വിഴിഞ്ഞം സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനോട് മത്സ്യത്തൊഴിലാളിയായ സ്ത്രീ പറഞ്ഞത്, തങ്ങള്‍ താമസിക്കുന്ന ഗോഡൗണില്‍ നിങ്ങള്‍ ഒരു ദിവസമെങ്കിലും വന്ന് താമസിക്കൂ എന്നാണ്. വലിയതുറ പാലത്തിന് സമീപം പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണുകളിലെത്തിയാല്‍ ആ പറഞ്ഞതിന്റെ ആഴം മനസിലാകും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ എന്തിനാണ് നൂറ് ദിവസത്തിനടുത്തായ് സമരം ചെയ്യുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവും സിമന്റ് ഗോഡൗണിലെ ജീവിതത്തിലുണ്ട്.
സമരങ്ങള്‍ ഒരുപാട് കണ്ട ഭൂമികയാണ് കേരളത്തിന്റേത്. പോരാടി നേടിയവരാണ്, പോരാടുന്നവരാണ് മലയാള മണ്ണിലെ ഓരോ മനുഷ്യരും. ഇപ്പോള്‍ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ കിടപ്പാടത്തിനായുള്ള സമരത്തിലാണ്. കാലങ്ങളായി നേരിടുന്ന കടലാക്രമണത്തിലും പ്രകൃതിക്ഷോഭങ്ങളിലും താമസിച്ചിരുന്ന വീടുകള്‍ നഷ്ടമായവരാണ് ഇവര്‍. 1980-കള്‍ മുതല്‍ പൂന്തുറയില്‍ പുലിമുട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ച കാലം മുതല്‍ നേരിടുന്ന കടല്‍ക്ഷോഭങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നവരാണ് ഇവര്‍. 2009 ആയപ്പോഴേക്കും കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടമാകാന്‍ തുടങ്ങി. കടലില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ തീരത്തേക്ക് കടല്‍ കയറി വന്നുവെന്നതിന് തങ്ങള്‍ തെളിവായി വയ്ക്കുന്നത് ഇതാണെന്ന് തീരഭൂസംരക്ഷണ വേദി സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന ചൂണ്ടിക്കാട്ടുന്നു.
കടലില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ കര നഷ്ടമാകുമെന്നതിന് ഒരു പഠനം പോലും ആവശ്യമില്ലെന്ന് തങ്ങള്‍ക്ക് ഇതിനാലാണ് ഉത്തമബോധ്യമുള്ളതെന്നും അവര്‍ പറയുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ ഇവിടെ കടലെടുത്ത് തുടങ്ങി. അക്കാലം മുതല്‍ പല ഘട്ടങ്ങളായി മത്സ്യത്തൊഴിലാളികള്‍ സ്‌കൂളുകളിലും മറ്റുമായി അഭയാര്‍ത്ഥികളായി ജീവിക്കുകയാണ്. 292 ഫ്‌ളാറ്റുകളാണ് ഇത്തരത്തില്‍ വലിയതുറയില്‍ കിടപ്പാടം നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.
വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതും ഓഖി ചുഴലിക്കാറ്റുമാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികളെ വീണ്ടും അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇപ്പോള്‍ നടക്കുന്ന സമരം ഓരോ തവണയും വാര്‍ത്തയാകുമ്പോള്‍ ഇവരുടെ കിടപ്പാടം എന്ന ആവശ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനോട് ഒരു മത്സ്യത്തൊഴിലാളിയായ സ്ത്രീ ചോദിച്ച ചോദ്യം ഈ വിഷയം ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. തങ്ങള്‍ താമസിക്കുന്ന ഗോഡൗണില്‍ നിങ്ങള്‍ ഒരു ദിവസമെങ്കിലും വന്ന് താമസിക്കൂവെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം ന്യായമാണെന്ന് ആ ഗോഡൗണുകള്‍ പോയി കണ്ടാല്‍ മനസ്സിലാകും. വലിയതുറ പാലത്തിന് സമീപം പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണുകളിലാണ് ഈ മനുഷ്യര്‍ ജീവിക്കുന്നത്. നാല് ഗോഡൗണുകളിലായി പത്ത് അടി വീതിയിലും പത്ത് അടി നീളത്തിലും ക്യാബിന്‍ തിരിച്ചാണ് ഓരോ കുടുംബവും ഇവിടെ ജീവിക്കുന്നത്. ചില ക്യാബിനുകളില്‍ മൂന്നും നാലും കുടുംബങ്ങള്‍ താമസിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇവിടുത്തെ ജീവിതത്തിലെ ദുരിതം ഏറെയും അനുഭവിക്കുന്നതെങ്കിലും ഈ ഗോഡൗണുകളില്‍ ചെന്നാല്‍ പുരുഷന്മാരെ ആരെയും കാണാനാകില്ല.
