Special Report

മണ്ണ് മാന്തി നോക്കുമ്പോൾ അടിയിലെന്താണെന്ന് നമുക്ക് അറിയില്ലല്ലോ? വയനാട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറയുന്നു

രുൾപൊട്ടലാണെങ്കിലും തീപിടിത്തമാണെങ്കിലും ഏത് തരത്തിലുമുള്ള ദുരന്തഭൂമിയിലേക്കും സൈറൺ മുഴക്കി ഓടിയെത്തുന്ന ഒരു വിഭാഗമാണ് ഫയർ ഫോഴ്‌സ്. ദുരന്തമുഖങ്ങളിൽ ആദ്യം ഓടിയെത്താനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും നിയോഗിക്കപ്പെടുക അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരാകും. വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും ആദ്യമെത്തിയത് അഗ്നിശമന സേനയാണ്. ആദ്യം കൽപ്പറ്റയിൽ നിന്നുള്ള യൂണിറ്റും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇത്തരത്തിൽ ദുരന്ത ഭൂമിയിലേക്ക് എത്തിച്ചേർന്നവരിലൊരാളാണ് എറണാകുളം ഫയർ ഫോഴ്‌സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ബിജോയ് കെ. പീറ്റർ. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ബിജോയ് ദുരന്തമുഖത്തെ കാഴ്ചകളും കരളലിയിപ്പിക്കുന്ന അനുഭവങ്ങളും ദി ക്യൂവുമായി സംസാരിക്കുന്നു.

ചൊവ്വാഴ്ച രാവിലെ എട്ട് മണി കഴിഞ്ഞപ്പോഴേക്കും എന്നെ ഓഫീസിൽ നിന്നും വിളിച്ചു. ഒമ്പത് മണിയാകുമ്പോഴേക്കും എറണാകുളത്തെത്താനായിരുന്നു നിർദ്ദേശം. തിരുവനന്തപുരം മുതലുള്ള എൺപതോളം പേരുണ്ടായിരുന്നു. ബസിലും ജീപ്പിലുമൊക്കെയായി പല വണ്ടികളിലായായിരുന്നു ഞങ്ങൾ. ഒരു ബൊലേറൊ ജീപ്പിൽ അഞ്ചു പേരുള്ള സംഘമാണ് ഞങ്ങളുണ്ടായിരുന്നത്. ഇടയ്ക്കിടെ വഴിയെക്കുറിച്ച് നിർദ്ദേശം ലഭിക്കുന്നുണ്ടായിരുന്നു. വഴിയെല്ലാം വെള്ളം കയറിയും ഗതാഗതക്കുരുക്കും മൂലം ബ്ലോക്കായിരുന്നു. ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം ഷൊർണ്ണൂർ, പെരിന്തൽമണ്ണ, മുക്കം, താമരശ്ശേരി വഴി പോകാനായിരുന്നു. ആ റൂട്ടിൽ പോയിട്ട് പോലും ഇടവഴിയൊക്കെ കയറി കഷ്ടപ്പെട്ടാണ് ചെന്നത്. എത്തിയപ്പോഴേക്കും രാത്രിയായി. വേറെയും യൂണിറ്റുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങളെത്തി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവൻ നശിച്ച് പോയ അവസ്ഥയായിരുന്നെന്ന് അറിയാമല്ലോ? ലൈറ്റൊക്കെ നമ്മുടെ കൈവശമുണ്ടെങ്കിലും റെസ്‌ക്യൂ സെർച്ചിനൊക്കെ ഒരു പരിധിയുണ്ട്. പിന്നെ കിട്ടുന്നതെല്ലാം മിക്കവാറും മൃതദേഹങ്ങളായി തന്നെയായിരുന്നു. അതുകൊണ്ട് ഞങ്ങൾ അന്ന് തെരച്ചിലിന് ഇറങ്ങിയില്ല. പിറ്റേന്ന് രാവിലത്തേക്കാണ് ഞങ്ങളുടെ സംഘം തെരച്ചിലിന് ഇറങ്ങിയത്.

