Special Report

'ശബരിമലയിൽ ബ്രാഹ്‌മണൻ പൂജിച്ചാൽ മാത്രമേ പൂജയാകൂ എന്നുണ്ടോ?' മേൽശാന്തി നിയമന വിവാദത്തിൽ സണ്ണി.എം. കപിക്കാട്

ശബരിമല മേൽശാന്തി നിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം തുടരവേ പ്രതികരണവുമായി സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ശബരിമല മേൽശാന്തിയായി മലയാളി ബ്രാഹ്‌മണൻ മാത്രമേ പാടുള്ളൂ എന്ന് പറയാൻ ആർക്കാണ് അവകാശമെന്ന് സണ്ണി കപിക്കാട്. ഇത്തരമൊരു മാനദണ്ഡമിറക്കിയത് ഏതെങ്കിലും സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അല്ല, സർക്കാരാണ്. സർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പാണ്. കടുത്ത ജാതി വിവേചനത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ് കേരളത്തിലെ സർക്കാരെന്നും സണ്ണി കപിക്കാട് ദ ക്യുവിനോട് പ്രതികരിച്ചു.

സണ്ണി എം കപിക്കാട്

തൊട്ടുകൂടായ്മ ആചരിക്കാൻ ആർക്കും അർഹതയില്ല

ഇത് പുരാതനമായ ആചാരമാണെന്നാണ് ഇവർ പറയുന്നത്. പുരാതനമാണോ അല്ലയോ എന്നത് ഒരു വിഷയമേ അല്ല. നീതിയാണോ എന്നാണു നോക്കേണ്ടത്. പ്രത്യക്ഷത്തിൽ തന്നെ ജാതി വിവേചനമാണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിൽ എന്ത് വാദമാണ് ഉന്നയിക്കാനുള്ളത്. കാലപ്പഴക്കം ഏതെങ്കിലും അനീതിക്ക് സാധുത നൽകുമോ? അനീതിയും അധാർമികവുമായ കാര്യങ്ങൾ ഉപേക്ഷിച്ചും പരിഷ്‌കരിച്ചുമാണല്ലോ മനുഷ്യസമൂഹം ഇവിടെ എത്തിയത്. പിന്നെ ശബരിമലക്ക് മാത്രമെന്താണ് ഇത്ര പ്രത്യേകത?'

ധാരാളം തന്ത്ര വിദ്യാ പീഠങ്ങൾ ഇവിടെയുണ്ട്. അവിടെനിന്ന് തന്ത്ര വിദ്യ പഠിച്ചിറങ്ങുന്നവരുമുണ്ട്. അവർക്ക് പൂജ ചെയ്യാൻ അവകാശമില്ല എന്ന് പറയാൻ സർക്കാരിനെങ്ങനെയാണ് കഴിയുക. ബ്രാഹ്‌മണൻ പൂജിച്ചാൽ മാത്രമേ പൂജ പൂജയാകൂ എന്നുണ്ടോ?.' അന്ധവിശ്വാസത്തിന്റെ പേരിൽ 13ആം നമ്പർ മുറിയില്ലാത്ത കോടതിയിൽ നിന്ന് അനാചാരത്തെ ചോദ്യം ചെയ്തുള്ള കേസിൽ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സണ്ണി കപിക്കാട്.

ഹൈക്കോടതിയിൽ നിർണായക വാദം

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിയായി നിയമനത്തിന് മലയാള ബ്രാഹ്‌മണരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ കേരള ഹൈക്കോടതി ഡിസംബർ 3ന് പ്രത്യേക സിറ്റിംഗിൽ പരിഗണിച്ചിരുന്നു. വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 (1), 16 (2) എന്നിവ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് അജിത് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

ഭരണഘടനാ മൂല്യങ്ങൾക്കെതിര്, തൊട്ടുകൂടായ്മയാണ് ദേവസ്വം നിലപാട്, മോഹൻ ഗോപാലിന്റെ സുപ്രധാന വാദം. ഹൈക്കോടതി പരിഗണിച്ച റിട്ട് ഹർജികളിലൊന്നിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായത് പ്രശസ്ത അഭിഭാഷകനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ അഡ്വക്കേറ്റ് മോഹൻ ഗോപാലാണ്.

