Special Report

ലെെം​ഗികാതിക്രമ പരാതിയില്‍ നടപടിയില്ല, ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്ല; SRFTI വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍. അസ്സോസിയേറ്റ് പ്രൊഫെസ്സറിനെതിരെയുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ ഇരുനൂറിലധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിലും, ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ത്ഥിനിക്ക് വിമന്‍സ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കാത്തതിലും എതിരെയാണ് പ്രതിഷേധം.

വിഷയത്തിൽ വിദ്യാർഥികൾ ജൂണ്‍ അഞ്ചു മുതല്‍ ക്ലാസ്സുകള്‍ മുടക്കി പ്രതിഷേധിച്ചിരുന്നു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ക്ലാസുകളിലേക്ക് മടങ്ങിയെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി അഥവാ ഐ.സി.സി-യുടെ ചെയര്‍പേഴ്സണ്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ പ്രസ്തുത വ്യക്തിയെ ആ സ്ഥാനത്ത് നിന്നും മാറ്റണം എന്നതുമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെ ആവശ്യമെന്നും എസ്ആര്‍എഫ്ടിഐ സ്റ്റുഡന്റ്സ് യൂണിയന്‍ അംഗം ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എന്താണ് സംഭവിക്കുന്നത്?

സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോളേജ് അസ്സോസിയേറ്റ് പ്രൊഫെസ്സറിനെതിരെ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ ലൈം​ഗികാതിക്രമ പരാതിയിൽ അധികൃതരുടെ അനാസ്ഥയില്‍ പ്രതികരിച്ചാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. പരാതിയില്‍ ഐ.സി.സി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക സാക്ഷിമൊഴി ഒഴിവാക്കി എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കുറ്റാരോപണ വിധേയനായ അധ്യാപകനെ കോളേജ് പരിസരങ്ങളില്‍ കാണുന്നത് പരാതിക്കാരിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നറിയിച്ചിട്ടും കോളേജ് അധികൃതര്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടിട്ടില്ല എന്നും സ്റ്റുഡന്റ്സ് യൂണിയന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത സ്റ്റുഡന്റ്സ് യൂണിയന്‍ വൈസ് പ്രസിഡന്റിനെ കുറ്റാരോപിതനായ അധ്യാപകന്‍ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന മറ്റു വിദ്യാര്‍ത്ഥികളെ അപഹസിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റൊരു പരാതിയില്‍ കുറ്റാരോപിതനായ സീനിയര്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ പരിസരത്ത് നിന്നും വിലക്കിയിരുന്നെങ്കിലും അയാള്‍ സ്ഥിരമായി ഹോസ്റ്റല്‍ പരിസരത്ത് കാണപ്പെടാറുണ്ടെന്നും ഇത് പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യപരമായ ചിന്തകളിലേക്ക് തള്ളിവിടുന്നുവെന്നും വാര്‍ത്ത കുറിപ്പില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഐ.സി.സി യില്‍ പരാതി നല്‍കിയാല്‍ തൊണ്ണൂറ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നതാണ് നിയമം. എന്നാല്‍ പരാതി നല്‍കി 214 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പല കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുകയാണ്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അധികൃതര്‍ ഉത്തരം നല്‍കാന്‍ മടിക്കുകയാണ് ഉണ്ടായത് എന്നും വിദ്യാര്‍ത്ഥികള്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഐസിസിയുടെ ചെയര്‍പേഴ്സണും, ഗ്രീവന്‍സ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണും ഒരാളാണ്. പത്തു വര്‍ഷം മുന്‍പ് തൊട്ട് തന്നെ അവര്‍ക്ക് എതിരെ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇടക്ക് അവര്‍ സസ്പെന്‍ഡഡും ആയിരുന്നു. എന്നിട്ടും വീണ്ടും ക്യാമ്പസില്‍ വന്നതാണ്. നിരുത്തരവാദിത്തപരമായ പെരുമാറ്റം തുടരുകയായിരുന്നു. ഇപ്പോള്‍ ഫസ്റ്റ് ഇയര്‍ ബാച്ചും അവര്‍ക്കെതിരെ പരാതി ഉന്നയിച്ചപ്പോഴാണ് കഴിഞ്ഞ വെള്ളിയാഴ്ച അഡ്മിന്‍ ഗ്രീവന്‍സ് കമ്മിറ്റിയില്‍ നിന്നും, അക്കാഡമിക്‌സില്‍ നിന്നും ആ വ്യക്തിയെ പുറത്താക്കിക്കൊണ്ട് നടപടി കൈക്കൊണ്ടത്. പക്ഷെ ഇപ്പോഴും അവര്‍ ഐസിസി ചെയര്‍പേഴ്സണ്‍ ആയി തുടരുകയാണ്.
സ്റ്റുഡന്റ്സ് യൂണിയന്‍ അംഗം ദ ക്യുവിനോട്

അധ്യാപകനെതിരായ പരാതി ക്രിമിനല്‍ കുറ്റമായിരുന്നിട്ട് കൂടി ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അതൊരു മൈനര്‍ ഒഫന്‍സ് ആയാണ് കാണിച്ചത്. അതുകൊണ്ട് തന്നെ ഡയറക്ടര്‍ക്ക് ആ പരാതിയില്‍ നടപടികള്‍ എടുക്കാന്‍ സാധിച്ചില്ലെന്നും പിന്നീട് ആരോപണ വിധേയനായ അധ്യാപകനെ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും അഡ്മിനിലേക്ക് മാറ്റുകയാണ് ഉണ്ടായത്. എന്നാല്‍ ചെറിയ ക്യാമ്പസ് ആയതുകൊണ്ടു തന്നെ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് പലയിടങ്ങളിലും വച്ച് തന്റെ ഹറാസറെ കാണേണ്ടി വരുന്നുണ്ടെന്നും അതവരില്‍ മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നും സ്റ്റുഡന്റ്സ് യൂണിയന്‍ അംഗം കൂട്ടിച്ചേര്‍ത്തു.

പരാതി നല്‍കുന്ന ഓരോരുത്തരെയും വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് അധികൃതര്‍ പെരുമാറുന്നതെന്ന് എസ് ആർ.എഫ്.ടി.ഐ വിദ്യാര്‍ത്ഥി നവീന്‍ ദ ക്യുവിനോട് പറഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്നതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല എന്നും നവീന്‍ പറയുന്നു.

ഇരുനൂറ് ദിവസത്തില്‍ കൂടുതല്‍ ആയി കെട്ടികിടക്കുന്ന കേസുകളെ കുറിച്ച് ചോദിക്കാന്‍ ചെല്ലുമ്പോള്‍, ചെല്ലുന്നവരെ മാനിപ്പുലേറ്റ് ചെയ്ത്, എന്തെങ്കിലും ചെറിയ കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഗവണ്മെന്റ് കാര്യങ്ങള്‍ ആണ്, ലീഗല്‍ പ്രശ്‌നങ്ങള്‍ ഉണ്ട് തുടങ്ങിയ ന്യായീകരണങ്ങളാണ് അവര്‍ നിരത്തുന്നത്.
നവീന്‍, സെക്കന്റ് ഇയർ ആനിമേഷൻ സിനിമ വിഭാഗം വിദ്യാർത്ഥി

ഈ വിഷയത്തിന് ഒപ്പം മറ്റൊരു വലിയ പ്രശ്‌നമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനിയായ സീന സാഗറിന്റെ ഹോസ്റ്റല്‍ അഡ്മിഷനുമായി ബന്ധപ്പെട്ടതാണ്. ദളിത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനിയായ സീന സാഗറിന് വിമന്‍സ് ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു മാസം പിന്നിട്ടിട്ടും നടപടികള്‍ ഉണ്ടായില്ല എന്നതാണ്. വിമന്‍സ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കാന്‍ പ്രൊവിഷനില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് യുണിയൻ അം​ഗം ദ ക്യുവിനോട് പറഞ്ഞു. വേണമെങ്കില്‍ മെന്‍സ് ഹോസ്റ്റലില്‍ എവിടെയെങ്കിലും ഒരു റൂം തരാം എന്നാണ് അവരുടെ നിലപാട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ വിമന്‍സ് ഹോസ്റ്റലില്‍ തന്നെ അഡ്മിഷന്‍ കിട്ടിയേക്കാം, എന്നാല്‍ ഇതുവരെയും രേഖാമൂലമുള്ള ഒരു മറുപടി അധികൃതര്‍ നല്‍കിയിട്ടില്ലായെന്നും സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗം പറഞ്ഞു.

സീന സാഗര്‍, പ്രതിഷേധത്തില്‍ നിന്ന്
ഹോസ്റ്റല്‍ അഡ്മിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് അധികൃതര്‍, 'നിന്നെ പോലെയുള്ളവര്‍ക്ക് എങ്ങനെയാണ് ഗേള്‍സ് ഹോസ്റ്റല്‍ അനുവദിച്ചു തരിക' എന്നു ചോദിച്ച് കളിയാക്കി. ക്യാമ്പസിന് പുറത്ത് സീന സാഗര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, സുരക്ഷയില്ലായ്മയും പാടെ അവഗണിക്കുന്ന രീതിയിലാണ് അധികൃതര്‍ പെരുമാറുന്നത്.
വാര്‍ത്താക്കുറിപ്പില്‍ നിന്ന്

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍

★ നിലവിലുള്ള ഐസിസി പിരിച്ചുവിട്ട് പുതിയ ഐസിസി രൂപീകരിക്കുക..

★ യുജിസി നിയമാവലി പ്രകാരം ഐസിസിയില്‍ വിദ്യാര്‍ഥിപ്രതിനിധിയെക്കൂടെ ഉള്‍പ്പെടുത്തുക.

★ഐസിസി നിയമങ്ങള്‍ ലംഘിക്കുന്ന കുറ്റാരോപിതനായ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.

★ നിലവിലെ ഐസിസി ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍. ഒയ്ന്‍ഡ്രില്ല ഹസ്ര പ്രതാപിനെതിരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിക്കുക.

★കുറ്റക്കാരനായ അസ്സോസിയേറ്റ് പ്രൊഫെസ്സറെ ജോലിയില്‍ നിന്നും പിരിച്ചു വിടുക.

★ സീന സാഗറിന് എത്രയും പെട്ടന്ന് വിമന്‍സ് ഹോസ്റ്റലില്‍ തന്നെ പ്രവേശനം നല്‍കുക. ട്രാന്‍സ് പോളിസി രൂപീകരിക്കുക.

പ്രതിഷേധം തുടങ്ങിയതിന് ശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നുണ്ട്, എന്നാല്‍ നിലവിലെ ഐസിസി അധികൃതരുടെ അനാസ്ഥ കാരണം നിയമ നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ് സ്റ്റുഡന്റ്സ് യൂണിയന്‍ അഭിപ്രായപ്പെടുന്നത്. പ്രതിഷേധം തുടങ്ങി നാലാം ദിവസം തന്നെ ഡീന്‍, രജിസ്ട്രാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ തയ്യാറായെങ്കില്‍പ്പോലും ആവശ്യങ്ങള്‍ക്ക് ഒന്നും തന്നെ ഒരുറപ്പും നല്‍കിയിട്ടില്ല. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നിലപാട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT