സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (SRFTI) ജാതി അധിക്ഷേപം നടത്തിയ ഗസ്റ്റ് അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ച് വിദ്യാര്‍ഥികള്‍. സിനിമാറ്റോഗ്രഫി ഡിപ്പാര്‍ട്മെന്റില്‍ വര്‍ക്ക്‌ഷോപ്പ് നടത്താനായെത്തിയ പ്രശസ്ത ഛായാഗ്രഹകനായ ജഹാംഗീര്‍ ചൗധരിയെക്കൊണ്ടാണ് ക്ലാസില്‍ ജാതി അധിക്ഷേപം നടത്തിയതിന് മാപ്പ് പറയിച്ചത്. വിദ്യാര്‍ഥി യൂണിയന്റെ പരാതിയെ തുടര്‍ന്ന് ജഹാംഗീര്‍ ചൗധരി മാപ്പ് പറയുകയും അധികൃതര്‍ ജഹാംഗീര്‍ ചൗധരിയെ വര്‍ക്ക്‌ഷോപ്പ് തുടരുന്നതില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ബോളിവുഡ് സിനിമാറ്റോഗ്രാഫറും ദേശീയ പുരസ്‌കാര ജേതാവുമായ ജഹാംഗീര്‍ ചൗധരിയുടെ ലൈറ്റിംഗ് വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞയാഴ്ചയായിരുന്നു എസ്ആര്‍എഫ്ടിഐയില്‍ നടന്നത്. വര്‍ക്ക്‌ഷോപ്പ് നടക്കുന്നതിനിടയില്‍ ഒരാള്‍ തുടര്‍ച്ചയായി തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ ' ഇവന്‍ എസ്.സി /എസ്.ടി ആണോ ' എന്നായിരുന്നു അധ്യാപകന്റെ കമന്റ്. തുടര്‍ന്ന് ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും അതിന് കൃത്യമായി മാപ്പ് പറയാന്‍ ജഹാംഗീര്‍ ചൗധരി തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ ഇടപെടുകയും പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ജഹാംഗീര്‍ ചൗധരി മാപ്പ് പറഞ്ഞത്.
ജാതി അധിക്ഷേപം ആദ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് സാധാരണമെന്ന പോലെ മാപ്പ് പറയാമെന്നായിരുന്നു ജഹാംഗീര്‍ ചൗധരിയുടെ മറുപടിയെന്ന് എസ്ആര്‍എഫ്ടിഐയിലെ വിദ്യാര്‍ഥി ദ ക്യുവിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിദ്യാര്‍ഥി പറയുന്നതിങ്ങനെ
എല്ലാ വര്‍ഷവും ജഹാംഗീര്‍ ചൗധരിയുടെ ലൈറ്റിംഗ് വര്‍ക് ഷോപ്പ് എസ്ആര്‍എഫ്ടിഐയില്‍ നടത്താറുണ്ട്. ഒരാഴ്ച നീണ്ട വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആരംഭിച്ചത്. ചീത്ത പറഞ്ഞ് പണിയെടുപ്പിക്കുന്നയാളാണ് അധ്യാപകനെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ അതൊന്നും വിദ്യാര്‍ഥികള്‍ കാര്യമാക്കിയിരുന്നില്ല. ബുധനാഴ്ച വര്‍ക്ക്‌ഷോപ്പില്‍ ലൈറ്റിംഗ് ചെയ്യുമ്പോള്‍ അഭിനയിക്കുവാനായി വിദ്യാര്‍ഥികളിലൊരാളുടെ സുഹൃത്തും എത്തിയിട്ടുണ്ടായിരുന്നു. ഈ ആക്ടര്‍ തുടര്‍ച്ചയായി മിസ്റ്റേക്ക് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആക്ടറോട് വീണ്ടും ഒരിക്കല്‍ കൂടി ചെയ്യേണ്ട കാര്യം പറഞ്ഞുകൊടുത്ത് ആക്ടര്‍ തിരിച്ച് നടന്നപ്പോള്‍ എല്ലാ വിദ്യാര്‍ഥികളെയും നോക്കി കമന്റായി കാഷ്വലായി പറഞ്ഞു, 'ഇവന്‍ എസ്.സി-എസ്.എസ്ടി എങ്ങാനും ആണോ' , വിദ്യാര്‍ഥികള്‍ക്കൊരു ഷോക്കായിരുന്നു അത്. തെറ്റ് ചെയ്യുന്നതും അത് എസ്.സി /എസ്.ടിക്കാരാണ് എന്ന് പറയുന്നതും അത് കണക്ടടായിരുന്നു. പിന്നീട് കുറച്ച് പേര്‍ ചേര്‍ന്ന് പറഞ്ഞത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ചെയ്ത തെറ്റ് മറക്കാനും, ചോദ്യങ്ങള്‍ ഒഴിവാക്കാനുമായിട്ട് താന്‍ മാപ്പ് പറയാം പക്ഷേ അങ്ങനെയങ്കില്‍ ക്ലാസില്‍ തയ്യാറെടുപ്പുകളില്ലാതെ വന്നതിന് വിദ്യാര്‍ഥികളും മാപ്പ് പറയണമെന്നായിരുന്നു ജഹാംഗീര്‍ ചൗധരി പറഞ്ഞത്. അതും വളരെ കാഷ്വലായിട്ടായിരുന്നു പറഞ്ഞത്. അത് മുഖത്ത് വ്യക്തമായിരുന്നു, തുടര്‍ന്നാണ് വിഷയം വിദ്യാര്‍ഥി യൂണിയന് മുന്നില്‍ അവതരിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ജാതി അധിക്ഷേപ പരാമര്‍ശങ്ങള്‍, അപമാനിക്കല്‍, മനുഷ്യത്വവിരുദ്ധമായ സമീപനങ്ങള്‍ തുടങ്ങിയവ ഇവിടെ ക്യാമ്പസുകളില്‍ അവസാനിക്കണമെന്ന് വിദ്യാര്‍ഥി യൂണിയന്‍ ഔദ്യോഗികമായി പുറത്തറക്കിയ സ്റ്റേറ്റ്മെന്റില്‍ പറഞ്ഞു.
