വനിതകള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കുമെന്ന പ്രചരണത്തിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തിയതിന് പിന്നില്‍ വനിതാ ലീഗെന്ന് ആക്ഷേപം. എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന പ്രചരണത്തിന് തടയിടാനാണ് വനിതാ ലീഗിന്റെ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് നേതാക്കളുടെ പേരുകള്‍ അടങ്ങിയ പട്ടിക വനിതാ ലീഗ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
സ്ത്രീകളെ മത്സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതിയെന്നാണ് വനിതാ ലീഗിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി.കുല്‍സു എന്നിവരുടെ പേരാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിന് ശേഷമേ യുവതികളെ പരിഗണിക്കാവൂ എന്ന് വനിതാ ലീഗ് കെ.പി.എ മജീദിനോട് ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ഫാത്തിമ തഹ്ലിയയെ പരേക്ഷമായി സൂചിപ്പിച്ച് കെ.പി.എ മജീദ് ആഞ്ഞടിച്ചത്.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് ലീഗില്‍ ഒരുവിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്തരം നിലപാട് ലീഗിന് ഗുണം ചെയ്തുവെന്നാണ് ഇവരുടെ വാദം. പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കുമെന്നാണ് ഈ വിഭാഗം കരുതുന്നത്.