നമ്പര്‍ വണ്‍ ആരോഗ്യകേരളവും അതിര്‍ത്തിജില്ലയായ കാസര്‍ഗോഡും
രാവിലെ നാലരയ്ക്ക് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ആദ്യത്തെ ബസ്. ചെറുവത്തൂരില്‍ നിന്ന് പുറപ്പെടുന്ന മംഗലാപുരം പാസഞ്ചര്‍. രണ്ടിലും ജനം തിങ്ങിനിറഞ്ഞിരിപ്പുണ്ടാവും. കെഎസ്ആര്‍ടിസി ബസ് അതിര്‍ത്തി കടക്കുക നിറഗര്‍ഭിണിയെ പോലെയാണെങ്കില്‍ മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്നതാണ് പാസഞ്ചര്‍ ട്രെയിനിലെ കാഴ്ച. കാസര്‍ഗോഡും മംഗലാപുരവും ഇക്കാലമത്രയും ഒരു നാടും ഒരേ മനസുമായിരുന്നുവെന്ന് പറയണം. ആ നാടുകള്‍ക്കിടയില്‍ മനുഷ്യത്വരഹിതമായൊരു അതിര്‍ത്തി തീര്‍ക്കുകയാണ് കൊവിഡ് 19 കാലത്ത് കര്‍ണാടക ചെയ്തത്.
കര്‍ണാടക അതിര്‍ത്തി അടച്ചിട്ടതിന് പിന്നാലെ കാസര്‍ഗോഡ് ചികിത്സ കിട്ടാതെ മരിച്ചത് ഏഴ് പേരാണ്. അഞ്ച് ദിവസത്തെ കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചികിത്സ കിട്ടാതെ മരിച്ചവരുടെ വാര്‍ത്തകള്‍ കാസര്‍ഗോഡ് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആദ്യത്തെ മരണവാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു, അവസാനത്തേതിലേക്ക് എത്തുമ്പോള്‍ പ്രാധാന്യം കുറഞ്ഞിരുന്നു. കര്‍ണാടക കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ അതിര്‍ത്തി അടച്ചപ്പോള്‍ ദുരിതത്തിലാക്കിയത് ഇവിടെയുള്ള നിരവധി രോഗികളെയാണ്. ഹൃദ്രോഗത്തിനും വൃക്കരോഗങ്ങള്‍ക്കും അടിയന്തര ശസ്ത്രക്രിയകള്‍ക്കും കാലങ്ങളായി ആശ്രയിക്കുന്ന നഗരത്തിലേക്കുള്ള വാതിലാണ് കര്‍ണാടക അടച്ചുപൂട്ടിയത്. കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി മണ്ണിട്ട് അടച്ചത് ശക്തമായ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വരെ തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ പിന്നോക്കാവസ്ഥ. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ എന്ന് വിശേഷിക്കപ്പെടുന്ന കേരളത്തില്‍ തന്നെയാണ് മികച്ച ചികില്‍സയ്ക്കും ശസ്ത്രക്രിയക്കുമെല്ലാം ജില്ലക്ക് പുറത്തേക്ക് ഓടേണ്ട സാഹചര്യമുള്ള കാസര്‍ഗോഡ് ഉള്ളത്.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 128 ആണ്. ഒരാള്‍ മാത്രമാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുള്ളത്. മറ്റെല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മാത്രം 31 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇവരുടെയെല്ലാം നില തൃപ്തികരമാണെന്ന് കൊവിഡ് കാസര്‍ഗോഡ് ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡപ്യൂട്ടി ഡിഎംഒയുമായ ഡോ. ടി.പി മനോജ് ദ ക്യുവിനോട് പറഞ്ഞു. വിദേശത്ത് നിന്ന് എത്തിയ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളോ, ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയവര്‍ക്കോ മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ജില്ലയിലെ സ്ഥിതി ഈ ഘട്ടത്തില്‍ കൈവിട്ട് പോയിട്ടില്ല.
ഒറ്റ നഗരം, ഏഴ് മെഡിക്കല്‍ കോളേജ്
മംഗലാപുരത്ത് മാത്രം ഏഴ് മെഡിക്കല്‍ കോളേജുകളുണ്ട്. ഇവിടെ താരതമ്യേന കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രോഗികളില്‍ നല്ലൊരു ശതമാനവും ഈ തുറമുഖ നഗരത്തെ ആശ്രയിക്കുന്നുണ്ട്. പക്ഷെ അതിര്‍ത്തി അടച്ചപ്പോള്‍ കുടുങ്ങിയത് കാസര്‍ഗോഡുകാരാണ്. ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ കാസര്‍ഗോഡ് നിന്ന് മംഗലാപുരത്ത് എത്താം. കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങിയ ജില്ലയുടെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഇതിലും കുറച്ച് സമയം കൊണ്ട് മംഗലാപുരത്തേക്ക് എത്താനാവും.
'മംഗലാപുരത്തെ കച്ചവടവും ആശുപത്രികളും കാസര്‍ഗോഡിനെ കൂടി ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അവിടെയുള്ള ആശുപത്രികളില്‍ ഒപിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 60 ശതമാനത്തോളം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. വ്യാപാരികളില്‍ നല്ലൊരു പങ്കും കാസര്‍ഗോഡുകാരാണ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന 40 ശതമാനത്തോളം പേര്‍ നമ്മുടെ സംസ്ഥാനത്ത് നിന്നുള്ളവരാണ്. രണ്ട് മെഡിക്കല്‍ കോളേജുകളുടെ ഉടമസ്ഥരില്‍ കാസര്‍ഗോഡ് ജില്ലക്കാരുണ്ട്. അതിനാല്‍ തന്നെ മംഗലാപുരത്തെ വലിയ പട്ടണമാക്കി മാറ്റിയതില്‍ കാസര്‍ഗോട്ടുകാരുടെ പങ്ക് പ്രധാനപ്പെട്ടതാണ്'- മുസ്ലിം ലീഗ് നേതാവ് എ.കെ.എം അഷ്‌റഫ് ദ ക്യു ഇക്കാര്യത്തിനായി വിളിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെ.
അഞ്ച് ദിവസം, ഏഴ് മരണം
കാസര്‍ഗോഡ് കുഞ്ഞത്തൂരിലെ മകന്റെ വീട്ടില്‍ താമസിക്കുന്ന പാത്തുഞ്ഞി കര്‍ണാടക തലപ്പാടി സ്വദേശിയാണ്. മംഗലാപുരത്താണ് ചികില്‍സിക്കുന്നത്. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം. മംഗലാപുരത്ത് ചികില്‍സക്ക് പോയപ്പോള്‍ ആംബുലന്‍സ് തിരിച്ചയച്ചതിനെ തുടര്‍ന്നാണ് മംഗല്‍പാടി സ്വദേശിയായ അസീസിന്റെ മരണം. പിന്നീട് കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സിലെത്തിക്കുകയായിരുന്നു. വൃക്കരോഗിയായിരുന്നു അസീസ്. മംഗലാപുരത്ത് സ്ഥിരമായി ചികിത്സ തേടിയിരുന്ന ബേബിയുടെ മരണം രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ്. ഇവരെയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ആസ്ത്മ രോഗിയായ അബ്ദുള്‍ റഹ്മാന്‍ രോഗിയും മഞ്ചേശ്വരം സ്വദേശിയായ മാധവനും, ബേബിയും തലപ്പാടി (കര്‍ണാടക) സ്വദേശിയായ ആയിഷയും മരണപ്പെട്ടത് ഇതിന് പിന്നാലെയാണ്.
കാസര്‍ഗോഡിന്റെ വടക്കന്‍ മേഖലയില്‍ നൂറ് ശതമാനം മലയാളികളല്ല. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ട സമയത്തും ഇന്നും ഈ പ്രദേശങ്ങളെ കര്‍ണ്ണാടകത്തോട് ചേര്‍ക്കണമെന്ന വാദം ശക്തമായിരുന്നു. കാസര്‍ഗോഡും മംഗലാപുരവും തമ്മിലുള്ള ബന്ധം തലമുറകളുടെ പഴക്കമുള്ളതാണ്. ഇവിടുത്തുകാര്‍ അധികവും സംസാരിക്കുന്നത് തുളു ഭാഷയാണ്. അവരുടെ ദൈനംദിന ജീവിതം മംഗലാപുരത്തെ ബന്ധപ്പെട്ട് കിടക്കുന്നതാണ്'- എ.കെ.എം അഷ്‌റഫ് പറഞ്ഞു.
സംസ്ഥാന അതിര്‍ത്തിക്ക് പുറത്തുള്ള നഗരം എന്നതിനെക്കാള്‍ എളുപ്പത്തില്‍ ചെന്നെത്താവുന്ന നഗരം എന്ന നിലയില്‍ മംഗലാപുരത്തെ ആശുപത്രികളെ കാലങ്ങളായി ആശ്രയിച്ചതിനാല്‍, കാസര്‍ഗോഡ് സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രി എന്ന ആലോചന ഉണ്ടായിട്ടില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ട്രോമ കെയര്‍, ന്യൂറോ സര്‍ജന്‍ എന്നിവയുടെയൊന്നും കുറവ് നാട്ടുകാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഒരു പ്രശ്‌നമായേ തോന്നാതിരുന്നതും മംഗലാപുരത്തെ സൗകര്യങ്ങള്‍ ഉള്ളതിനാലാണ്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, അഞ്ച് താലൂക്ക് ആശുപത്രികള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. 230 കിടക്കകളുള്ള ജനറല്‍ ആശുപത്രിയാണ് വലുത്. സംസ്ഥാനത്ത് ഏറ്റവും കുറവ് കിടക്കകളുള്ള ജനറല്‍ ആശുപത്രിയെന്ന ദുഷ്‌പേരും ഈ ആശുപത്രിക്കാണ്. തലശേരി, കോഴിക്കോട്, മഞ്ചേരി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രികളില്‍ 500 ലേറെ കിടക്കകള്‍ ഉള്ളപ്പോഴാണ് കാസര്‍ഗോഡിന്റെ ഈ പരിമിതി.
വിവേകമല്ല, വൈകാരികതയും പണവും കൈമുതല്‍
കാസര്‍ഗോഡും മംഗലാപുരവും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണെന്നാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മുന്‍ അധ്യാപകനും ചരിത്രകാരനുമായ ഡോ. സി ബാലന്‍ പറയുന്നത്. അടിസ്ഥാനപരമായി തുളു സംസാരിക്കുന്നവരുടെ പ്രദേശമാണ് പഴയ ദക്ഷിണ കാനറ ജില്ല. മലയാളവും കന്നഡയും അവര്‍ക്ക് രണ്ടാമത് വരുന്നതാണ്. തുളു സംസ്‌കാരമാണ് ഇത്. 1830-31 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കാസര്‍കോട് താലൂക്കില്‍ നടന്ന കൂട്ടക്കലാപത്തിന്റെ ആസ്ഥാനം മംഗലാപുരമായിരുന്നു. ഇതെല്ലാം ഒരു യൂണിറ്റിന്റെ ഭാഗമാണ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ നമ്മള്‍ രണ്ട് സംസ്ഥാനമായി മാറിയെന്ന് മാത്രമേയുള്ളൂ.
പണത്തിന്റെ ഏളന്ത് എന്ന് പറയും എന്റെ നാട്ടില്‍. പണം കൊണ്ട് എന്തും നേടാമെന്ന തോന്നല്‍, അത് കാസര്‍ഗോഡുകാരിലുണ്ട്. അതി ഭീകരമായ ദാരിദ്ര്യത്തിലൂടെയാണ് ഒരു കാലത്ത് ഇവിടുത്തെ ജനങ്ങള്‍ കടന്നുപോയത്. തളങ്കര തൊപ്പിയും പാളത്തൊപ്പിയും കാസര്‍ഗോഡ് സാരിയുമൊക്കെയാണ് അന്നത്തെ കാസര്‍ഗോട്ടെ ഉല്‍പ്പന്നങ്ങള്‍. 1970- കളില്‍ ഗള്‍ഫ് സാധ്യത തുറന്നു, സാമ്പത്തികമായ വളര്‍ച്ചയുണ്ടായി. തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം മംഗലാപുരത്ത് നിക്ഷേപിച്ചിട്ടുമുണ്ട്. എന്നാല്‍, പണത്തിനൊപ്പം വിദ്യാഭ്യാസപരമായ വളര്‍ച്ചയുണ്ടായില്ല. അതിര്‍ത്തി അടച്ചത് കൊണ്ടോ, അതിനെതിരെ ക്യാംപെയ്ന്‍ തുടങ്ങിയത് കൊണ്ടോ മംഗലാപുരവുമായുള്ള പൊക്കിള്‍ കൊടി ബന്ധം പെട്ടെന്ന് മുറിച്ച് കളയാനാവില്ല. എന്നാല്‍ കാസര്‍ഗോഡ് വികസിക്കണമെന്ന ആവശ്യം ശക്തമാകുന്നത് നാടിന് ഗുണം ചെയ്യും. അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡിന് വേണം മികച്ച ആരോഗ്യകേന്ദ്രം
കാസര്‍ഗോട്ടെ ആശുപത്രികളില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ല, കിടക്കകളില്ല, വിദഗ്ധരായ ഡോക്ടര്‍മാരില്ല, എന്തിനേറെ 24 മണിക്കൂര്‍ സേവനങ്ങളോ ട്രോമാ കെയറുകളോ ഇല്ല, കാസര്‍ഗോഡ് നിന്നുള്ള ഡോക്ടര്‍ ഷമീം മുഹമ്മദ് പറഞ്ഞു. കാസര്‍ഗോഡ് ജില്ലയുടെ പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിന് കാസര്‍ഗോഡിന് ഒരിടം എന്നൊരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കൂട്ടായ്മയില്‍ ഭാഗമായി. നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് റോഡരികിലേക്ക് വീണ ഒരാള്‍ക്കുണ്ടായ അനുഭവം പറയാം. റോഡരികിലുണ്ടായിരുന്ന ഒരു കമ്പി അദ്ദേഹത്തിന്റെ കിഡ്‌നിയിലേക്ക് കുത്തിക്കയറി. കാസര്‍ഗോഡ് സൗകര്യമില്ലാതിരുന്നതിനാല്‍ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. ഒരു കിഡ്‌നി നീക്കം ചെയ്യേണ്ടി വന്നു. സ്വന്തമായി വീടുപോലുമില്ലാത്ത കൂലിപ്പണിക്കാരനായ ആ മനുഷ്യന് 26 ദിവസത്തെ ചികിത്സയ്ക്ക് വേണ്ടി വന്നത് 5.75 ലക്ഷം രൂപയാണ്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല, കാസര്‍ഗോഡും കണ്ണൂരുമായി നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന നൂറ് കണക്കിന് പേരുടെ അനുഭവമാണ്. ഒരു പാട് പേര്‍ക്ക് ഇങ്ങനെയുള്ള അനുഭവങ്ങള്‍ പറയാനുണ്ടാകും ഡോ.ഷമീം പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്പിറ്റലുകളില്‍ സ്ഥാനം കൊണ്ട് വലുത് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയാണ്. മെഡിക്കല്‍ കോളേജ് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇനി തുടങ്ങിയാലും 15 കൊല്ലമെങ്കിലും എടുക്കാതെ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു മെഡിക്കല്‍ കോളേജായി മാറില്ല. 2007 ലാണ് കാസര്‍ഗോട്ടെ താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി മാറ്റിയത്. എന്നാല്‍ മറ്റ് ജനറല്‍ ആശുപത്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവിടുത്തെ അവസ്ഥ പരിതാപകരമാണ്.
വെറും 212 കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. അതായത് താലൂക്ക് ആശുപത്രിയുടെ ബെഡ് പാറ്റേണ്‍ മാത്രമെന്ന് അര്‍ത്ഥം. ഫാര്‍മസിയെ രണ്ടാക്കി തിരിച്ചാണ് അത്യാഹിത വിഭാഗം ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ രണ്ട് രോഗികളെ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ചെയ്യാന്‍ സാധിക്കില്ല. ബ്ലഡ് സെപറേഷന്‍ മെഷീന്‍ വന്നിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ തൊട്ടുപോലും നോക്കിയിട്ടില്ല. ആദ്യം ജനറേറ്റര്‍ പ്രശ്‌നമെന്ന് പറഞ്ഞു. ഞങ്ങള്‍ ഇടപെട്ട് അത് ശരിയാക്കി. ഇപ്പോള്‍ മറ്റെന്തോ കാരണമാണ് പറയുന്നത്. ഇവിടെ ട്രോമ കെയര്‍ സെന്റര്‍ ഇല്ല. അപകടം ഉണ്ടായാല്‍ ഉടന്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകും. ജനറല്‍ ആശുപത്രിയില്‍ സിറ്റി സ്‌കാന്‍ ഉണ്ട്. പക്ഷെ അഞ്ച് മണി കഴിഞ്ഞാല്‍ ഈ സൗകര്യം ലഭിക്കില്ല. അതായത് തലക്ക് പരിക്കേറ്റ് ഒരാള്‍ അഞ്ച് മണിക്ക് ശേഷം ആശുപത്രിയില്‍ വന്നാല്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കില്ല. 20 ലക്ഷം രൂപ മുടക്കി ഒരു സോണോഗ്രാഫിക് മെഷീന്‍ വാങ്ങി. അത് ഓപ്പറേറ്റ് ചെയ്യാന്‍ ആളില്ലാതെ കിടക്കുകയാണ്. സോണോഗ്രാഫിക് ടെസ്റ്റ് രോഗികള്‍ പുറത്ത് സ്വകാര്യ സ്ഥാപനങ്ങളിലാണ് ചെയ്യുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണല്ലോ ഇവിടം. അപ്പോഴാണ് അറിയുന്നത് ഇവിടെ വെന്റിലേറ്ററില്ലെന്ന്. അരിച്ചുപെറുക്കിയാല്‍ എവിടെയെങ്കിലും ഒന്നോ രണ്ടോ കണ്ടാലായി. അതില്‍ അമ്പരക്കേണ്ട. ജനറല്‍ ആശുപത്രിയിലെ ഐസിയു മുറി അതിനേക്കാള്‍ വലിയ ദുരവസ്ഥയിലാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു മുറി മാത്രമാണത്. മോണിറ്ററോ, ഐസിയുവില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്ന് പോലും അവിടെയില്ല.
നേരത്തെ ഞാന്‍ ഇവിടെ സഹകരണ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇക്കാര്യങ്ങള്‍ നേരെയാക്കാന്‍ വേണ്ടി ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കാസര്‍ഗോഡിന് ഒരിടം എന്നൊരു യുവജന കൂട്ടായ്മയുണ്ടാക്കി. എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കുകയും എന്റെ വീട്ടിലേക്ക് അടക്കം ഭീഷണി കോളുകള്‍ വരികയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ആക്രമണം തുടങ്ങി. അങ്ങിനെയാണ് ഞാന്‍ ജോലി രാജിവച്ച് ഉന്നത പഠനത്തിനായി പോയത്., ഡോ. ഷമീം മുഹമ്മദ് ദ ക്യുവിനോട് പറഞ്ഞു.
മംഗലാപുരത്ത് ഏഴോളം മെഡിക്കല്‍ കോളേജുകളും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളും ഉള്ളത് കൊണ്ട് ജനം ഇവിടെ സൗകര്യങ്ങളില്ലാത്തതിനെ കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. അവര്‍ സംഘടിതമായി ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ മാത്രമേ ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാവൂ. അത് മാത്രമല്ല, ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദവും ഉണ്ടാവുന്നില്ല. നോക്കൂ, കാസര്‍ഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണ് ജനറല്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. അവിടുത്തെ പ്രശ്‌നങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം കാണാവുന്ന പലതുമുണ്ട്. ഇതേക്കുറിച്ച് ഞങ്ങള്‍ ചോദിക്കുമ്പോഴെല്ലാം ഫണ്ടില്ലെന്ന മറുപടിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. രണ്ട് മൂന്ന് തവണ എംഎല്‍എമാരെ പോയി കണ്ടു. ഓരോ പ്രശ്‌നങ്ങളും അക്കമിട്ട് പറഞ്ഞു. ഇതുവരെ ഇതൊന്നുമറിഞ്ഞില്ലെന്നും പരിഹരിക്കാമെന്നും അവര്‍ വാക്കുതന്നു. പിന്നീട് ഒന്നുമുണ്ടായില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇല്ലെന്ന് മനസിലായത്, സൗകര്യങ്ങളുടെ കുറവുണ്ടെന്ന് മനസിലായത്. ഈ ജില്ല എപ്പോഴും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ അടിക്കാനുള്ള ജില്ലയാണെന്ന ദുഷ്‌പേര് കൂടിയുണ്ടല്ലോ. പ്രളയ കാലത്ത് കൊച്ചിയില്‍ രോഗികളെ നോക്കാതിരുന്നതിന് എറണാകുളത്ത് നിന്നുള്ള ഡോക്ടറെ സ്ഥലംമാറ്റിയത് കാസര്‍ഗോഡേക്കായിരുന്നു.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലി സമയത്ത് പോലും സ്വകാര്യ ക്ലിനിക്കില്‍ പോയി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇതൊന്നും മാറ്റാനാവില്ല. കാസര്‍ഗോഡ് നിന്ന് തന്നെയുള്ള വിദ്യാര്‍ത്ഥികളെ അതിന് വളര്‍ത്തിക്കൊണ്ടുവരണം. അതിന് സ്‌കൂള്‍ തലം മുതല്‍ ഒരു ബോധവത്കരണം ആവശ്യമാണ്. എന്റെ കൂടെ പ്ലസ് ടു സയന്‍സ് ബാച്ചില്‍ 125 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആകെ രണ്ട് പേരാണ് ഡോക്ടര്‍മാരായത്. തൃശ്ശൂരിലെ സ്‌കൂളില്‍ 60 പേരുണ്ടായ ബാച്ചില്‍ നിന്ന് 35 പേര്‍ ഡോക്ടര്‍മാരായെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആതുര ശുശ്രൂഷ രംഗത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു പദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എംബിബിഎസും ബിഡിഎസും കഴിഞ്ഞ ധാരാളം പെണ്‍കുട്ടികള്‍ ജോലിക്കുപോകാതെ കഴിയുന്നുണ്ട്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍, ഞങ്ങളുടെ ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് 23 കോടിയുടെ പ്രൊജക്ട് എങ്കിലും വരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തെല്ലെങ്കിലും ആശ്വസിക്കാനാവൂ. കൊവിഡ് പ്രശ്‌നത്തോടെ കാസര്‍ഗോഡ് ഒരു മാറ്റം വരുമെങ്കില്‍ മാത്രമേ അത് നടക്കൂ. അല്ലെങ്കില്‍ ഒന്നുമുണ്ടാകില്ല. ഞാന്‍ തുടക്കത്തില്‍ പറഞ്ഞ അപകടം തന്നെ ഒന്ന് പരിശോധിക്കൂ. തിരുവനന്തപുരത്തോ, കോഴിക്കോടോ ആയിരുന്നെങ്കില്‍ അദ്ദേഹത്തെ ആദ്യം കൊണ്ടുപോവുക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കാവും, അല്ലേ? അറുപതിനായിരം രൂപയ്ക്ക് ആ ശസ്ത്രക്രിയ നടന്നേനെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ മംഗലാപുരം കാസര്‍ഗോഡിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നുവെച്ച് മംഗലാപുരത്തെ തീര്‍ത്തും അവഗണിച്ച് നമുക്ക് ഒന്നും ചെയ്യാനോ ചിന്തിക്കാനോ സാധിക്കില്ല.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സായിബാബ ട്രസ്റ്റ് കാസര്‍കോട് ജില്ലയില്‍ സൗജന്യ ആശുപത്രി എന്ന പ്രൊജക്ട് പ്രഖ്യാപിച്ചത്. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കിയ പ്രൊജക്ടാണത്. സര്‍ക്കാര്‍ അവര്‍ക്ക് സ്ഥലവും വിട്ടുകൊടുത്തു. എന്നാല്‍ പിന്നീട് ആ പ്രൊജക്ടില്‍ നിന്ന് സായിബാബ ട്രെസ്റ്റ് പിന്മാറി. അതിന് പിന്നില്‍ മംഗലാപുരത്തെ ലോബി പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മംഗലാപുരവും കാസര്‍ഗോഡും പല തരത്തിലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ്. പക്ഷെ നമുക്ക് ഒറ്റയ്ക്ക് തലയുയര്‍ത്തി പിടിച്ച് നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകണം. ഇവിടുത്തെ സാധാരണക്കാര്‍ക്ക് ജീവിതം മുട്ടിപ്പോകാത്ത വിധത്തില്‍ രോഗം ശുശ്രൂഷിക്കാനുള്ള സൗകര്യങ്ങള്‍ കൂടിയേ തീരൂ- ഡോ.ഷമീം പറഞ്ഞു.