വിദ്യാഭ്യാസ മന്ത്രി എന്‍ രവീന്ദ്രനാഥ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ വയനാട് മലവയല്‍ ഗോവിന്ദമൂല പണിയ ആദിവാസി കോളനിയിലെ എഴുപത് പിന്നിട്ട അമ്മിണി കരയുകയായിരുന്നു. സന്തോഷത്തിന്റെ കണ്ണീര്‍. അമ്മിണിയുടെ കുടുംബത്തിലെ മൂന്നാം തലമുറയിലെ മൂന്ന് കുട്ടികള്‍ പത്താംക്ലാസില്‍ മികച്ച വിജയം നേടിയിരിക്കുന്നു. ഒരുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ് അമ്മിണി. പേരക്കുട്ടികളുടെ വിജയത്തില്‍ കണ്ണീരില്‍ കുതിര്‍ന്നാണ് അമ്മിണിയുടെ പ്രതികരണം. ഫുള്‍ എ പ്ലസ് കുടുംബത്തില്‍ ആദ്യമായിട്ടാണ് കിട്ടിയത് അമ്മിണിയുടെ മകന്റെ മകള്‍ ആശ.
അമ്മിണിക്ക് ഏഴ് മക്കളാണ്. അതില്‍ മൂന്ന് മക്കളുടെ കുട്ടികള്‍ക്കാണ് എസ്എസ്എല്‍സിയില്‍ മികച്ച വിജയം. പത്താം ക്ലാസിലെ വിജയം മുമ്പും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ മൂന്ന് പേര്‍ മികച്ച വിജയം നേടുന്നതാണ് ഇവരുടെ ആഹ്ലാദത്തിന് പിന്നില്‍. ഇതില്‍ തന്നെ മകന്റെ മകള്‍ ആശ പി എയ്ക്ക് ഫുള്‍ എ പ്ലസാണ്. പെണ്‍മക്കളുടെ മക്കളായ അശോകും ലിന്‍സും മികച്ച മാര്‍ക്കും നേടി.
റിസല്‍ട്ട് പറഞ്ഞപ്പോള്‍ അമ്മാമ്മ കരയുകയായിരുന്നു സന്തോഷം കൊണ്ട്. ഫുള്‍ എ പ്ലസ് കുടുംബത്തില്‍ ആദ്യമായിട്ടാണ് കിട്ടിയത്.ആശ
സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലാണ് ആശ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ പഠനത്തില്‍ ഉഴപ്പായിരുന്നുവെന്നാണ് ആശ പറയുന്നത്. അഞ്ചാം ക്ലാസില്‍ ഒരു പരീക്ഷയ്ക്ക് മികച്ച മാര്‍ക്ക് നേടിയതോടെ വാശിയായി. കണക്കാണ് ഇഷ്ടവിഷയം. വയനാട്ടില്‍ തന്നെ ഉപരിപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്. പ്ലസ് ടുവിന് ശേഷം മെഡിസിനാണ് താല്‍പര്യം.
ആര്‍മിയില്‍ ചേരണം. മിന്നലാക്രമണം കണ്ടപ്പോള്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമായി. മിലിട്ടറി ഡോക്ടറാകണം. അതിനായി എന്തൊക്കെ ചെയ്യണമെന്നൊന്നും അറിയില്ല.ആശ
കെട്ടിട തൊഴിലാളിയാണ് ആശയുടെ പിതാവ്. അനിയന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പരീക്ഷാഫലം വലിയ അഭിമാനം നല്‍കുന്നുവെന്ന് അശോക് വര്‍ഗ്ഗീസ് മത്തായി പറഞ്ഞു. തൃശൂരിലായിരുന്നു പത്താംക്ലാസ് പഠനം. അച്ഛന്‍ മത്തായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. കപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്താനാണ് അശോകിന് താല്‍പര്യം. ലിന്‍സ് തോമസ് കേണിച്ചിറയിലാണ് പഠിച്ചത്. അമ്മിണിയുടെ ഏഴ് മക്കളെല്ലാം കൂലിപ്പണിക്കാരാണ്. ഇളയമകള്‍ മാത്രമാണ് പത്താംക്ലാസ് വരെ പഠിച്ചത്. മക്കളുടെ വിജയം വലിയ സന്തോഷം നല്‍കുന്നുവെന്ന് മത്തായി പ്രതികരിച്ചു.