പദ്‌നാഭസ്വാമി ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെയാണ് അധികാരത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയെന്ന് വിമര്‍ശനം. ക്ഷേത്രസ്വത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടും വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടും. വിധി പറഞ്ഞ യുയു ലളിതും ഇന്ദു മല്‍ഹോത്രയും ഇത് അവഗണിച്ചുവെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരായി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണപരമായ ചുമതല. പുതിയ ഭരണസമിതി രൂപീകരിക്കണം. അതുവരെ താല്ക്കാലിക സമിതി ഭരണം നടത്തും. അമൂല്യസ്വത്തുക്കളുണ്ടെന്ന് കരുതുന്ന ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന കാര്യം ഈ സമിതിക്ക് വിട്ടിട്ടുണ്ട്.
പദ്മനാഭക്ഷേത്രത്തിലെ അധികാര-സ്വത്ത് തര്‍ക്കം
1750ല്‍ ശ്രീപദ്മനാഭ സ്വാമിക്ക് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം തൃപ്പടിദാനം നല്‍കിയെന്നാണ് ചരിത്രം. ശ്രീപദ്മനാഭന്റെ ദാസന്‍മാരായി രാജ്യം ഭരിക്കുമെന്നായിരുന്നു പ്രഖ്യാപനം. തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോളും ക്ഷേത്രവും അധികാരവും രാജകുടുംബത്തിന് നല്‍കിയായിരുന്നു ഉടമ്പടി ഉണ്ടാക്കിയത്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷവും ശ്രീചിത്തിരതിരുനാളിന് ക്ഷേത്രത്തിലുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ നിലനിര്‍ത്തി. അദ്ദേഹത്തിന്റെ മരണശേഷം ഉത്രാടം തിരുന്നാളിന്റെ കാലത്താണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടായത്.
അഭിഭാഷകനായിരുന്ന ടിപി സുന്ദരരാജനാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്റലിജന്‍സ് ബ്യുറോയില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ വിശ്വസ്തനായിരുന്ന സുന്ദരരാജന്‍ അവരുടെ സുരക്ഷാചുമതലുള്ള ഐബി സംഘത്തിലുണ്ടായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ ജോലി രാജിവെച്ച് അഭിഭാഷകനായി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുവെന്നാരോപിച്ചായിരുന്നു സൂപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി 2011ല്‍ ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ഭരണവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു വിധി.
എല്ലാ നിലവറകളും തുറക്കണമെന്ന് ഹൈക്കോടതി
പദ്മനാഭക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറക്കാന്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും കെ സുരേന്ദ്രമോഹനും ഉത്തരവിട്ടു.ക്ഷേത്രത്തിന്റെ ഭരണാധികാരി സര്‍ക്കാറാണ്. ക്ഷേത്രം പഴയ രാജകുടുംബത്തിന്റെ പിന്‍ഗാമികള്‍ക്ക് കൈമാറാനാകില്ല. സ്വത്തുക്കള്‍ കണ്ടെത്തി മൂല്യം തിട്ടപ്പെടുത്തണം. ഇവ സൂക്ഷിക്കുന്നതിനായി മ്യൂസിയം നിര്‍മ്മിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
രാജകുടുംബത്തിന്റെ അവകാശവാദം
പദ്മനാഭസ്വാമി ക്ഷേതം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ വാദിച്ചിരുന്നത്. നിലനില്‍ക്കില്ലെന്നതിനാല്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റി പൊതുക്ഷേത്രമാണെന്നാണ് അറിയിച്ചത്. പദ്മനാഭസ്വാമിയുടെ ദാസന്‍മാരാണ് തങ്ങള്‍. ദേവസ്വം ബോര്‍ഡിന് കീഴിലല്ല ക്ഷേത്രം. ക്ഷേത്രഭരണത്തിനായി പ്രത്യേക സമിതി വേണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധിയും തന്ത്രിയും ഉള്‍പ്പെടണം.
