കണ്ണൂര്‍ നടുവിലില്‍ മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള മൈതാനം ആര്‍എസ്എസിന്റെ പഥസഞ്ചലനത്തിനായി വിട്ടുകൊടുത്തെന്ന് ആരോപണം. ഒക്ടോബര്‍ ഏഴിന് ആര്‍എസ്എസ് ആലക്കോട് ഖണ്ഡ് നടത്തിയ റൂട്ട് മാര്‍ച്ചിനോട് അനുബന്ധിച്ചാണ് വിവാദം. പഥസഞ്ചലനത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിന് ആര്‍എസ്എസില്‍ നിന്നും വാടക വാങ്ങി സ്ഥലം വിട്ടുകൊടുത്തെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. പ്രവാസികളായ ലീഗ് പ്രവര്‍ത്തകരുടെ കെഎംഎസിസി കൂട്ടായ്മയിലൂടെ പത്ത് ലക്ഷം രൂപ വീതം ഓഹരിയായി പിരിച്ചുവാങ്ങിയ സ്ഥലത്ത് സംഘ്പരിവാര്‍ വേദിയൊരുക്കിയെന്ന് വാര്‍ത്തകള്‍ വന്നതോടെ പ്രതിഷേധവുമായി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് നടുവില്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് കൂട്ടമായി കത്തെഴുതി അയച്ചതിന്റെ പിറ്റേന്നാണ് മുസ്ലീം ലീഗ് ആര്‍എസ്എസിന് വേദി നല്‍കിയതെന്ന് സിപിഐഎം നടുവില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജേഷ് 'ദ ക്യു'വിനോട് പ്രതികരിച്ചു.
രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ആര്‍എസ്എസിന് വേദിയൊരുക്കിക്കൊടുക്കുന്നത് എന്തിനാണെന്ന് ലീഗ് പ്രവര്‍ത്തകരോട് ചോദിച്ചു. ആലോചിച്ചു തന്നെ ഗ്രൗണ്ട് വിട്ടുനല്‍കിയതാണെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നെന്നുമാണ് അവര്‍ നല്‍കിയ മറുപടി. ഇതാണ് മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ബോധ്യം.രാജേഷ്
ആര്‍എസ്എസ് പരിപാടി നടത്തിയ സ്ഥലം ലീഗിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥലമല്ലെന്നാണ് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ആര്‍എസ്എസ് പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്ന് മുസ്ലീ ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞി 'ദ ക്യു'വിനോട് പറഞ്ഞു.
29 പേരടങ്ങുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ പേരിലുള്ള സ്ഥലമാണ്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അല്ലാത്തവരും ആ കൂട്ടത്തിലുണ്ട്. മുസ്ലീം ലീഗിന് ആ സ്ഥലവുമായി ബന്ധമില്ല. ആര്‍എസ്എസിന് സ്ഥലം വാടകയ്ക്ക് കൊടുത്തത് ലീഗ് നേതൃത്വം അറിഞ്ഞിട്ടില്ല.മുഹമ്മദ് കുഞ്ഞി
ഒരു വര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് കെഎംസിസി പരിപാടി നടത്തിയതിന് ശേഷം മൈതാനത്തെ കെഎംസിസി ഗ്രൗണ്ട് എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നുണ്ട്. 'നടുവില്‍ സഖാക്കള്‍', 'മുസ്ലീം ലീഗ് നടുവില്‍', 'കെഎംസിസി നടുവില്‍' എന്നീ പേരുകളില്‍ വ്യാജ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ചിലര്‍ പ്രചാരണം നടത്തുകയാണ്. കുപ്രചരണങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും ലീഗ് ആരോപിച്ചു.
നടുവിലുള്ള ലീഗ് പ്രവര്‍ത്തകരുടെ പേര് വെച്ചു കൊണ്ട് ബിജെപി പ്രവര്‍ത്തകരെ അവഹേളിക്കുന്ന രീതിയിലടക്കം മെസ്സേജുകള്‍ ടൈപ് ചെയ്ത്, സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കി, ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് വര്‍ഗീയ കലാപത്തിനും, രാഷ്ട്രീയ സംഘര്‍ഷത്തിനും ഒരുകൂട്ടര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.മുഹമ്മദ് കുഞ്ഞി
'കുപ്രചരണങ്ങള്‍' നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുസ്ലീം ലീഗ് കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം