Special Report

ആത്മഹത്യക്ക് ശ്രമിച്ചെന്ന പേരിൽ വിദ്യാർത്ഥിനിക്ക് ഹോസ്റ്റൽ മുറി നിഷേധിച്ച് സ്കൂൾ ഓഫ് ഡ്രാമ, സർവകലാശാല ചട്ടപ്രകാരമെന്ന് വാദം

2022ൽ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനായിരുന്ന സുനിൽ കുമാറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട വിദ്യാർത്ഥിനി വീണ്ടും ആത്മഹത്യാ ശ്രമം നടത്തിയതിന്റെ പേരിൽ ഹോസ്റ്റൽ റൂം നിഷേധിച്ചതായി പരാതി. പ്രായപൂർത്തിയായ ഒരാൾ എവിടെ താമസിക്കണമെന്ന് ഡോക്ടർമാരും അധികൃതരും നിശ്ചയിക്കുന്നത് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിദ്യാർത്ഥിനി ദ ക്യുവിനോട്. കാലിക്കറ്റ് സർവകലാശാലയുടെ ചട്ടം പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ.

കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലുള്ള തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന പേരിൽ വിദ്യാർത്ഥിനിക്ക് ഹോസ്റ്റൽ റൂം നിഷേധിക്കുന്നതായി പരാതി. 2022ൽ ഡീനിൽ നിന്ന് ലൈംഗിക പീഡനം നേരിട്ട വിദ്യാർത്ഥിനിയോടാണ് ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഹോസ്റ്റൽ റൂം നൽകൂ എന്ന് കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരാളുടെ മാനസികാരോ​ഗ്യനിലയെ മുൻനിർത്തി അർഹമായ ഹോസ്റ്റൽ സൗകര്യം എങ്ങനെ നിഷേധിക്കാനാകുമെന്ന് വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. സൈക്യാട്രിസ്റ്റിന്റെ പക്കൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നുമാസത്തെ ചികിത്സാ കാലയളവ് പൂർത്തിയാക്കണമെന്നുണ്ട്, അതാണ് നിലവിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതെന്നും വിദ്യാർത്ഥിനി ദ ക്യുവിനോട് പറഞ്ഞു. സർവകലാശാലയുടെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്നാണ് അധികൃതർ തന്നെ അറിയിച്ചിരിക്കുന്നതെന്നും വിദ്യാർത്ഥിനി.

വിദ്യാർത്ഥിനിയെ മാറ്റി നിർത്തുന്ന നിലപാടല്ല തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും ആത്മഹത്യാശ്രമമുണ്ടായ സാഹചര്യത്തിലുള്ള തീരുമാനപ്രകാരമാണ് ഹോസ്റ്റൽ റൂം നൽകാത്തതെന്നും ഹോസ്റ്റൽ വാർഡൻ റെജുല ഹെലൻ ദ ക്യുവിനോട് പറഞ്ഞു. ഹോസ്റ്റൽ നൽകാത്തത് സർവകലാശാല ചട്ടം മുൻനിർത്തിയാണോ എന്ന ചോദ്യത്തിന് നിലവിലുള്ള ഏതെങ്കിലും ചട്ടങ്ങളുടെ പുറത്തല്ല, ഇങ്ങനെ ഒരു സംഭവം നടന്നതിന്റെ പശ്ചാത്തലത്തിലാണെന്നും റജുല ഹെലൻ.

രണ്ടാമത്തെ തവണയാണ് ഈ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും അതിനാൽ ഹോസ്റ്റലിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് നിയമവശങ്ങളുണ്ടെന്നും സ്കൂൾ ഓഫ് ഡ്രാമ കാമ്പസ് ഡയറക്ടർ അഭിലാഷ് പിള്ള. വിദ്യാർത്ഥിനിയെ കാമ്പസിലെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുന്നുണ്ടെന്നും പഠനം മുടങ്ങരുതെന്നാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും അഭിലാഷ് പിള്ള ദ ക്യുവിനോട് പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ക്യാമ്പസ് ഡയറക്ടർ.

ഞാനൊരു പ്രായപൂർത്തിയായ കുട്ടിയാണ്. എവിടെ താമസിക്കണം എന്ന് ഞാൻ മാത്രമാണ് തീരുമാനിക്കേണ്ടത്. എല്ലാ കുട്ടികളും രക്ഷിതാക്കളുടെ അടുത്ത് നിൽക്കാൻ കഴിയുന്ന അവസ്ഥയിലായിരിക്കണമെന്നില്ലല്ലോ. ഈ കാമ്പസിൽ ഒരു ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി പോലും ഇല്ല. സർവ്വകലാശാലയുടെ ഐ.സി.സി മാത്രമേ ഉള്ളു. കാമ്പസ്സിൽ ഒരു പ്രശ്നമുണ്ടായാൽ എവിടെയാണ് പരാതിപ്പെടേണ്ടത് എന്നുപോലും ഞങ്ങൾക്ക് അറിയില്ല.
വിദ്യാർത്ഥിനി

2022 ഫെബ്രുവരിയിലാണ് സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനും ഡീനുമായ സുനിൽ കുമാറിൽ നിന്ന് ലൈം​ഗികാതിക്രമം നേരിട്ടതായി വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കാമ്പസ്സിലേക്ക് തിരിച്ചു വരികയും പഠന പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. കടുത്ത മാനസിക ബുദ്ധിമുട്ടുകൾ മൂലം 2023 ജൂണിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വിദ്യാർത്ഥിനി. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിക്ക് ഹോസ്റ്റൽ റൂം നിഷേധിക്കപ്പെടുന്നത്.

കാമ്പസ്സിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റിയില്ല, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം നിൽക്കാനാകില്ലല്ലോ: വിദ്യാർത്ഥിനി

പുറത്ത് പേയിങ് ഗസ്റ്റായാണ് ഞാനിപ്പോൾ നിൽക്കുന്നത്. അതിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. പലപ്പോഴും സ്കൂൾ ഓഫ് ഡ്രാമയിലെ പ്രാക്ടിസ് രാത്രിയായിരിക്കും. ഇവിടെ നിന്നും കാമ്പസിലേക്ക് കൃത്യസമയത്ത് എത്തിച്ചേരാനാകില്ല. അങ്ങനെ വരുമ്പോൾ കാമ്പസിലുള്ളവർ എനിക്ക് വേണ്ടി വെയ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം മനസിലാക്കിയാണ് എന്റെ ബാച്ചിലെ മറ്റ് കുട്ടികൾ എന്നെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കഴിയണമെന്നാണ് ഡോക്ടർമാർ എന്നോട് ആവശ്യപ്പെട്ടിരുന്നത്. ഞാനൊരു പെൺകുട്ടിയായത് കൊണ്ടാണോ ഡോക്ടർമാർ ഇങ്ങനെ പറഞ്ഞതെന്ന് സംശയമുണ്ട്. ഞാൻ മറ്റ് സൈക്യാട്രിസ്റ്റുകളോട് സംസാരിച്ചപ്പോൾ പ്രായപൂർത്തിയായ ഒരു കുട്ടിയുടെ കാര്യത്തിൽ അങ്ങനെ നിർദേശിക്കേണ്ടതില്ലെന്നാണ് അവർ പറഞ്ഞത്. രക്ഷിതാക്കളോടൊപ്പം നിൽക്കാൻ ബിദ്ധിമുട്ടുണ്ടെന്ന് ഡോക്ടറെ അറിയിച്ചിരുന്നു. രണ്ടാഴ്ച്ച താമസിച്ച് നോക്കാനാണ് പറഞ്ഞത്. ആദ്യം നൽകിയ മെഡിക്കൽ റിപ്പോർട്ടിലായിരുന്നു ഇക്കാര്യങ്ങൾ. ആ സൈക്യാട്രിസ്റ്റിന് കീഴിൽ ഞാൻ ഒട്ടും ഓക്കേ ആയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തിയ ആളെ ഹോസ്റ്റലിൽ നിന്ന് മാറ്റി നിർത്തണമെന്ന് നിയമമുണ്ട് എന്നാണ് ക്യാമ്പസ് അധികൃതർ എന്നെ അറിയിച്ചത്.

ഞാനൊരു പ്രായപൂർത്തിയായ കുട്ടിയാണ്. എവിടെ താമസിക്കണം എന്ന് ഞാൻ മാത്രമാണ് തീരുമാനിക്കേണ്ടത്. എല്ലാ കുട്ടികളും രക്ഷിതാക്കളുടെ അടുത്ത് നിൽക്കാൻ കഴിയുന്ന അവസ്ഥയിലായിരിക്കണമെന്നില്ലല്ലോ. കഴിഞ്ഞ കുറെ കാലമായി ഞാൻ ഒറ്റയ്ക്ക് തന്നെയാണ് നിൽക്കുന്നത്. ഈ കാമ്പസിൽ ഒരു ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി പോലും ഇല്ല. സർവ്വകലാശാലയുടെ ഐ.സി.സി മാത്രമേ ഉള്ളു. കാമ്പസ്സിൽ ഒരു പ്രശ്നമുണ്ടായാൽ എവിടെയാണ് പരാതിപ്പെടേണ്ടത് എന്നുപോലും ഞങ്ങൾക്ക് അറിയില്ല.

സുനിൽ കുമാറിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായതിന് ശേഷം ക്യാമ്പസ്സിന് പുറത്ത് സമാനമായ പല സംഭവങ്ങളും പിന്നീടും ഉണ്ടായിരുന്നതായി വിദ്യാർത്ഥിനി പറയുന്നു. ഇത് കടുത്ത മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി. നിലവിലെ മാനസിക ബുദ്ധിട്ടുകൾ മൂലമാണ് ജൂണിൽ ആത്മഹത്യാശ്രമമുണ്ടായതെന്നും വിദ്യാർത്ഥിനി. ഏറ്റവും കംഫർട്ടബിളായ സ്പേസ് ആണ് ഹോസ്റ്റൽ മുറിയെന്നും അത് കൊണ്ടാണ് മാറ്റി നിർത്തൽ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും വിദ്യാർത്ഥിനി. കാമ്പസിന്റെ സൽപ്പേരിനെക്കുറിച്ച് മാത്രമാണ് അധികൃതർ ചിന്തിക്കുന്നത്, തന്റെ മാനസികാവസ്ഥയും ബുദ്ധിമുട്ടും അവരുടെ പരി​ഗണനാ വിഷയമാകുന്നില്ലെന്നും വിദ്യാർത്ഥിനി.

യൂണിവേഴ്സിറ്റി ചട്ടം പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് കാമ്പസ് ഡയറക്ടർ അഭിലാഷ് പിള്ളയും ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്രീജിത് രമണനും ആവർത്തിക്കുന്നു. ആശുപത്രി വിട്ടതിന് പിന്നാലെ ഓൺ റിക്വസ്റ്റ് ഡിസ്ചാർജിന്റെ വിവരങ്ങൾ വിദ്യാർത്ഥിനി നൽകിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഹോസ്റ്റൽ റൂം അനുവദിക്കാനാകില്ല, അതാണ് യൂണിവേഴ്സിറ്റിയും അറിയിച്ചിരിക്കുന്നതെന്നും അഭിലാഷ് പിളള.

യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ട്: അഭിലാഷ് പിള്ള (ക്യാമ്പസ് ഡയറക്ടർ)

രണ്ടാമത്തെ തവണയാണ് ഈ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. അതിന് ശേഷം ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നതിന് അതിന്റേതായ നിയമവശങ്ങളുണ്ട്. ആശുപത്രി വിട്ടതിന് അടുത്ത ദിവസം തന്നെ ഓൺ റിക്വസ്റ്റ് ഡിസ്ചാർജിന്റെ വിവരങ്ങൾ ആ കുട്ടി കൈമാറിയിരുന്നു. എന്നാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നമുക്ക് അഡ്മിറ്റ് ചെയ്യാൻ കഴിയില്ല. അതാണ് യൂണിവേഴ്സിറ്റി നമ്മളോട് പറയുന്നത്. എന്നാൽ കുട്ടിയെ കാമ്പസ്സിനകത്ത് തന്നെ നിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വീണ്ടും ലഭ്യമായ വിവരങ്ങൾ എല്ലാം ഞങ്ങൾ യൂണിവേഴ്‌സിറ്റിക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട്. അത് യൂണിവേഴ്സിറ്റി ഒന്നുകൂടി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇങ്ങനെ ഒരു കേസ് ആയതുകൊണ്ട് ആ കുട്ടി ആദ്യം ഒരു മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സഹായമെടുക്കുകയാണ് വേണ്ടത്. ഈ കുട്ടിക്ക് വൈദ്യസഹായവും രക്ഷിതാക്കളുടെ സാന്നിധ്യവും ആവശ്യമുണ്ട്. ആ കുട്ടിയുടെ പഠനം മുടങ്ങരുത് എന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു ബ്രേക്ക് ആ കുട്ടിക്ക് ആവശ്യമുണ്ട്. മാറ്റി നിർത്താനുള്ള നിയമം ഹോസ്റ്റൽ ബൈ ലോയിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ നിയമപ്രകാരം മാത്രമാണ് കാര്യങ്ങൾ ചെയ്തത്.

കുട്ടിയെ ഹോസ്റ്റലിൽ നിന്ന് മാറ്റി നിർത്തിയ തീരുമാനം യൂണിവേഴ്സിറ്റി വഴിയാണ് എടുക്കുന്നത് എന്നും ക്യാമ്പസ് മാത്രമായി എടുത്ത തീരുമാനമല്ല എന്നും അഭിലാഷ് പിള്ള. ഈ കുട്ടിയെ ഡിസ്ചാർജ് ചെയ്തുകൊണ്ട് നൽകിയ റിപ്പോർട്ടിൽ കുട്ടിയുടെ കൂടെ എപ്പോഴും ഏറ്റവും അടുപ്പമുള്ള ഒരാൾ ഉണ്ടാകണം എന്ന് എഴുതിയിട്ടുണ്ടെന്നും അഭിലാഷ് പിള്ള ദ ക്യുവിനോട് പറഞ്ഞു.

ഒരിക്കലും പഠനം ഉപേക്ഷിക്കേണ്ട അവസ്ഥ ആ വിദ്യാർത്ഥിനിക്ക് ഉണ്ടാകരുത് എന്നാണ് തങ്ങളുടെ പരി​ഗണനയെന്ന് ഡിപ്പാർട്മെന്റ് മേധാവി ശ്രീജിത്ത് രമണൻ ദ ക്യുവിനോട് പറഞ്ഞു.

കുട്ടിയുടെ രക്ഷിതാക്കളെ ഉത്തരവാദിത്വം ഏൽപ്പിച്ച് എങ്ങനെയെങ്കിലും ഈ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കണമെന്നാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും ശ്രീജിത്ത് രമണൻ.

ഈ കുട്ടിക്ക് നാളെ എന്തെങ്കിലും സംഭവിച്ചാൽ ഈ ജനങ്ങൾ മുഴുവൻ തിരിയുന്നത് ഞങ്ങൾക്കെതിരെയായിരിക്കും. നിങ്ങൾ എന്തുകൊണ്ട് വേണ്ടപ്പെട്ടവരെ അറിയിച്ചില്ല, ഈ കുട്ടിക്ക് ആവശ്യമായ ശ്രദ്ധ എന്തുകൊണ്ട് നൽകിയില്ല എന്ന് ചോദിച്ച് ആളുകൾ നമ്മളെ ആക്രമിക്കും. ഈ കുട്ടി അസാധാരണമായ മികവുള്ള കുട്ടിയാണ്. അങ്ങനെ ഒരാൾ നഷ്ടപ്പെട്ടു പോകുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല.
ശ്രീജിത്ത് രമണൻ

വിദ്യാർത്ഥിനിയും, വിദ്യാർത്ഥിനിയെ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും നൽകിയ അപേക്ഷകൾ ലഭ്യമായ മെഡിക്കൽ രേഖകൾക്കൊപ്പം സർവ്വകലാശാലയ്ക്ക് അയച്ചതായും ശ്രീജിത് രമണൻ. അന്തിമമായ തീരുമാനം സർവകലാശാലയുടേതാണെന്നും ശ്രീജിത്ത്.

പകൽ സമയത്ത് ക്ലാസ്സിന്റെ ഇടവേളകളിൽ ഹോസ്റ്റൽ റൂം ഉപയോഗിക്കാനുള്ള അനുമതി കുട്ടിക്ക് നൽകിയിട്ടുണ്ട്, അതിനപ്പുറം നിലവിൽ മറിച്ചൊന്നും ചെയ്യാനാകില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. വിദ്യാർത്ഥിനിയുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് തങ്ങൾ കൈക്കൊള്ളുന്നതെന്നും അധികൃതർ.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT