ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും ഒറ്റ ക്ലാസ് പോലും കാണാന്‍ കഴിയാത്തവരാണ് അട്ടപ്പാടിയിലെ ആറ് ഊരുകളിലെ ആദിവാസി കുട്ടികള്‍. ഇതുവരെ വൈദ്യുതിയെത്താത്ത പ്രദേശത്താണ് ഈ ഊരുകള്‍. മിക്ക വീടുകളിലും ഫോണോ ടിവിയോ ഇല്ല. സോളാര്‍ നല്‍കിയിട്ടുണ്ടെങ്കിലും മഴക്കാലമായതിനാല്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്നില്ല. സൈലന്റ്‌വാലി ദേശീയോദ്യാനത്തോട് ചേര്‍ന്നുള്ള നിബിഡവന പ്രദേശത്താണ് ഈ ഊരുകള്‍.
മേലെ തുടുക്കി, താഴെ തുടുക്കി, മേലെ ഖലസി, താഴെ ഖലസി, കടുകുമണ്ണ, ആനവായ് എന്നീ ഊരുകളിലാണ് ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്ത കുട്ടികളുള്ളത്, അനവായ് വരെയാണ് വൈദ്യുതി എത്തിയിട്ടുള്ളത്. മൊബൈല്‍ ഫോണുള്ളവര്‍ പോലും ഈ ഊരുകളില്‍ അപൂര്‍വ്വമാണ്. സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളുണ്ട് ഇവിടെ.
ഈ വര്‍ഷം എന്തൊക്കെയാണ് പഠിക്കാനുള്ളതെന്ന് പോലും ഊരുകളിലെ കുട്ടികള്‍ക്ക് അറിയില്ലെന്ന് വിദ്യാര്‍ത്ഥിനിയായ ഷെല്‍വി പറഞ്ഞു. ഇപ്പോള്‍ മഴയായതിനാല്‍ സോളാര്‍ പ്രവര്‍ത്തിക്കുന്നില്ല. മഴയും കോടയുമാണെങ്കില്‍ സോളാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റില്ല. വീട്ടില്‍ ടിവിയില്ല. അനിയത്തി ജ്യോതി പ്ലസ് വണ്ണിലാണ്. അവളുടെ പഠനം ഇപ്പോള്‍ നടക്കുന്നില്ലെന്നും ഷെല്‍വി പറഞ്ഞു.
മേലെ തുടുക്കി ഊരില്‍ 40, ഖലസിയില്‍ 15 കുട്ടികളുമുണ്ട്. ഊരുകളില്‍ 100 നടുത്ത് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ടെന്നാണ് ആ മേഖലയിലുള്ളവര്‍ പറയുന്നത്. 25 വീടുകളുള്ള മേലെ ഖലസിയില്‍ നാല് വീട്ടില്‍ മാത്രമാണ് ടിവിയുള്ളത്. കറന്റില്ലാത്തതിനാല്‍ മിക്ക സമയത്തും ടിവി പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. സോളാറില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ല. പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടുകളും മുടങ്ങിയിരിക്കുകയാണ്. അധ്യാപകരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനും കുട്ടികള്‍ക്ക് പറ്റുന്നില്ലെന്ന് തുടുക്കി ഊരിലെ സുനില്‍ ദ ക്യുവിനോട് പറഞ്ഞു. സുനിലിന്റെ ഫോണില്‍ നിന്നാണ് പല കുട്ടികളും അധ്യാപകരെ വിളിക്കുന്നത്.
എന്റെ കോളനിയിലെ കുട്ടികള്‍ക്ക് വേണ്ടി ഒന്നര കിലോമീറ്റര്‍ വരെ മല കയറി റേഞ്ച് പിടിച്ചാണ് അധ്യാപകരെ വിളിക്കുന്നത്. വിളിച്ച് പറയാന്‍ തന്നെ ഒന്നൊന്നര മണിക്കൂറെടുക്കും.സുനില്‍
വനത്തിലൂടെ വൈദ്യുത ലൈന്‍ വലിക്കാന്‍ വനംവകുപ്പ് തടസ്സം നില്‍ക്കുകയാണ്. ചിണ്ടക്കി വരെയാണ് ഇപ്പോള്‍ വൈദ്യുതി ലൈനുള്ളത്. അവിടെ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ഊരുകളിലേക്ക്. ആനവായ് ഊരിന് ശേഷമുള്ള പ്രദേശം വനമാണ്. വൈദ്യുതി എത്തിക്കുന്നതിനായി സര്‍ക്കാരിന് പലതവണ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പൊളിഞ്ഞ് വീഴാറായ തൂക്ക് പാലത്തിലൂടെയാണ് കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നത്. മഴക്കാലത്ത് കുത്തിയൊഴുകുന്ന പുഴയാണ് താഴെ. അപകടം നിറഞ്ഞ ഈ വഴിയിലൂടെയാണ് മഴക്കാലത്തും കുട്ടികള്‍ പുഴ കടന്നിരുന്നത്. ഒന്നര ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്ത് നിര്‍മ്മിച്ചതാണ് മുളയുടെ പാലം. ഇത് ബുദ്ധിമുട്ടായതോടെ മുക്കാലി, അഗളി എന്നിവിടങ്ങളിലെ ബന്ധുവീടുകളില്‍ നിന്നായിരുന്നു പല കുട്ടികളും പഠിച്ചിരുന്നത്.
മഴക്കാലത്ത് തീര്‍ത്തും ഒറ്റപ്പെട്ട് പോകുന്ന പ്രദേശമാണിത്. പുറംലോകവുമായി യാതൊരു ബന്ധവും പിന്നീട് സാധ്യമല്ലെന്ന് സുനില്‍ പറയുന്നു.
അരിസാധനങ്ങളൊക്കെ വാങ്ങാന്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ മാത്രമേ ഇവിടെയുള്ള വിവരം പുറത്തുള്ളവര്‍ക്ക് അറിയാന്‍ കഴിയൂ. 20 കിലോമീറ്റര്‍ പോയി മുക്കാലിയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങേണ്ടത്. കാല്‍നടയായി വേണം പോകാന്‍.സുനില്‍
വീടിനുള്ള ആറ് ലക്ഷം രൂപ പഞ്ചായത്ത് അനുവദിക്കാറുണ്ട്. മരം വെട്ടാന്‍ അനുവാദമില്ലാത്തതിനാല്‍ മണ്ണ് കൊണ്ടാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീട് നിര്‍മ്മാണ സാമഗ്രികള്‍ തലച്ചുമടായി എത്തിക്കാനുള്ള സാമ്പത്തികാവസ്ഥയും ഇവര്‍ക്കില്ല.
ആഴ്ച്ചയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഊരുകളിലെത്തും. ആശുപത്രിയിലെത്തിക്കാന്‍ ചുമട് കെട്ടിയാണ് കൊണ്ടു പോകുന്നത്. ആനവായ് വരെയാണ് റോഡുള്ളത്. അതിന് ശേഷമുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് പതിച്ചിട്ടുണ്ട്. ബാക്കി ദൂരം അപകടം പിടിച്ച കാട്ടിലൂടെ വേണം യാത്ര.