ജഹാംഗീര്‍ ചൗധരി വലിയൊരു മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. അതേ ചിന്താഗതി മനസിലുള്ള, മയപ്പെടുത്തിക്കൊണ്ട് അത്തരം കമന്റുകള്‍ ആവര്‍ത്തിക്കുന്നവര്‍ ഭയപ്പെട്ടുകൊളളുക, കാരണം ഞങ്ങള്‍ നിങ്ങളെ പ്രതിരോധിക്കാനാണ് നിലകൊള്ളുന്നത്.വിദ്യാര്‍ഥി യുണിയന്‍
വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധിക്കുകയും നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധ്യാപകനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോള്‍ മാത്രമാണ് അധ്യാപകന്‍ മാപ്പ് പറയാന്‍ തയ്യാറായതെന്ന് യൂണിയന്‍ പ്രതിനിധിമാരിലൊരാളായ അരുണ്‍ദേവ് ദ ക്യുവിനോട് പറഞ്ഞു. ആദ്യം മാപ്പ് പറഞ്ഞതും തെറ്റായിട്ടായിരുന്നു, വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു, ഒടുവില്‍ അണ്‍കണ്ടീഷണലായി മാപ്പ് പറയുന്നു എന്ന് പറയേണ്ടി വന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു.
അധ്യാപകന്‍ പിന്നീട് മാപ്പ് എഴുതി തന്നുവെങ്കിലും അതിലും മാനിപ്പുലേറ്റ് ചെയ്യുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. തലേ ദിവസം തന്നെ വിഷയത്തില്‍ മാപ്പ് പറഞ്ഞുവെന്നാണ് എഴുതിയത്. എന്നാല്‍ തലേന്ന് ഒഴിഞ്ഞുമാറുക മാത്രമായിരുന്നു ചെയ്തത്. പലയിടത്തും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് പുറത്ത് എല്ലാവരും അറിയണമെന്നത് കൊണ്ട് തന്നെയാണ് പ്രതിഷേധിച്ചത്.അരുണ്‍ ദേവ്
ജഹാംഗീര്‍ ചൗധരിയെ ഉടന്‍ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയും അധികൃതര്‍ അംഗീകരിക്കുകയും ചെയ്തു. അത് കൂടാതെ മറ്റ് ചില ആവശ്യങ്ങളും വിദ്യാര്‍ഥി യൂണിയന്‍ അധികൃതര്‍ക്ക് മുന്നില്‍ അറിയിച്ചിട്ടുണ്ട്.
ഗസ്റ്റ് അധ്യാപകര്‍ക്കായി പെരുമാറ്റച്ചട്ടം നിര്‍മിക്കുകയും ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് അവരെക്കൊണ്ട് അതില്‍ ഒപ്പ് വെപ്പിക്കുകയും ചെയ്യുക,
ജഹാംഗീര്‍ ചൗധരിയെ മറ്റൊരു ക്ലാസ്സോ വര്‍ക്ക്‌ഷോപ്പോ നടത്താനായി വിളിക്കരുത് ,
എസ്ആര്‍എഫ്ടിഐയുടെ അഡ്മിഷന്‍, ഓറിയന്റേഷന്‍, ഇവാലുവേഷന്‍ പ്രോസസ് തുടങ്ങിയവയില്‍ ജഹാംഗീര്‍ ചൗധരിയെ ഉള്‍പ്പെടുത്തരുത് ,
സിനിമാറ്റോഗ്രാഫി വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ മറ്റൊരു വര്‍ക്ക്‌ഷോപ്പ് നിശ്ചയിക്കുക.
വിദ്യാര്‍ഥികളുന്നയിച്ച എല്ലാ ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ചിവെന്ന് അരുണ്‍ ദേവ് പറയുന്നു. ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ഉടന്‍ യൂണിയന്റെ നേതൃത്വത്തില്‍ കാസ്റ്റ് സെന്‍സിറ്റീവ് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുമെന്നും അരുണ്‍ പറഞ്ഞു.