കടലില്‍ പോയി കഷ്ടപ്പെട്ട അവര്‍ ഒന്ന് ഉറങ്ങാനായി സ്വന്തം വീടുകളിലേക്ക് വരാനാകാതെ കടല്‍ തീരത്ത് എവിടെയെങ്കിലും കഴിച്ച് കൂട്ടുകയാണെന്നാണ് ഇതിന് ഗോഡൗണുകളിലെ സ്ത്രീകള്‍ പറയുന്ന മറുപടി. ഗോഡൗണുകള്‍ക്ക് സമീപം കാണാനാകുന്ന ഏതാനും പുരുഷന്മാരാകട്ടെ പണിക്ക് പോകാനാകാത്ത അത്രയും പ്രായമായവരാണ്. അവരുടെ മഞ്ഞ കയറിയ കണ്ണുകളില്‍ നിസ്സംഗത മാത്രമാണ്. ഒരു ആയുസ്സ് മുഴുവന്‍ ജോലി ചെയ്തിട്ടും തങ്ങളുടെ കുഞ്ഞുമക്കള്‍ ഇത്തരമൊരു ഇടത്തില്‍ ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സംഗതയാണ് ആ കണ്ണുകളില്‍.
അഞ്ചാറ് മാസം മുമ്പ് മാത്രമാണ് നീല പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് ഓരോ കുടുംബത്തിനും ക്യാബിന്‍ തിരിച്ച് നല്‍കിയതെന്ന് മാഗ്ലിന്‍ വ്യക്തമാക്കി. അതിന് മുമ്പ് എല്ലാവരും ഒരു ഹാളിലാണ് കിടന്നിരുന്നത്.
തീരദേശമെന്നത് ജനനിബിഡമായ ഒരു പ്രദേശമാണ്. തീരദേശത്തിന്റെ ഒരു പരിഛേദമായതുകൊണ്ട് തന്നെ അവിടെ കിടക്കാനുളള ഇടം തീരെയില്ല. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സ്വകാര്യത മാനിച്ചുകൊണ്ട് പുരുഷന്മാര്‍ പലരും ഭക്ഷണം കഴിക്കാന്‍ മാത്രമാണ് ഈ ഗോഡൗണിലെത്തുന്നത്. അവര്‍ പലരും വസ്ത്രം മാറുന്നത് പോലും പുറത്തെവിടെയെങ്കിലും നിന്നായിരിക്കും. കുടുംബസംബന്ധമായ യാതൊരു കാര്യങ്ങളും അവിടെ സംഭവിക്കാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ വേറെ. എന്തിന് മക്കളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ സ്വകാര്യമായി ശാസിക്കാന്‍ പോലുമുള്ള ഇടം അവിടെയില്ല. പെണ്‍കുട്ടികള്‍ക്ക് യാതൊരു സ്വകാര്യതയും അവിടെയില്ല. ഒരു പാഡ് മാറണമെങ്കില്‍ ക്യാബിന് അകത്തിരിക്കുന്ന പുരുഷന്മാര്‍ പുറത്ത് പോയാല്‍ മാത്രമേ സാധിക്കുകയുള്ളൂ.
കര്‍ക്കടക മാസത്തില്‍ ഞങ്ങള്‍ പറഞ്ഞാല്‍ പോലും കടലില്‍ പോയി ജീവിക്കാനുള്ള വക തേടുന്നവരാണ് ഞങ്ങളുടെ പൊന്നോമനകള്‍. ആ ഞങ്ങള്‍ ഇന്ന് ജീവിക്കുന്നത് പത്ത് അടി മാത്രം നീളവും വീതിയുമുള്ള ഇടങ്ങളിലാണ്. 253 പേര്‍ക്കുമായി ആകെ നാല് ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഒരു കാറ്റ് അടിച്ചാല്‍ ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നുപോകും. ടോയ്‌ലറ്റാണെന്ന് കാണിച്ചുതരാന്‍ ഇവിടെയൊന്നുമില്ല. ഒരു കുടുസു മുറിയില്‍ ഒരു ക്ലോസറ്റ് ഇരിപ്പുണ്ട്. അത് കണ്ടാല്‍ മനുഷ്യന്‍ ആയിരുന്നാല്‍ ശര്ദ്ദിക്കുംവലിയതുറയിലെ സമരത്തില്‍ സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന മേരി
നല്ല വസ്ത്രം പോലും ധരിക്കാനില്ല
രാവിലെ സ്‌കൂളില്‍ പോകാന്‍ നേരവും ബാത്ത്‌റൂം സൗകര്യങ്ങള്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകാറുണ്ടെന്ന് വെട്ടുകാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ഗോഡൗണ്‍ നിവാസികളുടെ പ്രതിനിധിയുമായ ആദര്‍ശ പറയുന്നു. ക്യൂ നിന്നാണ് എല്ലാദിവസവും ബാത്ത്‌റൂമില്‍ പോകാറ്. രാത്രിയില്‍ ബാത്ത്‌റൂമില്‍ പോകാന്‍ നേരം ആ ഭാഗത്ത് വെളിച്ചമില്ലാത്തതും വളരെ ബുദ്ധിമുട്ടാണ്. താമസിക്കുന്ന ഹാളും വളരെ കഷ്ടമാണ്. എലികളുടെയും അരണകളുടെയുമെല്ലാം ശല്യമാണ് ഇതിനുള്ളില്‍. ഇടാന്‍ വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്‍ ഇവിടെ താമസിക്കുന്നത്. കാരണം, എലികള്‍ കരണ്ട് പലരുടെയും വസ്ത്രങ്ങള്‍ നശിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു ചേച്ചിയുടെ രണ്ടായിരം രൂപയുടെ അഞ്ച് നോട്ടുകള്‍ എലി കരണ്ടത്. അലമാരയ്ക്ക് അകത്ത് വച്ചിരുന്ന നോട്ടുകളാണ് എലി കടിച്ചത്. ഞങ്ങളിപ്പോള്‍ ഇവിടെയിങ്ങനെ തെരുവില്‍ കിടക്കുകയാണ്.
മഴ പെയ്യുമ്പോഴാണ് ഏറ്റവും ദുരിതം. മഴ പെയ്യുമ്പോള്‍ മൂത്രമൊന്നും പിടിച്ച് നിര്‍ത്താനാകാതെ വരും. അങ്ങനെ വരുമ്പോള്‍ കുടയുടെ മാത്രം മറവില്‍ മഴയത്ത് തന്നെ മൂത്രമൊഴിക്കേണ്ടി വരാറുണ്ട്. സിമന്റ് ഗോഡൗണ്‍ ആയിരുന്നത് കൊണ്ട് ഒരുപാട് പൊടിയുണ്ട് ഇവിടെ. ഞങ്ങള്‍ തന്നെ വേറെ സിമന്റ് വാങ്ങി വെള്ളത്തില്‍ കുഴച്ച് തേച്ചിരിക്കുന്നത് കൊണ്ട് ഇപ്പോള്‍ പഴയ അത്ര പൊടിയുടെ പ്രശ്‌നമില്ല. ഇവിടെ വന്ന കാലത്ത് ഇതായിരുന്നില്ല അവസ്ഥ. ഇവിടെ ധാരാളം കുഞ്ഞു കുട്ടികളുമുണ്ട്. ഞാനൊക്കെ കുട്ടിയായിരുന്നപ്പോഴേ ഇവിടെ വന്നതാണ്. ജലദോഷവും ചുമയും ഒഴിഞ്ഞ നേരം അക്കാലത്തും ഇക്കാലത്തും ഇല്ല. ഇന്‍ഫെക്ഷനുള്ള കുട്ടികളും ഇവിടെ ഒരുപാടുണ്ട്. ചിലര്‍ക്ക് വട്ടച്ചൊറി പോലുള്ള അസുഖങ്ങളുമുണ്ട്.
നാല് ഗോഡൗണുകളിലായി 68 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 253 പേരാണ് ആകെ ഇവിടെയുള്ളത്. ഒരു വയസ്സ് തികയാത്ത ഒമ്പത് കുഞ്ഞുങ്ങളും ഒന്ന് മുതല്‍ 18 വയസ്സ് വരെയുള്ള 27 കുഞ്ഞുങ്ങളുമാണ് ഇവിടെയുള്ളത്. ഇതില്‍ 27 കുഞ്ഞുങ്ങളും പെണ്‍കുട്ടികളാണ്. എല്‍.കെ.ജി മുതല്‍ ഡിഗ്രിയ്ക്ക് വരെ പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ഹാളില്‍ താമസിക്കുന്നുണ്ട്. ഞങ്ങള്‍ ആരുടെയും കട്ടതോ മോഷ്ടിച്ചതോ അല്ല. ഞങ്ങള്‍ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് വീട് തായെന്ന് ആവശ്യപ്പെടുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല.മേരി
വീടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും രക്ഷയില്ല
അഞ്ച് വര്‍ഷത്തോളം വലിയതുറയിലെ ഫിഷറീസ് സ്‌കൂളിലാണ് ഞങ്ങള്‍ കിടന്നിരുന്നത്. ഇടയ്ക്ക് മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരുന്നപ്പോള്‍ തങ്ങള്‍ക്ക് വീട് തരാമെന്ന് പറഞ്ഞിരുന്നതാണെന്ന് ക്യാമ്പിലെ രോഗിണിയായ സ്ത്രീകളില്‍ ഒരാളായ ജോസ്ഫിന്‍ പറയുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് ചതിവ് വച്ച് കൊടുത്തു. വീട് തന്നില്ല. ഞങ്ങളുടെയെല്ലാം വീടുകള്‍ പൂര്‍ണ്ണമായും കടല് കയറി പോയതാണ്. ഡി.ഡിയും കളക്ടര്‍ സാറുമൊക്കെ വന്നപ്പോള്‍ ഞങ്ങളുടെ വീടിരുന്ന സ്ഥലങ്ങള്‍ കാണിച്ച് കൊടുക്കുകയും ഇപ്പോള്‍ വീടില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. അങ്ങനെയാണ് സ്‌കൂളില്‍ നിന്ന് ഇവിടേക്ക് മാറ്റിയത്.
ഞാനും അമ്മയും മാത്രമാണ് എന്റെ കുടുംബം. ജോലി ചെയ്യാന്‍ ആരോഗ്യമുള്ള ആരുമില്ല. ഉണ്ടായിരുന്നതെല്ലാം ദൈവത്തിന് കൊടുത്തു. ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ നിങ്ങളൊന്നും സഹിക്കില്ല. അത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്.
അവിടെ നിന്നും ഇവിടേക്ക് മാറ്റിയിട്ടും ഞങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു നേരത്തെ ആഹാരത്തിന് പോലും വഴിയില്ലാതെ സര്‍ക്കാര്‍ തരുന്ന റേഷന്‍ മാത്രം മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. മത്സ്യത്തൊഴിലാളിയായിട്ടും മീന്‍ മേടിക്കാന്‍ പോലും വകയില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. എനിക്ക് തീരെ ജോലിക്ക് പോകാനാകില്ല. അമ്മയാണ് മീന്‍ വില്‍ക്കാനൊക്കെ പോയിരുന്നത്. ഇപ്പോള്‍ കാലിന് വയ്യാത്തതുകൊണ്ട് അമ്മയും അതിനൊന്നും പോകാറില്ല.
വിഴിഞ്ഞത്ത് നടക്കുന്ന സമരത്തില്‍ ആരോഗ്യമുള്ള ദിവസങ്ങളില്‍ പോകാറുണ്ട്. എനിക്ക് സുഖമില്ലാതിരുന്നപ്പോഴും അമ്മ എന്നെ ഇവിടെ ഒറ്റക്കിട്ട് സമരപ്പന്തലില്‍ പോയി കിടന്നിട്ടുണ്ട്.
ക്യൂ നിന്നാണ് എല്ലാദിവസവും ബാത്ത്‌റൂമില്‍ പോകാറ്. രാത്രിയില്‍ ബാത്ത്‌റൂമില്‍ പോകാന്‍ നേരം ആ ഭാഗത്ത് വെളിച്ചമില്ലാത്തതും വളരെ ബുദ്ധിമുട്ടാണ്. താമസിക്കുന്ന ഹാളും വളരെ കഷ്ടമാണ്. എലികളുടെയും അരണകളുടെയുമെല്ലാം ശല്യമാണ് ഇതിനുള്ളില്‍. ഇടാന്‍ വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്‍ ഇവിടെ താമസിക്കുന്നത്.ഗോഡൗണില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി
നല്ല ടോയ്‌ലറ്റില്ല, കിടക്കാനിടമില്ല, ഞങ്ങള്‍ ഇങ്ങനെ കഴിയേണ്ടവരല്ല.
