നയതന്ത്ര ചാനല്‍ വഴി മാത്രമല്ല, കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും ഭദ്രമായി സ്വര്‍ണ്ണം എത്തിക്കാന്‍ കഴിയുമെന്ന് കടത്ത് സംഘത്തിലെ പ്രധാനി ദ ക്യുവിനോട് പറഞ്ഞു. വിദേശത്ത് നിന്നും എത്തിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ മറ്റ് ജീവനക്കാരും പുറത്തെത്തിച്ച് നല്‍കും. കടത്തുകാരെ സഹായിക്കുന്നതില്‍ എതിര്‍പ്പുള്ള ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം മാറ്റിയുള്ള സജ്ജീകരണങ്ങളും കസ്റ്റംസ് ചെയ്യുന്നുണ്ട്. പത്ത് കിലോ സ്വര്‍ണ്ണം വരെ കടത്തിയിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥ തലത്തിലുള്ള സഹായമില്ലാതെ, തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെയുള്ള അപകടം പിടിച്ച സ്വര്‍ണ്ണക്കടത്ത് വഴി തെരഞ്ഞെടുക്കില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
സ്വര്‍ണ്ണം കടത്തുന്നതെങ്ങനെ
നാട്ടിലേക്ക് മടങ്ങുന്ന ആളുകളുടെയും കടത്തുന്നതിനായി തന്നെ വരുന്നവരുടെയും കൈവശമാണ് സ്വര്‍ണ്ണം നല്‍കുക. കുഴമ്പ് രൂപത്തിലും ചോക്ലേറ്റ് പോലെയുമൊക്കെയാക്കി മാറ്റും. മണ്ണാക്കിയും കൊണ്ടുവരും. ഇതിനായി മുംബൈയില്‍ നിന്നുള്ള വിദഗ്ധരുണ്ട്. നാട്ടിലെത്തിക്കുന്ന സ്വര്‍ണ്ണത്തിന്റെ രൂപം പഴയ പോലെയാക്കുന്നതും ഇവരുടെ ആളുകളാണ്. ഓരോ കടത്ത് സംഘത്തിലും ഇവരുണ്ടാകും. കടത്തുകാര്‍ക്ക് 50000 രൂപ വരെ ലഭിക്കും. എടുക്കുന്ന റിസ്‌ക് അനുസരിച്ചാണ് തുക. പിടിക്കപ്പെട്ടാലും ഈ തുക നല്‍കും. താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 100 ദിര്‍ഹം ഒരു ദിവസത്തേക്ക് ലഭിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നതിനായി 290 ദിര്‍ഹം നികുതി അടയ്ക്കും. എത്ര തൂക്കം സ്വര്‍ണ്ണമുണ്ടെങ്കിലും ഈ തുക മാത്രം മതി. രണ്ട് കിലോ വരെ സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തും. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാല്‍ സുരക്ഷാ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ല. വിസിറ്റിംഗ് വിസയില്‍ പോയവരുടെ കൈയ്യില്‍ കൊടുക്കാന്‍ പറ്റില്ല.
കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്ന സംഘത്തില്‍ സ്ത്രീകളുടെ സജീവമാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്. സംശയം തോന്നാത്ത രീതിയിലുള്ളവരുടെ കൈവശമാണ് സ്വര്‍ണ്ണം നല്‍കുക. സോക്‌സിനുള്ളിലും ശരീരത്തിലെ രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ച് കടത്തും.
കസ്റ്റംസിന്റെ സഹായം
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മിക്ക തവണയും സ്വര്‍ണ്ണം കടത്തുന്നതെന്നാണ് ഇയാള്‍ പറയുന്നത്.സ്വര്‍ണ്ണകടത്തില്‍ കര്‍ശന നിലപാടുള്ള ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം മാറ്റുകയാണ് പതിവ്. കടത്തുകാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരേ സമയം ഡ്യൂട്ടിയില്‍ കയറും. ഈ സമയം വിളിച്ചറിയിക്കും. രൂപം മാറ്റാതെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ആളുടെ വിമാനത്തിലെ സീറ്റ് നമ്പറും ഫോട്ടോയും ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുക്കും. ഇറങ്ങുമ്പോള്‍ സീറ്റില്‍ വെച്ചാല്‍ മതി. യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം വിമാനത്തില്‍ നടത്തുന്ന പരിശോധനയ്ക്കിടെ ആ ഉദ്യോഗസ്ഥന്‍ ഇത് എടുത്ത് പുറത്തെത്തിക്കും. ടോയ്‌ലെറ്റില്‍ ഒളിപ്പിക്കുന്നതും ഉദ്യോഗസ്ഥരാണ് പുറത്ത് കൈമാറുക. വിമാനത്താവളത്തിന് പുറത്തോ ഹോട്ടല്‍ മുറിയിലോ കാത്ത് നിന്നാല്‍ മതി.
പരിശോധന കര്‍ശനമല്ലാത്ത സമയം കസറ്റംസ് ഉദ്യോഗസ്ഥര്‍ വിളിച്ചറിയിക്കും. സാമ്പിള്‍ ആദ്യം അയക്കും. റൂട്ട് സുരക്ഷിതമാണെങ്കില്‍ കൂടുതല്‍ സ്വര്‍ണ്ണം ആ വിമാനത്താവളം വഴി എത്തിക്കും. കൂടുതല്‍ കൊണ്ടുവരുമ്പോള്‍ കസ്റ്റംസിലെ ഈ ഉദ്യോഗസ്ഥര്‍ തന്നെ പിടിപ്പിക്കും. കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്റെ വില അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കുക. 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ അവര്‍ വാങ്ങിക്കും. സ്വര്‍ണ്ണക്കടത്തിന് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ജോലിയിലെ സ്ഥാനക്കയറ്റത്തിന് വേണ്ടി ഒറ്റുന്ന സംഭവമുണ്ടായിട്ടുണ്ട്.
പിടിക്കപ്പെട്ടാല്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ വാങ്ങി വെക്കും. രണ്ടാളുടെ ജാമ്യത്തില്‍ പുറത്തിറങ്ങാം. ഒരു മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. പിടിച്ച സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തിറക്കാതെ ഗള്‍ഫിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ അനുവദിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്തില്‍ പരിശോധന കര്‍ശനമാകുമ്പോള്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.