സര്‍ക്കാര്‍ നിലപാട്
പദ്മനാഭസ്വാമി ക്ഷേത്ര കേസില്‍ ഇടത്- വലത് സര്‍ക്കാരുകള്‍ തമ്മില്‍ വലിയ ഭിന്നതയുണ്ടായിരുന്നില്ല.രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതിയെ ക്ഷേത്രത്തിന്റെ ഭരണം ഏല്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ക്ഷേത്രഭരണത്തിനായി എട്ടംഗ സമിതിയെ നിയോഗിക്കണമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. പഴയ രാജകുടുംബത്തിലെ അംഗവും ഉള്‍പ്പെടും. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന അഞ്ച് അംഗങ്ങളുണ്ടാകും. വനിത, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരും ഇതിലുണ്ടാകും. ഹിന്ദുമത വിശ്വാസികള്‍ മാത്രമായിരിക്കും സമിതിയിലുണ്ടാകുകയെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ബി നിലവറയും വിവാദങ്ങളും
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറ് നിലവറകളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അറയാണ് ബി നിലവറ. 2011ല്‍ കോടതി നിര്‍ദേശ പ്രകാരം ഇതൊഴികെയുള്ള അറ തുറന്നു. 750 കിലോ സ്വര്‍ണനാണയങ്ങള്‍, ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, ആയിരക്കണക്കിന് അമൂല്യ രത്‌നങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം, രത്‌നം പൊതിഞ്ഞ ചതുര്‍ബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, സ്വര്‍ണ മണികള്‍, ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കള്‍ എന്നിവ കണ്ടെത്തി. ഒന്നേകാല്‍ ലക്ഷം കോടി ര വിലമതിക്കുന്ന സ്വര്‍ണ്ണവും രത്‌നങ്ങളും അടങ്ങുന്ന നിധിശേഖരമാണ് കണ്ടെത്തിയത്.മറ്റ് അറകളില്‍ ഉള്ളതിനേക്കാള്‍ അമൂല്യമായ നിധി ശേഖരം ബി നിലവറയില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബി നിലവറ തുറക്കുന്നതിനെ തിരുവിതാംകൂര്‍ കുടുംബം തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. ഈ നിലവറയുടെ കാവല്‍ക്കാരായി നാഗങ്ങളുടെ ചൈതന്യമുണ്ടെന്നാണ് ഇവരുടെ വാദം. ബി നിലവറ ഒരു ഗുഹയാണെന്നും ഇത് തുറന്നാല്‍ കടലില്‍ നിന്നും വെള്ളം കയറുമെന്നുമാണ് പറയുന്നത്. സ്വത്തുക്കള്‍ വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള അധികാരം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയില്‍ പഴയ രാജകുടുംബം വാദിച്ചത്. ബി നിലവറ മുന്‍പ് തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായി സമിതിയും സര്‍ക്കാരും പറഞ്ഞത്.
സാമ്പത്തിക ക്രമക്കേടെന്ന് വിനോദ് റായി റിപ്പോര്‍ട്ട്
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി മുന്‍ സി എ ജി വിനോദ് റായി സമിതിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ബി നിലവറ ഏഴ് തവണ തുറന്നു. ലക്ഷകണക്കിന് രൂപ വിലവരുന്ന അരവണ കണക്കില്‍പ്പെടുത്താതെ മാറ്റി വച്ചതും ഭക്തര്‍ക്ക് ഉടുക്കാനുള്ള മുണ്ട് വാങ്ങിയ ഇനത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപ അധികം നല്കിയതും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 മുതല്‍ 2008 വരെ ക്ഷേത്രം അക്കൌണ്ട് കണക്കുകള്‍ തയ്യാരാക്കാത്തത് ക്രമക്കേടുകള്‍ മരച്ചുവൈക്കാനാണോ എന്ന സംശയവും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്ര ചിലവില്‍ അസാധാരണ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. അരവണ, പുസ്തകങ്ങള്‍, മുണ്ട്, എന്നിവ വാങ്ങിയ വിലയും വിറ്റ വിലയും വേര്‍തിരിച്ചുകാട്ടിയിട്ടില്ല. സ്‌റ്റോക്ക് കാണിച്ചിരിക്കുന്നതും തയ്യാറാക്കി വച്ചിരിക്കുന്നതുമായ അരവണ ടിന്നുകളില്‍ 35,531 എണ്ണത്തിന്റെ വ്യത്യാസമുണ്ട്. 18ലക്ഷത്തോളം രൂപ തട്ടിയെടുക്കാനാണോ ഇവ കണക്കില്‍പ്പെടാതെ മാറ്റി വച്ചതെന്നതെന്നാണ് സംശയം ഉയര്‍ന്നത്. അപ്പവും അരവണയും ഇനത്തില്‍ 90 ലക്ഷം രൂപ നഷ്ടമായി. 2010 മുതല്‍ 2012 വരെ അരവണ കോണ്ട്രാക്റ്റ് നല്‍കിയപ്പോള്‍ 39.17 ലക്ഷം രൂപ നഷ്ടമായി.ക്ഷേത്രം നേരിട്ട് അരവണ തയ്യാറാക്കിയപ്പോള്‍33.65 ലക്ഷം രൂപ ലാഭമുണ്ടായിരുന്നു. ക്ഷേത്രത്തിന് അകത്തു കയറുമ്പോള്‍ ധരിക്കേണ്ട മുണ്ട് വാങ്ങിയ ഇനത്തില്‍ ഒരു കമ്പനിക്ക് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ അധികം നല്‍കി. മുണ്ടിന്റെ വില നിശ്ചയിക്കുന്നതിന് യാതൊരു മാനദണ്ഡവും ഇല്ലായിരുന്നു. ഭക്തര്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണം,വെള്ളി ലോക്കറ്റുകള്‍ക്ക് ഗുണ നിലവാരം ഉറപ്പില്ല. മുറജപവും ലക്ഷദീപവും നടക്കുമ്പോള്‍ നടക്കിരുത്താന്‍ കരാര്‍ നല്‍കിയ ആനയെ ക്ഷേത്രത്തില്‍ എത്തിച്ചത് ചടങ്ങുകള്‍ തീര്‍ന്ന ശേഷമാണ്. ആനക്കുട്ടിയുടെ വില 35 ലക്ഷം രൂപയായി നിശ്ചയിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ല. നടവരവായി ലഭിച്ച സ്വര്‍ണ്ണം വെള്ളി എന്നിവയുടെ കണക്കുകള്‍ 2008 ന് മുമ്പും തുടര്‍ന്നുള്ള പല വര്‍ഷങ്ങളിലും സര്‍ട്ടിഫൈഡ് അകൗണ്ടില്‍ രേഖപ്പെടുത്തതിലും കമ്മിറ്റി സംശയം പ്രകടിപ്പിച്ചു.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
ഗോപാല്‍ സുബ്രഹ്മണ്യമായിരുന്നു പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമിക്കസ് ക്യൂറി. 2012ല്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, എ കെ പട്‌നായ്ക് എന്നിവരാണ് അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്. മൂന്ന് വര്‍ഷം കൊണ്ടാണ് ഗോപാല്‍ സുബ്രഹ്മണ്യം 575 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 66 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നതായിരുന്നു ഇതിലെ പ്രധാന കണ്ടെത്തല്‍. നിലവറകളില്‍ നിന്നും എടുത്ത സ്വര്‍ണ്ണം തിരിച്ചു വെച്ചിട്ടില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടിലുണ്ട്. വ്യക്തിപരമായ കാരണം കാണിച്ച് 2018ല്‍ ഗോപാല്‍ സുബ്രഹ്മണ്യം സ്ഥാനത്ത് നിന്നും മാറി.
സുപ്രീംകോടതി വിധിയും തുടര്‍നടപടികളും
മുന്‍ രാജകുടുംബത്തിന് അനുകൂലമായ വിധിയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരിക്കുന്നത്. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മുന്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഭരണസമിതിയെ നിയോഗിക്കണമെന്ന നിലപാട് അംഗീകരിക്കപ്പെട്ടു എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. വിധി പഠിച്ചതിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.