അഡ്വ മോഹൻ ഗോപാൽ

നമ്മൾ ഭരണഘടനയെ റദ്ദാക്കുകയാണ്

'ഹർജിക്കാർ ബ്രാഹ്‌മണേതര ജാതിയിൽ ജനിച്ചു എന്നതിനാൽ മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് അവരെ തടയുന്നത് എന്തിനാണ്? അത് ഭരണഘടനയല്ല. അവർ ജന്മനാ അശുദ്ധരാണെന്നാണ് വിശ്വാസം. 'ബ്രാഹ്‌മണൻ' എന്ന് പറയുമ്പോൾ,ജന്മംകൊണ്ട് ശുദ്ധമായ ഒരു കൂട്ടം എന്നാണ് നിങ്ങൾ പറയുന്നത്. ചില മനുഷ്യർ ജന്മനാ അശുദ്ധരാണെന്ന വിശ്വാസം നമുക്ക് ഉയർത്തിപ്പിടിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ, നമ്മൾ ഭരണഘടനയെ റദ്ദാക്കുകയാണ് ചെയ്യുന്നത്.' മോഹൻ ഗോപാൽ തന്റെ വാദത്തിൽ വിശദീകരിച്ചു.

'ശബരിമല ക്ഷേത്രം നിയമത്തിന് അതീതമല്ല. തൊട്ടുകൂടായ്മ ആചരിക്കാൻ ആർക്കും അർഹതയില്ല. മലയാള ബ്രാഹ്‌മണന് മാത്രമേ മേൽശാന്തി ആകാൻ കഴിയൂ എന്നത് തൊട്ടുകൂടായ്മയാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളാണ് ശബരിമലയിൽ പോകുന്നത്. ആ ക്ഷേത്രത്തെ തൊട്ടുകൂടായ്മയിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ഒരു ദുഷിച്ച സാമൂഹിക ആചാരത്തെ പരമ്പരാഗതമെന്ന് വേഷംകെട്ടിച്ച് കൊണ്ട് നടക്കുകയാണ്. നന്മയും തിന്മയും ഒരേ വേഷത്തിൽ വരുമെന്ന് മഹാനായ ചിന്തകനായ നാരായണഗുരു പറഞ്ഞിരുന്നു. ശുദ്ധമായ ജാതി മുൻവിധിയും തൊട്ടുകൂടായ്മയുമാണ് പരമ്പരാഗത മത ആചാരമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു വ്യവസ്ഥ അനുവദിക്കുന്നതിലൂടെ രാഷ്ട്രം യഥാർത്ഥത്തിൽ ജാതീയതയും തൊട്ടുകൂടായ്മയും ആചരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

'ജാതി നോക്കിയുള്ള നിയമന സമ്പ്രദായം ഹൈക്കോടതിക്ക് അംഗീകരിക്കാനാകുമോ? ആർട്ടിക്കിൾ 17 റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോ?' അദ്ദേഹം ചോദിച്ചു.

എന്നാൽ ഹർജിക്കാർ ഉന്നയിക്കുന്ന രീതിയിലാണ് ശബരിമല ക്ഷേത്രത്തിൽ നിയമനം നടക്കുന്നത് എന്ന് തെളിയിക്കേണ്ടത് ഹരജിക്കാർ തന്നെയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കൃഷ്ണൻ നമ്പൂതിരി വേഴ്സസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിലെ 'ശബരിമലയിൽ മേൽശാന്തിയെ നിയമിക്കുന്നത് പൊതു നിയമനമായി കണക്കാക്കാനാകില്ല' എന്ന ഹൈക്കോടതി വിധിയും തിരുവിതാംകൂർ ദേവസ്വം ബേർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ മുന്നോട്ട് വെച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 17ലേക്ക് മാറ്റി.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT