പ്രമോഷന്‍ തടയുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാല അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ എ പിയെ സ്‌പെന്റ് ചെയ്തതെന്ന് വ്യക്തമാകുന്നു. അടുത്തമാസം സെക്ഷന്‍ ഓഫീസറായി ഉദ്യോഗക്കയറ്റം ലഭിക്കാനിരിക്കെയാണ് ഇദ്ദേഹത്തെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ശാന്തിവനം സംരക്ഷിക്കണമെന്ന ഉള്ളടക്കത്തോടെ ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനായ അനില്‍കുമാര്‍ സര്‍ക്കാര്‍ നയത്തിനെതിരെ പരസ്യനിലപാടെടുക്കുകയും വൈദ്യുതി മന്ത്രി എംഎം മണിയേയും എസ് ശര്‍മ എംഎല്‍എയെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. എസ് ശര്‍മ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നല്‍കിയ പരാതിയിലാണ് വിശദീകരണം പോലും ചോദിക്കാതെ തിടുക്കപ്പെട്ടുള്ള നടപടി.
ജൂലൈ ഒന്നിനാണ് അനില്‍കുമാറിന് സെക്ഷന്‍ ഓഫീസറായി ജോലിക്കയറ്റം ലഭിക്കുന്നത്. എന്നാല്‍ ഈ ദിവസം സര്‍വീസില്‍ ഇല്ലെങ്കില്‍ പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹനല്ല. ഇത് മുന്നില്‍ക്കണ്ടാണ് അനില്‍കുമാറിനെതിരെ എംജി സര്‍വ്വകലാശാലയിലെ ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍ ഇത്തരത്തില്‍ നീക്കം നടത്തിയതെന്നാണ് ആക്ഷേപം. എംജിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുന്‍പ് സര്‍വ്വകലാശാലയില്‍ നിരവധി ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് ഈ ഉദ്യോഗസ്ഥനെന്ന് ആക്ഷേപമുണ്ട്. ഭരണപക്ഷാനുകൂല സംഘടനയായ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് പുറത്തുവന്നതോടെയാണ് അനില്‍കുമാറിനെതിരെ നിരന്തര നീക്കങ്ങളുണ്ടാകുന്നത്. നടപടിക്കെതിരെ ഭരണപക്ഷാനുകൂല സംഘടനയൊഴികെയുള്ളവയുടെ സംയുക്ത സമരസമിതി പ്രക്ഷോഭത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശാന്തിവനം.കൊല്ലാന്‍ തീരുമാനമില്ല, പക്ഷേ കഴുത്തുമുറിക്കും.പ്രകൃതിയെ സംരക്ഷിക്കും, പക്ഷേ മരങ്ങള്‍ മുറിക്കും മുടി മുറിക്കും.ഇത് അതേ സ്‌ക്രിപ്റ്റ് തന്നെയാണ്. മരുഭൂമികള്‍ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും എക്കാലത്തും ഇഷ്ടപ്പെടുന്ന സ്‌ക്രിപ്റ്റ്. കാടുമുടിക്കുന്നവരുടെ, മല ഇടിക്കുന്നവരുടെ, നീര്‍ത്തടവും വയലും നികത്തുന്നവരുടെ, ജനാധിപത്യത്തോട് പുഛം സൂക്ഷിക്കുന്നവരുടെ, S.ശര്‍മ്മയുടെ, MM മണിയുടെ ....., അങ്ങനെ ലാഭാധിഷ്ഠിത തൂക്കി വില്‍പ്പനാ മുന്നേറ്റങ്ങളുടെ സ്വന്തം സ്‌ക്രിപ്റ്റ്.
മെയ് 7 ന് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചതിന്റെ പേരിലായിരുന്നു നടപടി. നാടകകൃത്ത് വിദ്യാഭ്യാസ-പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിവരുന്നയാളാണ് അനില്‍കുമാര്‍. ശാന്തിവനവുമായി ദീര്‍ഘകാല ബന്ധവുമുണ്ട്. അവിടെ ക്യാംപുകള്‍ സംഘടിപ്പിക്കുകയടക്കം ചെയ്തുവരുന്നുണ്ട്. എസ് ശര്‍മ്മയെയും എംഎം മണിയെയും പരാമര്‍ശിക്കുന്നതല്ലാതെ കുറിപ്പില്‍ അപകീര്‍ത്തികരമായ പ്രയോഗങ്ങളില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്നും വ്യക്തമാകും. ഇനി പരാതിയുണ്ടെങ്കില്‍ സൈബര്‍ പൊലീസിനെയാണ് സമീപിക്കേണ്ടതെന്നിരിക്കെ സ്പീക്കര്‍ മുഖേന തിടുക്കത്തില്‍ വിശദീകരണം പോലും ചോദിക്കാതെ അച്ചടക്ക നടപടി ഉറപ്പാക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാലാണ് അച്ചടക്ക നടപടിക്ക് സാധ്യതയുള്ളത്.
എന്നാല്‍ ഒരു പൊതു വിഷയത്തില്‍, പരിസ്ഥിതി പ്രാധാന്യമുള്ള കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് മാറ്റിനിര്‍ത്തലുണ്ടായത്. ജനാധിപത്യസംവിധാനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെന്നിരിക്കെയാണ് ഈ നീക്കം. പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സസ്‌പെന്‍ഷന്‍ എന്നാല്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തലാണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസിനെ സ്വാധീനിക്കാതിരിക്കാനും ഔദ്യോഗിക രേഖകളിലും മറ്റും ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനുമാണ് ഒരാളെ മാറ്റിനിര്‍ത്തേണ്ടത്. എന്നാല്‍ ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമല്ല പരാതിക്കാധാരം. ഫെയ്‌സ്ബുക്ക് പോസ്റ്റാണ് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഇനിയെന്തെങ്കിലും കൃത്രിമത്വം വരുത്തുക സാധ്യമല്ല.
അതായത് ഈ വിഷയത്തില്‍ സ്ഥാപനത്തിലോ അവിടുത്തെ രേഖകളിലോ ഏതെങ്കിലും തരത്തില്‍ സ്വാധീനശേഷി പ്രയോഗിക്കേണ്ട ആവശ്യം അനില്‍കുമാറിനില്ല. അങ്ങിനെയെങ്കില്‍ സ്ഥാപനവുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട ആവശ്യമെന്തെന്നും ചോദ്യമുയരുകയാണ്. സസ്‌പെന്‍ഷന്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ സ്വമേധയാ തന്റെ ഭാഗം വിശദീകരിച്ച് എംജി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷവും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച് സര്‍വീസില്‍ തിരിച്ചെത്തുകയായിരുന്നു. എസ്എഫ്‌ഐ ആലുവ മുന്‍ ഏരിയ പ്രസിഡന്റും യുസി കോളജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു അനില്‍കുമാര്‍.