എറണാകുളം ഫയർ ഫോഴ്‌സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ബിജോയ് കെ. പീറ്റർ

രാവിലെ 5.55 ആകുമ്പോഴേക്കും തെരച്ചിലിനെത്താനാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെ 31-ാം തിയതി രാവിലെ മുതൽ ഞങ്ങളുടെ ജോലി ആരംഭിച്ചു. പലയിടത്തു നിന്നും വന്ന രക്ഷാപ്രവർത്തകരുടെ വണ്ടികൾ കാരണം നല്ല ബ്ലോക്കായിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾ പോലും അടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചിട്ടില്ല. ഫയർഫോഴ്‌സിന്റെ വാഹനത്തിന്റെ മുകളിലുള്ള കോണി വച്ച് അതിന് മുകളിൽ പലകയിട്ടിട്ടാണ് താൽകാലിക പാലമായി ഉപയോഗിച്ചത്. 29ന് ഈ സംഭവം ഉണ്ടായ അന്ന് രാത്രി തന്നെ കൽപ്പറ്റ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് ഈ പാലം നിർമ്മിച്ചത്. മണികണ്ഠൻ എന്നൊരു പയ്യനാണ് കൽപ്പറ്റ സ്‌റ്റേഷനിൽ വിവരം അറിയിച്ചത്. അവര് വേഗം തന്നെ അവിടേക്ക് പുറപ്പെട്ടെങ്കിലും എല്ലായിടത്തും മഴയായതും പോകുന്ന വഴിക്കെല്ലാം മരങ്ങൾ വീണുകിടന്നിരുന്നത് കാരണവും മരങ്ങൾ മുറിച്ച് മാറ്റി എത്തണമായിരുന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയെക്കുറിച്ച് അവര് പറഞ്ഞിരുന്നു. മൊത്തം ചെളിയായിരുന്നു. അവരുടെ പിന്നാലെ തന്നെ രണ്ട് പോലീസുകാരും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും എത്തിച്ചേർന്നു. ഇവരായിരുന്നു ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിച്ചേർന്നത്.

പെട്ടിമുടിയിലും കവളപ്പാറയിലും ഉണ്ടായ ദുരന്തത്തിൽ നിന്നും ചൂരൽമലയിലെ വ്യത്യാസം ആദ്യത്തേത് രണ്ടും ചെറിയൊരു പ്രദേശം മാത്രമായിരുന്നുവെന്നതാണ്. വയനാട്ടിൽ ഒരു പഞ്ചായത്തിലെ ഏതാനും വാർഡുകളാണ് ഒലിച്ച് പോയത്. അത്തരം ദുരന്തമുണ്ടാകുമ്പോൾ എല്ലായിടത്തും രക്ഷാപ്രവർത്തകർക്ക് പെട്ടെന്നൊന്നും ഓടിയെത്താനാകില്ല. അതുകൊണ്ട് തന്നെ ഓരോ ടീമുകൾക്കും ഓരോ ഭാഗങ്ങളിലാണ് ഡ്യൂട്ടി നിശ്ചയിച്ചത്. പാലം കയറി ഞങ്ങളാദ്യം എത്തിയ സ്ഥലത്ത് ഒരു അമ്പലമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വലതുഭാഗത്ത് പുഴയുടെ നടുക്ക് ഭാഗത്ത് ആരും ഇറങ്ങിയിട്ടില്ലെന്ന് അറിഞ്ഞ് അവിടേക്കാണ് ഞങ്ങളാദ്യം ഇറങ്ങിയത്. അവിടെ മൊത്തം മണ്ണ് നിറഞ്ഞ് ചതുപ്പ് പോലെയായിരുന്നു. കുഴിയാണോ കിണറാണോയെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. ആഴമില്ലെങ്കിലും ശക്തമായ ഒഴുക്കായിരുന്നു അവിടെ. കൈകോർത്ത് പിടിച്ചാണ് പുഴയുടെ അപ്പുറത്തെ വശത്ത് എത്തിയത്. അപകട സാധ്യത കൂടുതലുള്ള നീക്കമായിരുന്നു അത്.

നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. കാല് എടുത്ത് വയ്ക്കുന്നത് എന്തിലേക്കാണെന്ന് പോലും അറിയാനാകില്ല. മാൻ പവർ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒന്നും അവിടെയുണ്ടായിരുന്നില്ല. യന്ത്രങ്ങൾ വേണം. ആ സമയത്ത് ഒരു ഹിറ്റാച്ചി മാത്രമാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്. ആകാശം മുട്ടെയുള്ള പാറകളൊക്കെയാണ് ഉണ്ടായിരുന്നത്. ഉച്ചയോടെ അവിടെ നിന്നും സെക്ടർ വണ്ണിലേക്ക് മാറി. അതിന്റെ ഏറ്റവും അറ്റത്തുള്ള സ്ഥലമാണ് പുഞ്ചിരിവട്ടം. അതിന് താഴെ ഒരു മുസ്ലിം പള്ളിയുണ്ട്. അവിടെ നിന്നൊക്കെ കുറെ മൃതദേഹങ്ങൾ കിട്ടി. മൃതദേഹം എന്ന് പറയാമെന്നേ ഉള്ളൂ. പാറക്കല്ലൊക്കെ വന്ന് വീണിട്ട് കാല് മാത്രം കാണാവുന്ന വിധത്തിലൊക്കെയാണ് മൃതദേഹങ്ങൾ കിട്ടുന്നത്. ഹിറ്റാച്ചിക്ക് പാറക്കല്ല് വലിച്ച് നീക്കുമ്പോൾ ആ ശരീരത്തിൽ നിന്നും കുറെ ഭാഗങ്ങളൊക്കെ അടർന്ന് പോകും. പരമാവധി കുഴപ്പമൊന്നുമില്ലാത്ത വിധത്തിൽ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ബോഡി ബാഗിൽ പൊതിഞ്ഞ് ആ മൃതദേഹങ്ങൾ താഴേക്ക് എത്തിക്കും. പോകുന്ന വഴിക്ക് മുണ്ടക്കൈ എൽ.പി സ്‌കൂളിന്റെ ഭാഗത്ത് വീടിന് താഴെ നിന്ന് മൂന്ന് നാല് മൃതദേഹങ്ങൾ കിട്ടിയിരുന്നു. ഭാഗ്യത്തിന് വലിയ ഡാമേജ് ഒന്നും ആ മൃതദേഹങ്ങൾക്കുണ്ടായിരുന്നില്ല.

ഒരുദിവസം വൈകുന്നേരം തെരച്ചിലവസാനിപ്പിച്ച് കയ്യും കാലുമൊക്കെ കഴുകി നിൽക്കുമ്പോഴാണ് മണ്ണിനടിയിൽ ജീവന്റെ സ്പന്ദനത്തിന്റെ സൂചന ലഭിക്കുന്നത്. ഉടനെ തന്നെ ഞങ്ങളെല്ലാവരും അങ്ങോട്ട് പോകുകയാണ് ചെയ്തത്. ആ സമയത്ത് ഡ്യൂട്ടി കഴിഞ്ഞുവെന്നൊന്നും ആരും ചിന്തിക്കില്ല. കാരണം, ഓരോ ജീവനും വിലയുണ്ടെന്ന ചിന്തയാണ് അവിടെ ഞങ്ങളെ നയിക്കുന്നത്. സത്യത്തിൽ പ്രതീക്ഷയുടെ പുറത്താണ് അവിടെ വീണ്ടും പരിശോധന നടത്തുന്നത്. പുലർച്ചെ ഒരു മണിയായപ്പോഴാണ് തെരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ച് പോയത്. രാവിലെ ആറ് മണിക്ക് ഇടുന്ന ഗം ബൂട്ട് വിരലുകളിൽ ഉരഞ്ഞ് നഖമൊക്കെ പോയ അവസ്ഥയിലാണ് എല്ലാവരും ജോലി ചെയ്യുന്നത്. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമുള്ള ഹെവി വർക്കാണ് അവിടെ വേണ്ടത്. യന്ത്രോപകരണങ്ങളുടെ സഹായത്തോടെയാണ് പണികൾ നടക്കുന്നതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കാൻ പോലും കഴിയാത്തത്ര അസാധ്യമായ ദുരന്തമാണ് അവിടെയുണ്ടായത്. ആ ഒഴുക്കിൽ പുഴയിലൂടെ ഹിറ്റാച്ചി ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യം ഹിറ്റാച്ചിയൊക്കെ കുറവായിരുന്നെങ്കിൽ പിന്നീട് ഹിറ്റാച്ചിയൊക്കെ വന്ന് കുമിഞ്ഞ് കൂടിയത് കാരണം അവയെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കാത്ത അവസ്ഥയായി. ഈ വാഹനങ്ങൾക്കൊക്കെ ഇന്ധനം വിതരണം ചെയ്യാനും സാധിക്കണ്ടേ.

ദുരന്തങ്ങളും മൃതദേഹങ്ങളും ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനെ സംബന്ധിച്ച് പുതിയ കാര്യമല്ലെങ്കിലും കഴിഞ്ഞ ദിവസം ഡോക്ടറെ കാണാനിരിക്കുമ്പോൾ അവിടെ കണ്ടത് പലതും ഓർത്ത് ഞാൻ കരഞ്ഞുപോയി. മണ്ണ് മാന്തി നോക്കുമ്പോൾ അടിയിലെന്താണ് കിടക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ? മൃതദേഹങ്ങളിൽ നിന്നും അവയവങ്ങൾ വിട്ടുപോരുന്നതാണ് പലപ്പോഴും കാണേണ്ടി വരുന്നത്. ഒരാൾ പൊക്കത്തിലോ അരയാൾ പൊക്കത്തിലോ മണ്ണ് മൂടിക്കിടക്കുകയായിരിക്കും. ആദ്യദിവസങ്ങളിൽ പണിയെടുക്കുമ്പോൾ ഡിറ്റക്ടറുകളൊന്നും ഉണ്ടായിരുന്നില്ല. വെള്ളാർമല സ്‌കൂളിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ഒരു ചേട്ടന്റെ കയ്യിൽ നിന്നും കുട്ടി വിട്ടുപോയിരുന്നു. ആ ചേട്ടൻ അവിടെ കരഞ്ഞുകൊണ്ട് ഓടി നടക്കുകയായിരുന്നു. ഞങ്ങളവിടെ തടിയൊക്കെ എടുത്ത് മാറ്റി നോക്കി. വലിയ മല പോലത്തെ തടികളൊക്കെയാണ് അവിടെയുണ്ടായിരുന്നത്. കുട്ടിയെ കിട്ടിയില്ല. ഈ ജോലിയുടെ ഏറ്റവും വലിയ സങ്കടം അതാണ്. മറ്റുള്ളവരുടെ കണ്ണീരും സങ്കടവും കണ്ടാണ് ജോലി ചെയ്യുന്നത്.

പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ അവസാന ദിവസങ്ങളിലൊഴിച്ച് പെട്ടെന്ന് പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ കിട്ടിയിരുന്നു. അവസാന ദിവസങ്ങളിൽ കിട്ടിയതൊക്കെ ഒഴുകിപ്പോയവരുടെ മൃതദേഹങ്ങളാണ്. എന്നാൽ വയനാട്ടിൽ മൃതദേഹങ്ങൾ കിട്ടിയത് നിലമ്പൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയെന്നത് പ്രാവർത്തികമല്ല. ഒരു വീട്ടിൽ നാല് പേർ കുടുങ്ങിയതായി വാർത്തകളിൽ കണ്ടില്ലേ? സത്യത്തിൽ അവര് അവിടെ നിന്നും പോരാത്തതാണ്. ഞങ്ങളുടെ ആളുകൾ പോയാണ് അവരെ നിർബന്ധിച്ച് വിളിച്ചുകൊണ്ട് വന്നത്. ആദിവാസികളായ ആ മനുഷ്യർ നമ്മളെ കാണുമ്പോൾ കാട്ടിലേക്ക് കയറിപ്പോകും. ഞങ്ങൾ തിരിച്ച് പോരുമ്പോൾ അവര് ഇറങ്ങി വരികയും ചെയ്യും. അവർക്ക് അവരുടെ വീട് വിട്ടുപോകാനുള്ള സങ്കടമാണ്. എന്നാൽ നമ്മളെ സംബന്ധിച്ച് അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് പ്രാധാന്യം.

ഉരുൾപൊട്ടലുണ്ടായതിന്റെ തലേദിവസം കൽപ്പറ്റ ഫയർ സ്റ്റേഷനിലേക്ക് സർക്കാരിന്റെ ഏജൻസിയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. അവിടെ നിന്നും ഈ മുന്നറിയിപ്പ് ഈ പ്രദേശവാസികളെയും അറിയിച്ചു. എന്നാൽ അവര് മാറിത്താമസിക്കാൻ തയ്യാറായില്ല. ഒരു ജീവിതകാലത്തിന്റെ സമ്പാദ്യം മുഴുവൻ ഉപേക്ഷിച്ച് പോകാൻ ആരും തയ്യാറാകില്ലല്ലോ? മാത്രമല്ല, ഈ പ്രദേശം സുരക്ഷിതമാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പലതും സംഭവിക്കും. ഇവിടെ എന്താണ് നിലനിൽക്കേണ്ടതെന്നും എന്താണ് എടുക്കേണ്ടതെന്നും പ്രകൃതിയാണ് തീരുമാനിക്കുന്നത്.

വയനാട്ടിലെ സാഹചര്യം അവിടെ പോയി കണ്ടയാൾ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ആ മനുഷ്യർക്ക് സഹായങ്ങളെത്തിക്കരുതെന്നും നേരിട്ട് കൊടുക്കുകയാണ് വേണ്ടതെന്നുമുള്ള പ്രചരണങ്ങൾ പലരുടെയും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ്. ഒരു രാത്രി കൊണ്ട് ഒന്നുമില്ലാതായ ആ മനുഷ്യരെ സഹായിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുകയാണ് നമ്മൾ സഹജീവികളെന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നും ബിജോയ് കൂട്ടിച്ചേർത്തു.

ബിജോയുടെ ഈ വാക്കുകൾ സത്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാട്ടിലെ ജനങ്ങൾക്കുള്ള സഹായം എത്തിച്ചതിൽ നിന്നും വ്യക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം നൽകുന്നതിനെ എതിർക്കുന്നില്ല. കാരണം, ഇത്തരമൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടതെന്ന ധാരണ അവർക്കുള്ളതിനാലാണ് അത്. ഒരു ദുരന്തമുണ്ടാകുമ്പോഴല്ല ഇത്തരം രാഷ്ട്രീയം കാണേണ്ടതെന്ന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ അവർ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. പ്രത്യേകിച്ചും അവിടുത്തെ അവസ്ഥ നേരിട്ട് കണ്ടവർക്ക് അതിൽ രാഷ്ട്രീയം കാണാനാകില്ലെന്നാണ് ബിജോയിയുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്. എല്ലാവരും വയനാടിന് കൈത്താങ്ങാകാൻ ഒരുമിച്ച് ചേർന്ന് പോകുകയാണ് വേണ്ടത്.

പ്രിയങ്ക ​ഗാന്ധി ഇടതു സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ,റോബർട്ട് വദ്രയെ മാധ്യമങ്ങൾ ഓടിച്ചിട്ട് പിടിക്കും: ജോൺ ബ്രിട്ടാസ് അഭിമുഖം

കപ്പേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി മുസ്തഫയുടെ 'മുറ', ​ഗംഭീര പ്രതികരണങ്ങളുമായി തിയറ്ററുകളിൽ

യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കരണം; മികച്ച പ്രതികരണങ്ങളുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം' തിയറ്ററുകളിൽ

'എല്ലാം മനപൂർവ്വം ചെയ്തതാണ് പക്ഷേ അത് എനിക്കിട്ടുള്ള പണിയായിരുന്നില്ല ഷെയിൻ നി​ഗത്തിന് കൊടുത്ത പണിയായിരുന്നു'; സാന്ദ്ര തോമസ്

'AMMA'യുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, നേതൃത്വ സ്ഥാനത്തേക്ക് വരാൻ എല്ലാവരും മടിച്ചു നിൽക്കുന്നു; കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT