഇനി മുന്നോട്ട് എങ്ങനെ പോകുമെന്ന് കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന. മാനുഷിക പരിഗണന മരടിലെ ഫ്‌ളാറ്റുടമകളോട് കാണിക്കണമെന്നായിരിക്കും സര്‍ക്കാറിന്റെ വാദം.