Special Report

‘ശ്രീകൃഷ്ണജയന്തിക്ക് മാംസം വില്‍ക്കണ്ട’; അഞ്ചലില്‍ ഏഴ് വര്‍ഷമായി തുടരുന്ന സംഘ്പരിവാര്‍ വിലക്ക്; ഹോട്ടലും മീറ്റ്‌സ്റ്റാളും അടച്ചിട്ടു

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

കൊല്ലം അഞ്ചലില്‍ ആര്‍എസ്എസ് ആക്രമണം ഭയന്ന് ഇറച്ചിക്കടകളും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും അടച്ചിട്ട് ഉടമകള്‍. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മാംസവും മാംസാഹാരവും വില്‍ക്കരുതെന്ന സംഘ്പരിവാര്‍ ഭീഷണി ഇക്കൊല്ലം ബേക്കറികളിലും എത്തി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ചിക്കന്‍ വില്‍ക്കരുതെന്ന് പറഞ്ഞതിനാല്‍ തുറന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കട തല്ലിത്തകര്‍ത്ത അനുഭവമുള്ളതിനാലാണ് അടച്ചിട്ടതെന്നും അഞ്ചലിലെ ബിസ്മില്ല ചിക്കന്‍ സ്റ്റാള്‍ ഉടമ അന്‍ഷാദ് 'ദ ക്യൂ'വിനോട് പറഞ്ഞു.

അഞ്ചല്‍ ടൗണിലെ കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയിട്ട് 7-8 വര്‍ഷമായി. ആരും പ്രതികരിക്കുന്നില്ല. തലേദിവസം അവര് വന്നിട്ട് നാളെ തുറക്കാന്‍ പറ്റത്തില്ല, തുറന്നാല്‍ പ്രശ്‌നമാകും എന്നു പറയും. കഴിഞ്ഞ വര്‍ഷം ഹോട്ടലുകളില്‍ കയറി ബീഫ് വില്‍ക്കാന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തി.
അന്‍ഷാദ്

അന്‍ഷാദ് പറഞ്ഞത്

“വ്യാഴാഴ്ച്ച വൈകിട്ട് ഒരു മൂന്ന് പേര്‍ കടയില്‍ വന്നു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ഒരു കോഴിയെ പോലും കട്ട് ചെയ്യരുതെന്ന് പറഞ്ഞു. 12-13 ചിക്കന്‍ സ്റ്റാളുകളുണ്ട് അഞ്ചല്‍ ടൗണില്‍. ഒട്ടുമിക്കവയും മുസ്ലീംസ് നടത്തുന്നവയാണ്.

കഴിഞ്ഞ വര്‍ഷം ആര്‍എസ്എസുകാര്‍ എന്റെ കട അടിച്ചു തകര്‍ത്തു. നാട്ടില്‍ തന്നെയുള്ളവരാണ്. ഉത്സവത്തിന്റെ പിരിവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിരിവ് കൊടുത്തിരുന്നു. ദീപാലങ്കാരത്തിന് വേറെ പിരിവുണ്ട് അതിന് പണം തരണമെന്ന് പറഞ്ഞ് വന്നു. കൊടുക്കാന്‍ തയ്യാറായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരമായതുകൊണ്ട് തിരക്കായിരുന്നു. നാളെത്തരാം എന്നു പറഞ്ഞപ്പോള്‍ അവര്‍ ടേബിളില്‍ അടിച്ച് ഇപ്പോള്‍ തന്നെ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. അവരെ ഇറക്കിവിട്ടു. അവര്‍ പോയി ശാഖയിലുണ്ടായിരുന്ന എല്ലാവരേയും വിളിച്ചുകൊണ്ടുവന്നു. വടിയൊക്കെയായി വന്ന് എല്ലാം അടിച്ചുതകര്‍ത്തു. രാത്രി ഫാമില്‍ കോഴിയെ എടുക്കാനായി പോകാന്‍ നിന്ന രണ്ട് സ്റ്റാഫുകളെ പിടിച്ച് അടിച്ചു. ഞാന്‍ ആ സമയത്ത് വീട്ടിലായിരുന്നു. കേസ് കൊടുത്തു. 4-5 പേര്‍ റിമാന്‍ഡിലായി.

അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ ആര്‍എസ്എസിന്റെ കാര്യാലയമുണ്ട്. ഇന്നലെ എന്റെ സ്റ്റാള്‍ തുറന്നില്ല. അവര്‍ കൂട്ടത്തോടെയാകും വരിക. അവര്‍ വേറൊന്നും നോക്കില്ലല്ലോ. നമുക്ക് അങ്ങനെ പറ്റത്തില്ല. ആരും പ്രതികരിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ആരും ഒന്നും പറയില്ല.”

കുറച്ച് പേര്‍ മാത്രമാണ് എതിര്‍ത്ത് സംസാരിക്കുന്നതെന്നും കടയുടമകള്‍ക്ക് ജനങ്ങളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ പിന്തുണയില്ലെന്നും അഞ്ചല്‍ സ്വദേശിയായ മഹേഷ് ഷാജഹാന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.

2013 മുതലാണ് ഭീഷണി ആരംഭിച്ചത്. ആദ്യം മാംസാഹാരം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥനയുടെ രീതിയില്‍ പറഞ്ഞു. പിറ്റേ വര്‍ഷം ടോണ്‍ മാറി. പിന്നെ ചിക്കന്‍ സ്റ്റാളുകളും ബീഫ് സ്റ്റാളുകളും അടപ്പിക്കുന്നതിലേക്ക് എത്തി. മിക്ക കടളും നടത്തുന്നത് മുസ്ലീംകളാണ്. ശ്രീകൃഷ്ണ ജയന്തിയുടെ തലേ ദിവസം എല്ലാ കടകളിലും കയറി. ബേക്കറിയില്‍ കയറി മുട്ട പഫ്‌സ് പോലും കൊടുക്കരുതെന്ന് പറഞ്ഞു. പുറമേ അഭ്യര്‍ത്ഥനയായി തോന്നുമെങ്കിലും കടക്കാരോട് ഭീഷണിയാണ് നടത്തുക. കഴിഞ്ഞ വര്‍ഷം ഒരു ചിക്കന്‍ സ്റ്റാള്‍ അവര്‍ അടിച്ചുതകര്‍ത്തു. അഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് ആയൂരില്‍ ആര്‍എസ്എസ് നേതാവിന്റെ കട ഇന്നലെ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.
മഹേഷ് ഷാജഹാന്‍

ഇങ്ങനെയൊക്കെ സംസാരിക്കുന്നതുകൊണ്ട് താനിപ്പോള്‍ അവരുടെ നോട്ടപ്പുള്ളിയാണ്. പേരിനൊപ്പം ഷാജഹാന്‍ എന്നുള്ളതുകൊണ്ട് മുസ്ലീമാണെന്ന് അവര്‍ കരുതിയിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി നേതാവ് മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ കേസ് കൊടുത്തെന്നും മഹേഷ് ചൂണ്ടിക്കാട്ടി.

അഞ്ചലിലെ ബേക്കറിയില്‍ ഇന്നലെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് ഉടമ നോണ്‍ വെജ് ആഹാരം നല്‍കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായിരുന്നു. അഞ്ചലിലെ മാംസാഹാരവിലക്ക് യാഥാര്‍ത്ഥ്യമാണെന്ന് മനസിലായത് അനുഭവമുണ്ടായപ്പോഴാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കസ്റ്റമര്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ആറ്-ആറരയോടെയാണ് സംഭവം. അഞ്ചല്‍ കുരിശുംമൂട് ജംഗ്ഷനിലെ റോയല്‍ ബേക്കറിയില്‍ ചെന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്തു. ശ്രീകൃഷ്ണ ജയന്തി ആയതുകൊണ്ട് ആറരയ്ക്ക് ശേഷമേ നോണ്‍വെജ് തരാന്‍ പറ്റൂ എന്ന് പറഞ്ഞു.
കസ്റ്റമര്‍

ഇങ്ങനൊരു സമ്പ്രദായം നമ്മുടെ നാട്ടില്‍ ഇല്ലല്ലോയെന്നും ആദ്യമായിട്ടാണ് ഇങ്ങനയൊരു അനുഭവമെന്നും പറഞ്ഞു. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബങ്ങള്‍ പലരും ഇറങ്ങിപ്പോകുന്നുണ്ട്. ഇത് കേരളമാണ്. ഉത്തരേന്ത്യയല്ല. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നെല്ലാം പറഞ്ഞ ശേഷം ഇറങ്ങി. ബേക്കറിയുടമ പിന്നാലെ വന്ന് ഭീഷണിയുടെ കാര്യം പറഞ്ഞു. പൊലീസില്‍ അറിയിച്ചപ്പോള്‍ പരമാവധി പ്രശ്‌നം ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും സിസി ടിവി ദൃശ്യങ്ങള്‍ അവര്‍ കൊണ്ടുപോയെന്നും ബേക്കറിയുടമ ഞങ്ങളോട് പറയുകയുണ്ടായി.

നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ്. ഇങ്ങനൊരു സംഭവം നടക്കുന്നുണ്ടെന്ന കാര്യം പുറത്തുവരണം. നോണ്‍ വെജ് ഭക്ഷണം കിട്ടുന്ന പകുതിയോളം കടകളാണ് ഇന്നലെ അടച്ചിട്ടത്. ഫേസ്ബുക്കിലും വാട്‌സാപ്പിലും കണ്ടിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനൊന്നും നടക്കില്ലല്ലോ എന്നാണ് കരുതിയിരുന്നതെന്നും കസ്റ്റമര്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT