Special Report

കൊവിഡും പ്രളയ സാധ്യതയും;സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് പറയാനുള്ളത്

മഴ കനത്ത് തുടങ്ങിയെങ്കിലും പ്രളയമുണ്ടാകുമോയെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ശേഖര്‍ എല്‍ കുര്യാക്കോസ് ദ ക്യുവിനോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിലെ മഴയുടെ അളവ് അനുസരിച്ച് മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളു. ഈ ദിവസങ്ങളിലെ മഴയില്‍ മഹാപ്രളയത്തിനുള്ള സാധ്യത ഇല്ലെന്നാണ്് കരുതുന്നത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാകും. നഗരത്തിന്റെയും കെട്ടിടങ്ങളുടെയും നിര്‍മ്മിതിയുടെ പ്രശ്‌നമാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രളയ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്.

മണ്ണിടിച്ചിലിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. മലയോര മേഖലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് അതിന് കാരണം. അത് തടയാന്‍ കഴിയില്ല. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പറ്റും. അതിനുള്ള നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായ പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജില്ലകളിലെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ മഴയുടെ പാറ്റേണ്‍ കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല ഈ വര്‍ഷം ഉണ്ടാകുന്നത്. പൊതുവായ സ്വഭാവമുണ്ടെങ്കിലും ഓരോ വര്‍ഷത്തെയും മഴ വ്യത്യസ്തമാണ്. 2018, 2019 വര്‍ഷങ്ങളിലെ പോലെയാണെന്ന് ശാസ്ത്രീയമായി വിലയിരുത്താന്‍ കഴിയില്ല.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മഴക്കെടുതി നേരിടുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശേഖര്‍ എല്‍ കുര്യാക്കോസ് അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍

- ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും പ്രളയ ബാധിത മേഖലയിലെ താമസക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ മാറണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയും സുരക്ഷിത സ്ഥലങ്ങളിലെ വീടുകളിലേക്ക് മാറണം.

-തദ്ദേശ സ്ഥാപനങ്ങളില്‍ നാല് ക്യാമ്പുകളെങ്കിലും ആരംഭിക്കുന്നിതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തണം. ഇതില്‍ ഒന്ന് പൊതുവായ ദുരിതാശ്വാസ ക്യാമ്പിന് വേണ്ടിയും രണ്ടാമത്തേത് 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും കൊവിഡ് ഇതര രോഗങ്ങളുള്ളവരെയും പാര്‍പ്പിക്കുന്നതിനും വേണ്ടിയാണ്.മൂന്നാമത്തെ കെട്ടിടത്തില്‍ കൊവിഡ് രോഗലക്ഷണമുള്ളവരെ താമസിപ്പിക്കാനാണ്. ഇവിടെ മുറിയോട് ചേര്‍ന്ന് ടോയ്‌ലെറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കണം. നാലാമത്തെ കെട്ടിടം ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ്. ഇത്തരത്തിലുള്ളവരുടെ കണക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. ഇവരുടെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് പുറത്തിറക്കണം.

-ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ രക്ഷാപ്രവര്‍ത്തനത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം വേണം. വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണം.

-ക്യാമ്പില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് ഒന്നിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. കിടക്കകള്‍, ബെഡ്ഷീറ്റ്, സോപ്പ്, ടവല്‍, എന്നിവ ഉറപ്പാക്കണം. പരസ്പരം ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കണം. തുണി ഉപയോഗിച്ചുള്ള, പുനരുപയോഗത്തിന് പറ്റുന്ന മാസ്‌ക് ധരിക്കുക.

-കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. വസ്ത്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കഴുകുന്നതിനും സൗകര്യം ഉണ്ടായിരിക്കണം.

-പുസ്തകം, ദിനപത്രം, മാസിക എന്നിവ പൊതുവായും കൈമാറ്റം ചെയ്തും ഉപയോഗിക്കുന്നത് കൊവിഡ് പകരുന്നതിന് ഇടയാക്കും. അതിനാല്‍ ഇവ ഒഴിവാക്കണം. ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന കൊവിഡ് ബോധവത്കരണ വീഡിയോകള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കണം.

-ആരോഗ്യപ്രവര്‍ത്തകര്‍ ക്യാമ്പിലെത്തി എല്ലാവരെയും നിരീക്ഷിക്കുകയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാല്‍ ആളുകളില്‍ ബോധവത്കരണം നടത്തണം. രോഗലക്ഷണമുള്ളവരുടെ കൊവിഡ് പരിശോധന പെട്ടെന്ന് നടത്തണം. പോസ്റ്റീവാകുന്നവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പെട്ടെന്ന് മാറ്റണം. രോഗലക്ഷണങ്ങളുള്ളവര്‍, ഹോ ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവരുടെ ലഗേജും വസ്ത്രങ്ങളും അവര്‍ തന്നെ കൈകാര്യം ചെയ്യണം. അതിന് കഴിയാത്ത വ്യക്തികള്‍ക്ക് കൈയ്യുറ, മാസ്‌ക് എന്നിവ ധരിച്ച്, ശാരീരിക അകലം പാലിച്ച് സഹായിക്കാം. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് നല്‍കണം. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ അത് ലഭ്യമാക്കണം.

-ക്യാമ്പുകളുടെ കാവാടത്തില്‍ ഹാന്‍ഡ് സാനിട്ടൈസര്‍ ഉറപ്പ് വരുത്തണം. ശുചിമുറികള്‍ അണുനാശിനി ഉപയോഗിച്ച് രണ്ട് തവണ വൃത്തിയാക്കണം. സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉറപ്പ് വരുത്തണം. ഇവ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കണം.

-ക്യാമ്പുകളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ക്യാമ്പുകളിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക. ശാരീരിക അകലം പാലിക്കുക. സാധനങ്ങളും വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പങ്കിടാതിരിക്കുക. അലക്ഷ്യമായി തുപ്പരുത്. ഒരു മാസ്‌ക് 6 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈ കഴുകുക.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT