കൊവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയിട്ട് രണ്ട് മാസമായെങ്കിലും അട്ടപ്പാടിയിലെ 8ാം ക്ലാസുകാരി ആന്‍മേരിയും സഹോദരങ്ങളും ഒറ്റ ക്ലാസ് പോലും കണ്ടിട്ടില്ല. ഇവരെ പോലെ അഗളി കുറക്കന്‍കുണ്ടിലെ 24 വിദ്യാര്‍ത്ഥികളുടെ പഠനമാണ് മുടങ്ങിയിരിക്കുന്നത്. വൈദ്യുതിയില്ലാത്ത ഈ പ്രദേശത്ത് മൊബൈലിന് റേഞ്ചുമില്ല. കര്‍ഷകനായ തോമസ് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള പരിചിതരുടെ വീടുകളില്‍ പോയി ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് വന്നതിന് ശേഷമാണ് ആന്‍മരിയയോട് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സംസാരിച്ചത്. നെറ്റ് വര്‍ക്ക് തടസ്സപ്പെടുന്നതിനാല്‍ പ്രയാസപ്പെട്ടായിരുന്നു പത്ത് മിനിറ്റ് സമയത്തെ സംസാരം പോലും. ഫോണ്‍ ചെയ്യാന്‍ പോലും ഇത്ര പ്രയാസപ്പെടുന്നിടത്ത് എങ്ങനെയാണ് ഓണ്‍ലൈന്‍ പഠനം എന്നാണ് ആന്‍മരിയ ചോദിക്കുന്നത്.
ഇതുവരെ ഒറ്റക്ലാസിലും പങ്കെടുത്തിട്ടില്ല. നാല് കിലോമീറ്റര്‍ പോയാല്‍ വൈദ്യുതിയുള്ള വീടുകളുണ്ട്. അവിടെ പോയാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്. നെറ്റും കിട്ടില്ല ഇവിടെആന്മരിയ
അഗളി,ജെല്ലിപ്പാറ സ്‌കൂളുകളിലാണ് ഇവര്‍ പഠിക്കുന്നത്. അഗളിയില്‍ നിന്നും 18 കിലോമീറ്ററുണ്ട് ഈ പ്രദേശത്തേക്ക്. 14 കിലോമീറ്റര്‍ നടന്ന് വേണം ഈ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. വന്യമൃഗങ്ങളെ ഭയന്ന് വേണം യാത്ര. രാത്രിയാകും തിരിച്ചെത്താന്‍. ടോര്‍ച്ചുമായാണ് സ്‌കൂളില്‍ പോകുന്നത്.
അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് കുറുക്കന്‍കുണ്ട്. വനംവകുപ്പ് തടസ്സം നിന്നതോടെയാണ് ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ലഭിക്കാതായത്. 1964 മുതലാണ് ഈ മേഖലയിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. 1974, 76 വര്‍ഷങ്ങളിലായി ഇവര്‍ക്ക് പട്ടയം നല്‍കി. ഭൂമിയുടെ മേല്‍ വനംവകുപ്പുമായി തര്‍ക്കം നടക്കുകയാണ്. 49 കുടുംബങ്ങളാണ് ഇവിടെയുള്ളത്. സോളാര്‍ പല വീടുകളിലും ഉണ്ടെങ്കിലും മഴക്കാലമായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. 2012 മുതല്‍ വൈദ്യുതിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുയാണ് ഇവര്‍. കുറുക്കന്കുണ്ടിനോട് ചേര്‍ന്ന് സോഷ്യല്‍ ഫോറസ്റ്റ് കാരണത്തിലായിരുന്നു വൈദ്യുതി ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് തടസ്സം നിന്നത്. 2018ല്‍ ഇതും വനത്തിന്റെ ഭാഗം തന്നെയാണെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 2001-02 വര്‍ഷങ്ങളില്‍ വനം, റവന്യുവകുപ്പുകള്‍ സംയുക്തമായി നടത്തിയ റീസര്‍വേയില്‍ 37 വീട്ടുകാരുടെ കൈവശാവകാശം അംഗീകരിച്ചു. ഇവര്‍ക്ക് അധാരവും പട്ടയവും ഉണ്ട്. പെരുന്തല്‍മണ്ണ ഭൂപണയബാങ്കില്‍ നിന്നും ലേലത്തിലാണ് പലരും സ്ഥലം വാങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പുള്ള ഉത്തരവുകള്‍ പഠിക്കാതെയാണ് തീരുമാനം എടുക്കുന്നതെന്ന് ഫാദര്‍ സജി ആരോപിച്ചു.
ജെണ്ടയിട്ടാണ് വനംവകുപ്പ് സ്ഥലം വേര്‍തിരിക്കുന്നത്. 2012 വരെ ഈ സ്ഥലത്തിന് ഒരു അവകാശവും ഉന്നയിച്ചിരുന്നില്ല. എട്ട് പേര്‍ക്ക് 1977 ന് മുമ്പ് തന്നെ അവകാശം നല്‍കിയിട്ടുണ്ട്.ഫാദര്‍ സജി ജോസഫ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നാലെ പരാതികള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഈ ഭൂമി വനംവകുപ്പിന്റെതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജൂണ്‍ 21ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ച് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ അനുമതി ലഭിച്ചില്ല. കുട്ടികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും തീരുമാനമായില്ല.കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്താനും അനുമതി ലഭിച്ചില്ല. ഇതോടെ സ്വന്തം വീടിന് മുന്നില്‍ സമരം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെയായിരുന്നു സമരം. വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ പഠനം എന്ന് തുടങ്ങാനാകുമെന്ന ആശങ്കയിലാണ് ഈ കുട്ടികള്‍.