ഞങ്ങളൊക്കെ സ്വന്തം ഭവനം നഷ്ടപ്പെട്ട് ഇവിടെ വന്ന് കിടക്കുന്നവരാണെന്നാണ് വലിയതുറയിലെ സമരത്തില്‍ സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന മേരി ചൂണ്ടിക്കാട്ടുന്നത്. നാല് ഗോഡൗണുകളിലായി 68 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 253 പേരാണ് ആകെ ഇവിടെയുള്ളത്. ഒരു വയസ്സ് തികയാത്ത ഒമ്പത് കുഞ്ഞുങ്ങളും ഒന്ന് മുതല്‍ 18 വയസ്സ് വരെയുള്ള 27 കുഞ്ഞുങ്ങളുമാണ് ഇവിടെയുള്ളത്. ഇതില്‍ 27 കുഞ്ഞുങ്ങളും പെണ്‍കുട്ടികളാണ്. എല്‍.കെ.ജി മുതല്‍ ഡിഗ്രിയ്ക്ക് വരെ പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ഹാളില്‍ താമസിക്കുന്നുണ്ട്. ഞങ്ങള്‍ ആരുടെയും കട്ടതോ മോഷ്ടിച്ചതോ അല്ല. ഞങ്ങള്‍ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് വീട് തായെന്ന് ആവശ്യപ്പെടുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ വീടുകളിലെ പുരുഷന്മാര്‍ ഈ തിരയോട് മല്ലടിച്ചുണ്ടാക്കിയ സമ്പത്ത് സര്‍ക്കാര്‍ അദാനിയുടെ നെഞ്ചില്‍ കൊണ്ടുപോയി ചവിട്ടിക്കൊടുത്തതിനാണ് ഞങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.
ആരുടെയും ഔദാര്യവും സ്വത്തും ഞങ്ങള്‍ക്ക് വേണ്ട. കിറ്റ് തന്നാല്‍ മാത്രം ജീവിക്കേണ്ടവരല്ല മത്സ്യത്തൊഴിലാളികള്‍. കര്‍ക്കടക മാസത്തില്‍ ഞങ്ങള്‍ പറഞ്ഞാല്‍ പോലും കടലില്‍ പോയി ജീവിക്കാനുള്ള വക തേടുന്നവരാണ് ഞങ്ങളുടെ പൊന്നോമനകള്‍. ആ ഞങ്ങള്‍ ഇന്ന് ജീവിക്കുന്നത് പത്ത് അടി മാത്രം നീളവും വീതിയുമുള്ള ഇടങ്ങളിലാണ്. 253 പേര്‍ക്കുമായി ആകെ നാല് ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഒരു കാറ്റ് അടിച്ചാല്‍ ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നുപോകും. ടോയ്‌ലറ്റാണെന്ന് കാണിച്ചുതരാന്‍ ഇവിടെയൊന്നുമില്ല. ഒരു കുടുസു മുറിയില്‍ ഒരു ക്ലോസറ്റ് ഇരിപ്പുണ്ട്. അത് കണ്ടാല്‍ മനുഷ്യന്‍ ആയിരുന്നാല്‍ ശര്‍ദ്ദിക്കും. പക്ഷേ, ഇതിനകത്ത് എത്തിയതോടെ ഞങ്ങളുടെ ജീവിതം മൃഗങ്ങളെപ്പോലെയായി. വീടുകളില്‍ ഞങ്ങള്‍ മനുഷ്യരായി ജീവിച്ചവരാണ്. ഇന്ന് ഈ ഗോഡൗണിന് അകത്ത് വന്നപ്പോള്‍ ഞങ്ങള്‍ മൃഗങ്ങളെപ്പോലെ ആയി.
ഞങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അഞ്ച് മണിക്ക് എഴുന്നേല്‍ക്കേണ്ട അവസ്ഥയാണ്. നേരത്തെ എഴുന്നേറ്റാല്‍ മാത്രമേ ടോയ്‌ലറ്റില്‍ പോകാനാകൂ. പാസ് എടുത്ത് ക്യൂ നില്‍ക്കുന്നത് പോലെ നില്‍ക്കണം. കോര്‍പ്പറേഷനില്‍ നിന്ന് വരുന്ന വെള്ളവും സമയത്തിന് കിട്ടില്ല. അമ്പത് മീറ്റര്‍ ചുമന്നാണ് ഞങ്ങള്‍ വെള്ളം ഗോഡൗണില്‍ എത്തിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ പത്തോളം കുട്ടികള്‍ ഒരു ദിവസം ഇവിടെ നിന്ന് സ്‌കൂളില്‍ പോകാതിരിക്കുന്നുണ്ട്. അവര്‍ പഠിക്കാന്‍ മോശമായതുകൊണ്ടൊന്നുമല്ല. ഇത്രയും കുട്ടികളുടെ ലിസ്റ്റ് എടുത്തുകൊണ്ട് സ്‌കൂളില്‍ പോയി അന്വേഷിച്ചാല്‍ ഇവരെല്ലാം നന്നായി പഠിക്കുന്ന കുട്ടികളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
എന്നാല്‍ ഈ ഗോഡൗണുകളില്‍ നിങ്ങളൊന്ന് കയറിനോക്കൂ. ഒരു കുട്ടിക്കെങ്കിലും സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ടോ? അവരുടെ ഭാവി കൂടിയാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത്. ഞങ്ങളുടെ ഭവനം പോയതോടെ മക്കളുടെ ഭാവിയും പോയി. ടോയ്‌ലറ്റില്‍ പോകാന്‍ പറ്റാത്തതുകൊണ്ടും കുളിക്കാന്‍ പറ്റാത്തതുകൊണ്ടും ഒരു ദിവസം പത്തോളം കുട്ടികള്‍ സ്‌കൂളില്‍ പോകാത്ത വേറെ ഏത് പ്രദേശമുണ്ട് നിങ്ങളുടെ അറിവില്‍? ഇതിനൊക്കെ ആര് ഉത്തരം പറയാനിരിക്കുന്നു? ഞങ്ങള്‍ക്കൊന്നും യാതൊരു വിലയുമില്ലെന്നാണോ എല്ലാവരും കരുതുന്നത്? ഞങ്ങളും മനുഷ്യരല്ലേ? നുള്ളിയാല്‍ വേദനിക്കുന്ന ചതയും മാംസവുമുള്ള മനുഷ്യരാണ് ഞങ്ങളും.
ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഞങ്ങളുടെ ഭവനത്തെ തിരിച്ച് താ. അതിന് വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പാടുപെടുന്നത്. എവിടെയോ കിടക്കുന്ന അദാനിയെ കൊണ്ടുവന്ന് വളര്‍ത്താന്‍ നോക്കുന്നു. ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഞങ്ങളുടെ കടപ്പുറം. അത് ഞങ്ങള്‍ക്ക് തരാതെ മത്സ്യത്തൊഴിലാളികള്‍ എത്രപറഞ്ഞാലും കേള്‍ക്കില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ കേള്‍ക്കാതിരിക്കുന്നവരായിരുന്നെങ്കില്‍ പ്രളയത്തില്‍ നാടിന്റെ മുഴുവന്‍ കരച്ചില്‍ കേട്ട് ഞങ്ങള്‍ ഞങ്ങളുടെ മുതുക് കാണിച്ച് കൊടുക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് വെറുതെ നോക്കി നില്‍ക്കാമായിരുന്നു. ഉപ്പുവെള്ളമാണ് കുടിക്കുന്നതെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് നല്ല ബുദ്ധിയാണ്. അവരുടെ തലച്ചോറില്‍ ഓടുന്നത് നല്ല ചോരയാണ്.
തങ്ങളെ ആരാണ് സഹായിക്കേണ്ടതെന്ന ധാരണ പോലും ഈ തൊഴിലാളികളില്‍ പലര്‍ക്കുമില്ല. കടലില്‍ തിരകളോട് മല്ലിട്ട് തിരികെ കരയിലെത്തുമ്പോള്‍ പണ്ട് ഇവര്‍ രാജാക്കന്മാരായിരുന്നു. എന്നാല്‍ ഇന്ന് തെരുവുകളില്‍ അലഞ്ഞു തിരിയുന്നു. അതും എന്ന് അവസാനിക്കുമെന്ന് ഉറപ്പില്ലാത്ത അലച്ചില്‍. അതിനൊരു അവസാനം തേടിയാണ് അവര്‍ ഇന്ന് നഗരത്തില്‍ വന്ന് സമരം ചെയ്യുകയും പൊതുജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്നത്. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നൊക്കെയുള്ള വിശേഷണം ലഭിച്ച ഇവരുടെ ദുരിതം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും അവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്ന ഇടങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് വേണ്ടത്.